മൈനിംഗ് ക്യാമ്പുകളിൽ വലിയ കട്ടിലുകളും സ്വന്തം എസിയും; പുതിയ മാർഗ്ഗരേഖ

രാജ്യത്തെ എൺപതിനായിരത്തോളം വരുന്ന ഫിഫോ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വിശ്രമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന കൃത്യമായ മാനദണ്ഡങ്ങളാണ് പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൈനിംഗ് ക്യാമ്പുകളിൽ വലിയ കട്ടിലുകളും സ്വന്തം എസിയും; പുതിയ മാർഗ്ഗരേഖ
Credit: Justin Benson-Cooper/The West Australian
Published on: 

പെർത്ത്: ഓസ്‌ട്രേലിയയിലെ ഖനന മേഖലകളിൽ ജോലി ചെയ്യുന്ന ഫ്ളൈ-ഇൻ, ഫ്ളൈ-ഔട്ട് (FIFO) തൊഴിലാളികളുടെ ക്യാമ്പുകളിലെ ജീവിതനിലവാരവും സ്വകാര്യതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ കരട് മാർഗ്ഗരേഖയുമായി വെസ്റ്റേൺ ഓസ്‌ട്രേലിയൻ വർക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മീഷൻ. രാജ്യത്തെ എൺപതിനായിരത്തോളം വരുന്ന ഫിഫോ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വിശ്രമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന കൃത്യമായ മാനദണ്ഡങ്ങളാണ് പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തൊഴിലാളികളുടെ മുറികളിൽ കിംഗ് സിംഗിൾ വലിപ്പമുള്ള ഗുണനിലവാരമുള്ള കിടക്കകൾ, സ്വന്തമായി നിയന്ത്രിക്കാവുന്ന എയർ കണ്ടീഷണറുകൾ, മേശ, കസേര, യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, ബ്ലാക്ക്ഔട്ട് ബ്ലൈൻഡുകൾ എന്നിവ ഉറപ്പാക്കണം. മുറികളിലെ കുടിവെള്ളം 24 ഡിഗ്രി സെൽഷ്യസിലോ അതിൽ താഴെയോ തണുപ്പിച്ചതായിരിക്കണം. തൊഴിലാളിയുടെ മുൻകൂർ അനുമതിയില്ലാതെ മുറികളിൽ കയറുന്നതിനും, അപ്രതീക്ഷിതമായി റൂം പരിശോധനകൾ (Random room searches) നടത്തുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തി. ഒരേ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരെ ഒരേ ബ്ലോക്കുകളിൽ താമസിപ്പിക്കണമെന്നും, പകൽ ഉറങ്ങുന്ന രാത്രി ഷിഫ്റ്റുകാർക്ക് ശബ്ദശല്യം ഉണ്ടാകാത്ത വിധം മെസ്സ് ഹാളുകളിൽ നിന്നും അലക്കു കേന്ദ്രങ്ങളിൽ നിന്നും മാറ്റി മുറികൾ ക്രമീകരിക്കണമെന്നും കരടിൽ വ്യക്തമാക്കുന്നു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക വനിതാ സോണുകൾ, സുരക്ഷിതമായ ആക്‌സസ് കാർഡുകൾ വഴി മാത്രം പ്രവേശിക്കാവുന്ന ശൗചാലയങ്ങൾ, കുളിമുറികൾ എന്നിവയും ഉറപ്പാക്കണം. ക്യാമ്പുകളുടെ ഭൗതികമായ രൂപകൽപ്പന തൊഴിലാളികളുടെ മാനസികാരോഗ്യത്തെയും ഉത്പാദനക്ഷമതയെയും നേരിട്ട് ബാധിക്കുന്നുണ്ടെന്നും, ഇത്തരം മാറ്റങ്ങൾ ഖനന കമ്പനികൾക്ക് വരുമാന വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ആർക്കിടെക്ചറൽ സോഷ്യോളജിസ്റ്റ് ഡോ. ജാക്ക് ടൂലി ചൂണ്ടിക്കാട്ടി. പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം നിർബന്ധിതമല്ലാത്ത ഈ മാർഗ്ഗരേഖ അടുത്ത വർഷം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Metro Australia
maustralia.com.au