കർഷകർ വളപ്രയോഗം മാറ്റിയത് ഗ്രേറ്റ് ബാരിയർ റീഫിലെ ജലഗുണനിലവാരം മെച്ചപ്പെടുത്തിയെന്ന് പഠനങ്ങൾ

കഴിഞ്ഞ 30 വർഷത്തിലേറെയായി കർഷകർ നൈട്രജൻ, ഫോസ്ഫറസ് വളങ്ങളുടെ ഉപയോഗം ഗണ്യമായി കുറച്ചതായി ഗവേഷകർ കണ്ടെത്തി.
വളപ്രയോഗം കുറച്ചത് ഗ്രേറ്റ് ബാരിയർ റീഫിന്റെ ജലഗുണം മെച്ചപ്പെടുത്തി
ഏകദേശം 40 വർഷത്തെ വിവരങ്ങളാണ് പരിശോധിച്ചത്.
Published on

ഗ്രേറ്റ് ബാരിയർ റീഫിലേക്ക് ഒഴുകിയെത്തുന്ന നദികളിലെ ജലഗുണനിലവാരം മെച്ചപ്പെട്ടതിന് പിന്നിൽ കർഷകർ വളപ്രയോഗ രീതികളിൽ വരുത്തിയ മാറ്റങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് രണ്ട് പുതിയ പഠനങ്ങൾ. CSIRO, ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി (JCU) എന്നിവിടങ്ങളിലെ ഗവേഷകരുടെ സഹകരണത്തോടെ നടത്തിയ പഠനങ്ങളിലാണ് പതിറ്റാണ്ടുകളായുള്ള വിവരങ്ങൾ പരിശോധിച്ച് ഈ ബന്ധം കണ്ടെത്തിയത്. ഗ്രേറ്റ് ബാരിയർ റീഫിന്റെ വിവിധ നദീതടങ്ങളിൽ ജലഗുണനിലവാരം മെച്ചപ്പെട്ടതായി ഒരു പഠനം കണ്ടെത്തി. മറ്റൊരു പഠനം പ്രത്യേകിച്ച് കരിമ്പ് കൃഷിയിടങ്ങളിൽ സിന്തറ്റിക് വളങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി രേഖപ്പെടുത്തി. JCU TropWATER ഗവേഷകനായ ആരോൺ ഡേവിസ് പറയുന്നത്, രണ്ട് പഠനങ്ങളുടെയും കണ്ടെത്തലുകൾ തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി കർഷകർ നൈട്രജൻ, ഫോസ്ഫറസ് വളങ്ങളുടെ ഉപയോഗം ഗണ്യമായി കുറച്ചതായി ഗവേഷകർ കണ്ടെത്തി. ഇതോടൊപ്പം നദീതടങ്ങളുടെ താഴ്ഭാഗത്ത് ജലത്തിലെ ലയിച്ച അജൈവ നൈട്രജന്റെ അളവിലും വ്യക്തമായ കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

100 വർഷത്തെ വളപ്രയോഗ വിവരങ്ങൾ

വളപ്രയോഗത്തെക്കുറിച്ചുള്ള പഠനത്തിനായി 100 വർഷം വരെയുള്ള വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഗ്രേറ്റ് ബാരിയർ റീഫ് ക്യാച്ച്മെന്റ് മേഖലയിലെ വിവിധ നദീതടങ്ങളിൽ സിന്തറ്റിക് നൈട്രജൻ, ഫോസ്ഫറസ് വളങ്ങൾ ഉപയോഗിച്ച അളവുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നോ രണ്ടോ പതിറ്റാണ്ടിനിടെ ഭൂരിഭാഗം നദീതടങ്ങളിലും നൈട്രജൻ, ഫോസ്ഫറസ് വളപ്രയോഗത്തിൽ 25 മുതൽ 50 ശതമാനം വരെ കുറവ് ഉണ്ടായതായി പഠനം കണ്ടെത്തി.

അതേസമയം, CSIRO ഗവേഷക റെബേക്ക ബാർട്ട്ലിയുടെ നേതൃത്വത്തിലുള്ള ജലഗുണനിലവാര പഠനത്തിൽ ഏകദേശം 40 വർഷത്തെ വിവരങ്ങളാണ് പരിശോധിച്ചത്. ഒൻപത് നിരീക്ഷണ കേന്ദ്രങ്ങളിലെ ജലഗുണനിലവാരം പരിശോധിച്ചപ്പോൾ അവയിൽ 75 ശതമാനത്തിലും മെച്ചപ്പെട്ട ജലഗുണനിലവാരം കണ്ടെത്തി. ഈ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശം ന്യൂസിലാൻഡിന്റെ വലുപ്പത്തിന് തുല്യമായ വലിയ മേഖലയാണെന്നും ഗവേഷകർ വ്യക്തമാക്കി.

