

നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 ഓസ്‌ട്രേലിയക്കാർ ഉൾപ്പെടെ 403 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. കാണാതായവരിൽ 341 പേർ വിദേശ പൗരന്മാരാണ്. നേപ്പാളിലെ റാസുവ, നുവാകോട്ട് ജില്ലകളിലും സമീപ പ്രദേശങ്ങളിലുമാണ് പ്രളയം വലിയ നാശനഷ്ടം വിതച്ചത്. കാണാതായവരിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. ടൂറിസം ബോർഡ് വക്താവ് സുനിൽ ശർമയുടെ വിവരമനുസരിച്ച്, തിബറ്റിലെ ഹിന്ദുക്കളുടെ പുണ്യസ്ഥലമായ കൈലാസ് പർവതത്തിലേക്ക് തീർഥാടനത്തിന് പോയ 133 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. കൂടാതെ 47 അമേരിക്കക്കാർ, 34 ഓസ്‌ട്രേലിയക്കാർ, 33 ബ്രിട്ടീഷ് പൗരന്മാർ, 24 കാനഡക്കാർ എന്നിവരെയും കാണാതായതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഓസ്‌ട്രേലിയൻ എംബസി ദുഃഖം രേഖപ്പെടുത്തി. നേപ്പാളിലെ ഓസ്‌ട്രേലിയൻ അംബാസഡർ സൈമൺ ഏൺസ്റ്റ് ഉൾപ്പെടെ ഫിൻലൻഡ്, ഫ്രാൻസ്, നോർവേ, സ്വിറ്റ്സർലൻഡ്, യുകെ എന്നീ രാജ്യങ്ങളുടെ എംബസികൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. റാസുവ, നുവാകോട്ട് ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും ദുരന്തബാധിതരായ എല്ലാവർക്കുമൊപ്പം നിലകൊള്ളുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാധിത പ്രദേശങ്ങളിലുള്ളവർ പ്രാദേശിക അധികൃതരുടെ നിർദേശങ്ങളും ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പുകളും കർശനമായി പാലിക്കണമെന്നും എംബസി അഭ്യർഥിച്ചു.
34 ഓസ്‌ട്രേലിയക്കാർ ഉൾപ്പെടെ നൂറുകണക്കിന് പേരെ കാണാതായെന്ന വിവരം പുറത്തുവരുന്നതിന് മുമ്പാണ് ഓസ്‌ട്രേലിയൻ എംബസിയുടെ സംയുക്ത പ്രസ്താവന പുറത്തിറങ്ങിയതെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ പൗരന്മാരുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്കായി വിദേശകാര്യ-വ്യാപാര വകുപ്പിനോട് പ്രതികരണം തേടിയിട്ടുണ്ട്.