‌വയോജന പരിചരണത്തിനുള്ള സർക്കാർ അൽഗോരിതം അന്യായമെന്ന് കോമൺവെൽത്ത് ഓംബുഡ്‌സ്മാൻ

മനുഷ്യരുടെ ഇടപെടലില്ലാതെ പരിചരണ സഹായം തീരുമാനിക്കുന്ന സംവിധാനം സുതാര്യമല്ല; നിയമപരമായ പ്രശ്നങ്ങളും ഗുരുതരമെന്ന് അന്വേഷണ റിപ്പോർട്ട്
വയോജന പരിചരണ അൽഗോരിതം അന്യായമെന്ന് ഓംബുഡ്‌സ്മാൻ
Published on: 

ഓസ്‌ട്രേലിയയിൽ വയോജനങ്ങൾക്ക് ലഭിക്കേണ്ട പരിചരണ സഹായത്തിന്റെ തോത് നിർണയിക്കാൻ ഫെഡറൽ സർക്കാർ ഉപയോഗിക്കുന്ന അൽഗോരിതം യുക്തിരഹിതവും അന്യായവുമാണെന്ന് കോമൺവെൽത്ത് ഓംബുഡ്‌സ്മാന്റെ അന്വേഷണ റിപ്പോർട്ട്. തീരുമാനങ്ങളെടുക്കുന്നതിൽ മതിയായ മനുഷ്യ ഇടപെടലില്ലെന്നും സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുജനങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ സംവിധാനങ്ങളിലെ ഓട്ടോമേറ്റഡ് തീരുമാനങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്ന റോബോഡെറ്റ് റോയൽ കമ്മീഷന്റെ ശുപാർശകളും പാലിക്കപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വയോജന പരിചരണവുമായി ബന്ധപ്പെട്ട അൽഗോരിതത്തിന്റെ പ്രവർത്തനരീതിയിൽ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്നും കോമൺവെൽത്ത് ഓംബുഡ്‌സ്മാൻ ഇയാൻ ആൻഡേഴ്സൺ ഗാർഡിയൻ ഓസ്‌ട്രേലിയയോട് പറഞ്ഞു.

സർക്കാരിന്റെ നിർബന്ധിത ഇന്റഗ്രേറ്റഡ് അസസ്‌മെന്റ് ടൂൾ (IAT) ഉപയോഗിച്ച് വീട്ടിൽ ലഭിക്കേണ്ട പരിചരണ സഹായം വിലയിരുത്തിയ ചില വയോജനങ്ങൾക്ക് ആവശ്യമായ പിന്തുണ ലഭിക്കാതെ വരികയും അവർ മാനസികമായി വിഷമത്തിലാകുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അന്വേഷണം നടത്തിയത്. അൽഗോരിതം നിർദേശിക്കുന്ന സഹായ പാക്കേജ് തെറ്റാണെന്ന് വ്യക്തമായാലും അത് തിരുത്താൻ വയോജന പരിചരണ വിലയിരുത്തൽ ഉദ്യോഗസ്ഥർക്ക് നിലവിൽ അധികാരമില്ല. നിയമപ്രകാരം, വൈദ്യശാസ്ത്രപരമായ ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്ത തീരുമാനങ്ങൾ പോലും ഉദ്യോഗസ്ഥർക്ക് നേരിട്ട് മാറ്റാനാകില്ലെന്ന് 104 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

Also Read
ആംബുലൻസിനായി കാത്തിരുന്നത് 80 മിനിറ്റ്; ടാസ്മാനിയയിൽ ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു
വയോജന പരിചരണ അൽഗോരിതം അന്യായമെന്ന് ഓംബുഡ്‌സ്മാൻ

അൽഗോരിതം നൽകുന്ന വിവരങ്ങളെ എങ്ങനെയാണ് അന്തിമ തീരുമാനങ്ങളാക്കി മാറ്റുന്നതെന്ന് വിശദീകരിക്കുന്ന അർഥവത്തായ പൊതുവിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതിനാൽ IAT ഒരു ‘സാങ്കേതിക ബ്ലാക്ക് ബോക്‌സ്’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ന്യായവും സ്ഥിരതയുമുള്ള വിലയിരുത്തൽ സംവിധാനമാണിതെന്ന് വിശ്വസിക്കാൻ പൊതുജനങ്ങൾക്ക് മതിയായ കാരണമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അൽഗോരിതം ഉൾപ്പെടുത്തിയത് സംബന്ധിച്ച് സംവിധാനത്തിന്റെ രൂപകൽപ്പനയിൽ പങ്കെടുത്തവർക്കുപോലും വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്ന് നേരത്തേ ഗാർഡിയൻ ഓസ്‌ട്രേലിയ റിപ്പോർട്ട് ചെയ്തിരുന്നു. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ, സംവിധാനം നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് നിയമം മനുഷ്യരുടെ ഇടപെടലിലൂടെ തീരുമാനങ്ങൾ തിരുത്തുന്നതിന് തടസ്സമാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായും വെളിപ്പെടുത്തി. തുടർന്ന് ആരോഗ്യവകുപ്പിനുള്ളിൽ ആശങ്കകളും അടിയന്തര ബദൽ നടപടികളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