വളപ്രയോഗം കുറച്ചത് ഗ്രേറ്റ് ബാരിയർ റീഫിന്റെ ജലഗുണം മെച്ചപ്പെടുത്തി
മെച്ചപ്പെട്ട ജലഗുണനിലവാരം റീഫിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കാലാവസ്ഥാ വ്യതിയാനവും ആവർത്തിച്ചുള്ള പവിഴപ്പുറ്റ് ബ്ലീച്ചിങ്ങുമാണ് നിലവിൽ ഗ്രേറ്റ് ബാരിയർ റീഫ് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഗവേഷകർ പറയുന്നു. മെച്ചപ്പെട്ട ജലഗുണനിലവാരം റീഫിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ബ്ലീച്ചിങ്, പവിഴരോഗങ്ങൾ തുടങ്ങിയ സംഭവങ്ങൾക്ക് ശേഷം പവിഴപ്പുറ്റുകൾ വേഗത്തിൽ വീണ്ടെടുക്കാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വെള്ളപ്പൊക്കം പോലുള്ള ഇടയ്ക്കിടെയുണ്ടാകുന്ന സംഭവങ്ങൾക്കിടയിലും ദീർഘകാല ജലഗുണനിലവാര പ്രവണതകൾ തിരിച്ചറിയാൻ പഠനം സഹായിച്ചതായി ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക് അതോറിറ്റിയുടെ ചീഫ് സയന്റിസ്റ്റ് റോജർ ബീഡൻ പറഞ്ഞു. ദീർഘകാല നിരീക്ഷണം സംരക്ഷണ പ്രവർത്തനങ്ങളിൽ എത്രത്തോളം പ്രധാനമാണെന്നും പഠനം വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വളപ്രയോഗ സമയത്തിലും മാറ്റം

ജലാശയങ്ങളിലേക്ക് പോഷകങ്ങൾ ഒഴുകിയെത്തുന്നത് കുറയ്ക്കുന്നതിനായി കരിമ്പ് കർഷകർ വളപ്രയോഗത്തിന്റെ സമയത്തിലും രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കെയിൻസിന് സമീപമുള്ള കരിമ്പ് കർഷകനായ നീൽ മൈറ്റ്‌ലാൻഡ് പറയുന്നത്, പ്രദേശത്ത് കനത്ത വേനൽമഴ ആരംഭിക്കുന്നതിന് മുമ്പ് വളപ്രയോഗത്തിന്റെ സമയം കൃത്യമായി ക്രമീകരിക്കുന്നത് നിർണായകമാണെന്നാണ്. സിന്തറ്റിക് വളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി അദ്ദേഹം സൺ ഹെംപ് ഉൾപ്പെടെയുള്ള കവർ ക്രോപ്പുകളും ഉപയോഗിക്കുന്നുണ്ട്. ഇവ മണ്ണിലേക്ക് സ്വാഭാവികമായി നൈട്രജൻ തിരികെ എത്തിക്കാൻ സഹായിക്കുന്നു. വളപ്രയോഗം കുറച്ചതിലൂടെ പരിസ്ഥിതിക്ക് ഗുണം ലഭിച്ചതിനൊപ്പം കൃഷിച്ചെലവും കുറഞ്ഞുവെന്നും വിളവിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തുള്ള കരിമ്പ് കർഷകനായ ജോൺ ഫെറാൻഡോയും സമാന രീതികൾ സ്വീകരിച്ചിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് കൃഷിയുടെ ഭാവിക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ 2028ൽ UNESCOയ്ക്ക് സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിൽ Reef 2050 ജലഗുണനിലവാര പദ്ധതിയിലെ പുരോഗതിയും ഉൾപ്പെടും. ജലത്തിലെ പോഷക മലിനീകരണത്തിന്റെ ദീർഘകാല പ്രവണതകളും ഈ വിലയിരുത്തലിന്റെ ഭാഗമാകും.

Metro Australia
maustralia.com.au