ആംബുലൻസിനായി കാത്തിരുന്നത് 80 മിനിറ്റ്; ടാസ്മാനിയയിൽ ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു

'പ്രയോറിറ്റി വൺ' വിഭാഗത്തിൽ ഉൾപ്പെടുന്ന അതീവ ഗുരുതരമായ കേസായിട്ടും സമയത്തിന് ആംബുലൻസ് എത്തിക്കാനായില്ല.
Ambulance
ആംബുലൻസ് Pulse Tasmania
Published on: 

ഹോബാർട്ട്: ജീവനക്കാരുടെ ക്ഷാമം മൂലം ആംബുലൻസ് എത്താൻ ഏകദേശം 80 മിനിറ്റ് വൈകിയതിനെ തുടർന്ന് ടാസ്മാനിയയുടെ വെസ്റ്റ് കോസ്റ്റിൽ അടിയന്തര ചികിത്സ ലഭിക്കാതെ അറുപതുകാരൻ മരിച്ചു. ശനിയാഴ്ച സീഹാൻ (Zeehan) മേഖലയിൽ വെച്ച് കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം എമർജൻസി നമ്പറായ ട്രിപ്പിൾ സീറോയിലേക്ക് (000) വിളിച്ചത്. 'പ്രയോറിറ്റി വൺ' വിഭാഗത്തിൽ ഉൾപ്പെടുന്ന അതീവ ഗുരുതരമായ കേസായിട്ടും സമയത്തിന് ആംബുലൻസ് എത്തിക്കാനായില്ല.

ഡ്യൂട്ടി റോസ്റ്ററിലെ ജീവനക്കാരുടെ കുറവ് കാരണം അന്ന് സീഹാനിലെ പ്രാദേശിക ആംബുലൻസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നില്ല. തൊട്ടടുത്തുള്ള സ്ട്രഹാൻ (Strahan), ക്വീൻസ്ടൗൺ എന്നിവിടങ്ങളിലെ ആംബുലൻസുകൾ മറ്റ് അടിയന്തര കോളുകളിലുമായിരുന്നു. തുടർന്ന് 140 കിലോമീറ്റർ അകലെയുള്ള ബേണിയിൽ (Burnie) നിന്നാണ് ആംബുലൻസ് അയച്ചത്. വിളിച്ച് 78 മിനിറ്റിന് ശേഷം ആംബുലൻസ് സ്ഥലത്തെത്തിയപ്പോഴേക്കും രോഗി മരണപ്പെട്ടിരുന്നു. നെഞ്ചുവേദനയുമായി വിളിക്കുന്ന ഒരാൾക്ക് 10 മിനിറ്റിനകം ചികിത്സ ഉറപ്പാക്കേണ്ട സ്ഥാനത്താണ് ഇത്രയും വലിയ കാലതാമസം ഉണ്ടായതെന്നും, സ്ഥിരം പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയൻ (HACSU) കുറ്റപ്പെടുത്തി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ടാസ്മാനിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ബജറ്റ് വെട്ടിച്ചുരുക്കലുകളാണ് ആരോഗ്യരംഗത്തെ ഇത്തരം ദാരുണമായ മരണങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷ ലേബർ പാർട്ടി എംപി എല്ല ഹദ്ദാദ് ആരോപിച്ചു. രണ്ടാഴ്ച മുമ്പ് ഹോബാർട്ടിലും സമാനമായ രീതിയിൽ ആംബുലൻസ് വൈകിയതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു ദുരന്തം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Metro Australia
maustralia.com.au