

‘The Rocky Horror Picture Show’, ‘It’, ‘Clue’, ‘Annie’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടൻ ടിം കറി (80)അന്തരിച്ചു. ചൊവ്വാഴ്ച രാത്രി അമേരിക്കയിൽ വച്ചാണ് താരം മരിച്ചതെന്നാണ് റിപ്പോർട്ട്. ഒരു ദശാബ്ദത്തോളമായി ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി പോരാടിയിരുന്ന കറി ലോസ് ആഞ്ചലസിലെ ടൊലൂക്ക ലേക്കിലുള്ള വീട്ടിലായിരുന്നു അവസാന നിമിഷങ്ങൾ ചെലവഴിച്ചത്. രാത്രി 10.42ഓടെ കറിയുടെ വീട്ടിലേക്ക് ലോസ് ആഞ്ചലസ് ഫയർ ഡിപ്പാർട്ട്‌മെന്റിനെ വിളിച്ചിരുന്നു. സ്ഥലത്തെത്തിയപ്പോൾ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
1946 ഏപ്രിൽ 19ന് ഇംഗ്ലണ്ടിലെ ചെഷയറിലാണ് ടിം കറി ജനിച്ചത്. ബർമിംഗ്ഹാം സർവകലാശാലയിൽ ഇംഗ്ലീഷും നാടകവും പഠിച്ച അദ്ദേഹം ലണ്ടൻ മ്യൂസിക്കലായ ‘Hair’ലൂടെയാണ് ഔദ്യോഗിക അഭിനയജീവിതം ആരംഭിച്ചത്. 1973ൽ റിച്ചാർഡ് ഒബ്രിയന്റെ ‘The Rocky Horror Show’ സ്റ്റേജ് ഷോയിൽ ഡോ. ഫ്രാങ്ക്-എൻ-ഫർട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് കറി ശ്രദ്ധേയനായത്. 1975ലെ സിനിമയായ ‘The Rocky Horror Picture Show’യിലും അദ്ദേഹം ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യകാലത്ത് ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും നിരൂപകരിൽ നിന്ന് മോശം പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചിത്രം ഒരു കൾട്ട് ക്ലാസിക്കായി മാറി. ഡോ. ഫ്രാങ്ക്-എൻ-ഫർട്ടർ എന്ന കഥാപാത്രം കറിയുടെ ഏറ്റവും പ്രശസ്തമായ വേഷമായി മാറുകയും ചെയ്തു. 1982ൽ ‘Annie’യിൽ റൂസ്റ്റർ ഹാനിഗൻ എന്ന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു. ‘Clue’, ‘Home Alone 2: Lost in New York’, ‘The Three Musketeers’, ‘Muppet Treasure Island’, ‘Charlie’s Angels’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
1990ൽ സ്റ്റീഫൻ കിംഗിന്റെ ഹൊറർ നോവലിനെ ആസ്പദമാക്കിയ ടെലിവിഷൻ മിനിസീരീസായ ‘It’ൽ പെനിവൈസ് ദ ക്ലൗൺ ആയി ടിം കറി എത്തി. എന്നാൽ യഥാർഥ ജീവിതത്തിൽ തനിക്ക് കോമാളികളെ ഭയമാണെന്ന് കറി പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2025ൽ പുറത്തിറങ്ങിയ തന്റെ ഓർമക്കുറിപ്പായ ‘Vagabond’ൽ പെനിവൈസിനെ അവതരിപ്പിച്ചത് തനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം എഴുതിയിരുന്നു. സിനിമയ്ക്ക് പുറമെ നാടകവേദിയിലും കറി വലിയ നേട്ടങ്ങൾ കൈവരിച്ചു. ‘Amadeus’, ‘My Favourite Year’, ‘Spamalot’ എന്നീ നാടകങ്ങളിലെ പ്രകടനങ്ങൾക്ക് അദ്ദേഹത്തിന് മൂന്ന് ടോണി അവാർഡ് നാമനിർദേശങ്ങൾ ലഭിച്ചു.
2012ൽ ഉണ്ടായ ഗുരുതരമായ പക്ഷാഘാതത്തെ തുടർന്നാണ് കറിയുടെ ആരോഗ്യനില മോശമായത്. തുടർന്ന് വീൽചെയറിനെ ആശ്രയിക്കേണ്ടി വന്ന അദ്ദേഹം വർഷങ്ങളോളം സിനിമയിലെ സജീവ അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. പക്ഷാഘാതത്തെ തുടർന്ന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ കറി മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തുടരുകയും സംസാരശേഷിയും മുഖഭാവങ്ങളും കൈയുടെ ചലനശേഷിയും വീണ്ടെടുക്കുന്നതിനായി പരിശീലനം നടത്തുകയും ചെയ്തു. സ്ക്രീൻ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന കാലത്ത് അദ്ദേഹം പ്രധാനമായും വോയ്സ് ആക്ടിംഗിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. 2024ലെ ‘Stream’ എന്ന ചിത്രത്തിലൂടെയാണ് 14 വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
നർമ്മവും വില്ലൻ സ്വഭാവവും ഒരുമിച്ചുള്ള വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഹോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ ടിം കറിയുടെ മരണം സിനിമാലോകത്തിന് വലിയ നഷ്ടമായി.