വയോജന പരിചരണ അൽഗോരിതം അന്യായമെന്ന് ഓംബുഡ്‌സ്മാൻ
The commonwealth ombudsman, Iain Anderson. (AP)

“ഒരു പ്രത്യേക രീതിയിലാണ് സംവിധാനം പ്രവർത്തിക്കുകയെന്ന് വകുപ്പ് ആളുകളോട് പറയുകയും അതിന്റെ പതിപ്പുകൾ കാണിക്കുകയും ചെയ്തശേഷം അവസാന നിമിഷം മാറ്റം വരുത്തിയത് ഏറെ ആശങ്കാജനകമാണ്,” എന്ന് ആൻഡേഴ്സൺ പറഞ്ഞു. വിലയിരുത്തൽ നടത്തുന്ന ഉദ്യോഗസ്ഥരുടെ യോഗ്യതയും വൈദഗ്ധ്യവും നിർണായകമാണെങ്കിലും, കരാറുകളിലെ ഗുണനിലവാര നിയന്ത്രണങ്ങൾ വകുപ്പ് കൃത്യമായി നടപ്പാക്കിയില്ലെന്നും നിർബന്ധിത ക്ലിനിക്കൽ യോഗ്യതകൾ ഉദ്യോഗസ്ഥർക്കുണ്ടോയെന്ന് പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. തെറ്റായ തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള വ്യക്തമായ മാർഗമില്ലെന്ന ആശങ്ക അൽഗോരിതം നടപ്പാക്കുന്നതിന് മുമ്പുതന്നെ മുതിർന്ന ഉദ്യോഗസ്ഥർ ഉന്നയിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു. നിലവിലുള്ള പുനഃപരിശോധനാ നടപടികളിലൂടെ അൽഗോരിതത്തിന്റെ തീരുമാനങ്ങൾ ശരിവയ്ക്കാൻ മാത്രമേ കഴിയൂ എന്ന ആശങ്കയും ആഭ്യന്തര ഇമെയിലുകളിൽ രേഖപ്പെടുത്തിയിരുന്നു.

റോബോഡെറ്റ് റോയൽ കമ്മീഷൻ മുന്നോട്ടുവച്ച സുതാര്യതാ ശുപാർശകൾ സർക്കാർ പാലിച്ചിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി. സർക്കാർ ഓട്ടോമേറ്റഡ് തീരുമാനങ്ങളോ കൃത്രിമബുദ്ധി സംവിധാനങ്ങളോ ഉപയോഗിക്കുമ്പോൾ, വ്യക്തികളെ ഗൗരവമായി ബാധിക്കുന്ന തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നതെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ വിവരങ്ങൾ നൽകണമെന്ന് റോയൽ കമ്മീഷൻ നിർദേശിച്ചിരുന്നു. അൽഗോരിതത്തിന്റെ തെറ്റായ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ ആരോഗ്യ-വയോജന പരിചരണ വകുപ്പ് ജൂലൈയിൽ പുതിയ നടപടിക്രമം പ്രഖ്യാപിച്ചിരുന്നു. തെറ്റായ തീരുമാനങ്ങൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനും പുനഃപരിശോധന ആവശ്യപ്പെടാനും ഇതിലൂടെ അവസരമുണ്ട്. എന്നാൽ, ക്ലിനിക്കൽ ആവശ്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾ വിലയിരുത്തൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് തിരുത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ സംവിധാനം മതിയാകുമോയെന്ന ആശങ്ക ആൻഡേഴ്സൺ പ്രകടിപ്പിച്ചു.

Also Read
മൈനിംഗ് ക്യാമ്പുകളിൽ വലിയ കട്ടിലുകളും സ്വന്തം എസിയും; പുതിയ മാർഗ്ഗരേഖ
വയോജന പരിചരണ അൽഗോരിതം അന്യായമെന്ന് ഓംബുഡ്‌സ്മാൻ

വയോജനങ്ങളുടെ ആവശ്യങ്ങൾ വിലയിരുത്തുന്ന നിയമങ്ങളും അൽഗോരിതത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളും സമഗ്രമായി പുനഃപരിശോധിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. “അൽഗോരിതം തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നതെന്ന് അറിയാൻ കഴിയുന്നില്ലെങ്കിൽ അവയെ എങ്ങനെയാണ് ചോദ്യം ചെയ്യാൻ കഴിയുക?” എന്ന് ആൻഡേഴ്സൺ ചോദിച്ചു. ഗുരുതരമായ നിയമപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അവ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അൽഗോരിതം രൂപപ്പെടുത്തിയ നിയമചട്ടക്കൂടിലെ പ്രധാന ഘടകങ്ങൾ ആരോഗ്യവകുപ്പിന് മനസ്സിലായിരുന്നില്ലെന്നും ഇപ്പോഴും ചില കാര്യങ്ങളിൽ വ്യക്തതയില്ലായിരിക്കാമെന്നും ഓംബുഡ്‌സ്മാൻ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ പ്രതികരണം തേടി ഓസ്‌ട്രേലിയൻ ആരോഗ്യ-വയോജന പരിചരണ വകുപ്പിനെ ബന്ധപ്പെട്ടതായി ഗാർഡിയൻ ഓസ്‌ട്രേലിയ അറിയിച്ചു.

Metro Australia
maustralia.com.au