

AUKUS പദ്ധതിയുടെ ഭാഗമായി ആണവശക്തിയിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളിൽ നിന്ന് വികിരണം ചോർന്നാൽ പെർത്ത് മേഖലയിലെ ജനങ്ങൾക്ക് അയോഡിൻ ഗുളികകൾ വിതരണം ചെയ്യുകയോ വീടുകളിൽ സുരക്ഷിതമായി കഴിയാൻ നിർദേശം നൽകുകയോ ചെയ്യുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ അധികൃതരുടെ അടിയന്തര പദ്ധതി. വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഹസാർഡ് പ്ലാൻ ഓഗസ്റ്റിലാണ് പ്രസിദ്ധീകരിച്ചത്. 2027 മുതൽ പെർത്തിന്റെ തെക്ക് ഭാഗത്തുള്ള HMAS Stirling നാവിക താവളത്തിലൂടെ അമേരിക്കൻ, ബ്രിട്ടീഷ് ആണവ അന്തർവാഹിനികളുടെ വിന്യാസം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പദ്ധതി തയ്യാറാക്കിയത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലിൽ നിന്നോ അന്തർവാഹിനിയിൽ നിന്നോ റേഡിയോ ആക്ടീവ് അയോഡിൻ അല്ലെങ്കിൽ ഗാമാ വികിരണം ചോർന്നാൽ സ്വീകരിക്കേണ്ട നടപടികളാണ് പദ്ധതിയിൽ വിശദീകരിക്കുന്നത്.
ആണവ അപകടമുണ്ടായാൽ ദേശീയ, സംസ്ഥാന തലങ്ങളിലെ സിവിലിയൻ, സൈനിക ഏജൻസികൾ ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. എന്നാൽ പ്രതികരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന ഏജൻസിയായി Australian Radiation Protection and Nuclear Safety Agency (ARPANSA) പ്രവർത്തിക്കും. വികിരണ ചോർച്ചയുണ്ടായാൽ കാറ്റിന്റെ ദിശയിൽ കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ വളർത്തുന്ന പച്ചക്കറികൾക്കും അവിടെ മേയുന്ന പശുക്കളുടെ പാലിനും റേഡിയോ ആക്ടീവ് മലിനീകരണ സാധ്യതയുണ്ടെന്ന് പദ്ധതിയിൽ മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും റിയാക്ടർ കോറിൽ നിന്ന് റേഡിയോ ആക്ടീവ് വസ്തുക്കൾ ചോരുന്ന സാഹചര്യങ്ങളാണ് പദ്ധതി പരിശോധിക്കുന്നത്. അതേസമയം, അതീവ ഗുരുതരമായ റിയാക്ടർ മെൽട്ട്ഡൗൺ പോലുള്ള സാഹചര്യവും പരിഗണിച്ചിട്ടുണ്ട്. ഓരോ കപ്പലിനും ഒരു വർഷത്തിൽ ഒരു കോടിയിൽ ഒരാൾക്കുള്ള സാധ്യത മാത്രമാണ് ഇത്തരമൊരു അപകടത്തിനുള്ളതെന്നാണ് കണക്കാക്കുന്നത്.
അപകടസാധ്യത വളരെ കുറവാണെങ്കിലും ആവശ്യമെങ്കിൽ ബാധിതർക്ക് നൽകുന്നതിനായി പെർത്തിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ പൊട്ടാസ്യം അയോഡൈഡ് (KI) ഗുളികകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. റേഡിയോ ആക്ടീവ് അയോഡിൻ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്യുന്നത് തടയുന്നതിനുള്ള ഹ്രസ്വകാല അടിയന്തര നടപടിയായാണ് പൊട്ടാസ്യം അയോഡൈഡ് ഗുളികകൾ ഉപയോഗിക്കുന്നതെന്ന് ARPANSA വ്യക്തമാക്കുന്നു. അതേസമയം, ആണവ യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന റിയാക്ടറുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഹസാർഡ് പ്ലാനിൽ വിശദീകരിച്ചിട്ടുണ്ട്. റിയാക്ടർ കോർ പൊട്ടിത്തെറിക്കുന്നത് ഭൗതികമായി അസാധ്യമാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആണവ അന്തർവാഹിനി വിന്യാസത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ നേരത്തെയും ഉയർന്നിരുന്നു. ജൂണിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നടന്ന AUKUS പബ്ലിക് ഇൻക്വയറിയിൽ മുൻ പെർത്ത് പബ്ലിക് ഹെൽത്ത് മേധാവി കോളിൻ ഹ്യൂസ് സർക്കാരിന്റെ അടിയന്തര തയ്യാറെടുപ്പുകളെ വിമർശിച്ചിരുന്നു.
എന്നാൽ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഊർജമന്ത്രി ആംബർ-ജേഡ് സാൻഡേഴ്സൺ വലിയ അപകടസാധ്യതയെ തള്ളിക്കളഞ്ഞു. “ഇത്തരമൊരു പ്രതികൂല സംഭവം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇതുവരെ അത്തരമൊരു അപകടസംഭവം ഉണ്ടായിട്ടില്ല,” അവർ വ്യക്തമാക്കി.