'ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ' നിയമത്തിനെതിരെ ശക്തമായ എതിർപ്പുമായി ട്രംപ് ഭരണകൂടം

അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനികളെ ഈ പുതിയ നിയമത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമം:ട്രംപ് ഭരണകൂടത്തിന്റെ കടുത്ത എതിർപ്പ്
Published on

വാഷിംഗ്ടൺ/മെൽബൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി പുതിയ 'ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ' (Digital Duty of Care) നിയമം കൊണ്ടുവരാനുള്ള ആന്റണി അൽബാനീസ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി ട്രംപ് ഭരണകൂടം. ഈ നിയമം സ്വതന്ത്രമായ ആശയപ്രകടനങ്ങൾ തടയുന്ന "അതിർത്തികൾ കടന്നുള്ള സെൻസർഷിപ്പിന്" (Extraterritorial Censorship) വഴിതുറക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച കരട് നിയമത്തിന്മേൽ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി യുഎസ് എംബസിയാണ് പ്രസ്താവന പുറത്തിറക്കിയത്. അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനികളെ ഈ പുതിയ നിയമത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.

ട്രംപ് ഭരണകൂടം പ്രധാനമായും മൂന്ന് ഘടകങ്ങളിലാണ് തങ്ങളുടെ എതിർപ്പ് അറിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ നിർദ്ദേശിക്കുന്ന രീതിയിൽ അൽഗോരിതങ്ങൾ വഴിയുള്ള കണ്ടന്റുകൾ ഉപയോക്താക്കൾക്ക് സ്വയം തിരഞ്ഞെടുക്കാൻ (Opt-in) അവസരം നൽകുന്നത്, പ്ലാറ്റ്‌ഫോമുകളെ നിയന്ത്രണങ്ങൾ ഭയന്ന് വിവാദപരമായ വിഷയങ്ങൾ തരംതാഴ്ത്താൻ (demote) നിർബന്ധിതരാക്കുമെന്നും ഇത് സ്വതന്ത്ര മാധ്യമപ്രവർത്തകരുടെയും മറ്റും ശബ്ദം അടിച്ചമർത്തുന്ന തരത്തിലുള്ള സെൻസർഷിപ്പിന് വഴിതുറക്കുമെന്നും അമേരിക്ക ആരോപിക്കുന്നു. കൂടാതെ, നിയമത്തിലെ "പ്രതീക്ഷിക്കാവുന്ന ഹാനി" (Foreseeable harm) എന്ന നിർവചനത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടിയ യുഎസ്, ആരാണ് ഇത് തീരുമാനിക്കുന്നതെന്നും തർക്കങ്ങൾ ഉയർന്നാൽ അപ്പീൽ നൽകാൻ അവസരമുണ്ടോ എന്നും ചോദ്യമുയർത്തി. ഇത്തരം ഓസ്‌ട്രേലിയൻ സുരക്ഷാ മാനദണ്ഡങ്ങൾ മറ്റ് രാജ്യങ്ങളും മാതൃകയാക്കിയാൽ അത് ആഗോളതലത്തിൽ ട്രെൻഡാവുകയും, അമേരിക്കൻ ടെക് കമ്പനികളുടെ പ്രവർത്തനങ്ങളെയും യുഎസ് ഉപയോക്താക്കളുടെ അനുഭവങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആശങ്ക.

Also Read
F-35 യുദ്ധവിമാന ഭാഗങ്ങൾ ഹോങ്കോങ്ങിൽ വഴിതിരിച്ച സംഭവം; അന്വേഷണം നടക്കുന്നതായി പ്രതിരോധ മന്ത്രി
ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമം:ട്രംപ് ഭരണകൂടത്തിന്റെ കടുത്ത എതിർപ്പ്

ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമം എന്നാൽ എന്ത്?

സോഷ്യൽ മീഡിയ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് നിർബന്ധമാക്കുന്നതാണ് ഈ ഓസ്‌ട്രേലിയൻ നിയമം. ഇത് പ്രാബല്യത്തിൽ വന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ ആപ്പുകളിൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾക്ക് അനുസരിച്ചുള്ള (Algorithmic feed) കണ്ടന്റുകൾ വേണോ അതോ അവർ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളുടെ കണ്ടന്റുകൾ മാത്രം മതിയോ എന്ന കാര്യത്തിൽ പോപ്പ്-അപ്പ് സന്ദേശത്തിലൂടെ അനുമതി ചോദിക്കേണ്ടി വരും.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് തന്റെ സർക്കാരിന്റെ ടെക് നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയ സമയത്താണ് ട്രംപ് ഭരണകൂടത്തിൽ നിന്ന് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയ കൊണ്ടുവന്ന കൗമാരക്കാർക്കുള്ള സോഷ്യൽ മീഡിയ നിരോധനവും യുഎസ് ടെക് കമ്പനികളുടെ കടുത്ത എതിർപ്പിന് കാരണമായിരുന്നു. സാധാരണയായി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപരമായ വിയോജിപ്പുകൾ രഹസ്യ ചർച്ചകളിലൂടെയാണ് പരിഹരിക്കാറുള്ളത്. എന്നാൽ പരസ്യമായ പ്രസ്താവനയിലൂടെ യുഎസ് നിലപാട് വ്യക്തമാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അപൂർവ്വമായ ഒന്നാണ്.

Metro Australia
maustralia.com.au