F-35 യുദ്ധവിമാന ഭാഗങ്ങൾ ഹോങ്കോങ്ങിൽ വഴിതിരിച്ച സംഭവം; അന്വേഷണം നടക്കുന്നതായി പ്രതിരോധ മന്ത്രി

സംഭവത്തിൽ അമേരിക്കയുമായും F-35 പദ്ധതിയുടെ പ്രധാന കരാറുകാരായ ലോക്ക്ഹീഡ് മാർട്ടിനുമായും ചേർന്ന് ഓസ്‌ട്രേലിയ അന്വേഷണം നടത്തുകയാണെന്ന് മാർൾസ് പറഞ്ഞു.
F-35 യുദ്ധവിമാന ഭാഗങ്ങൾ ഹോങ്കോങ്ങിൽ വഴിതിരിച്ച സംഭവം
Published on

ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കൻ F-35 യുദ്ധവിമാനത്തിന്റെ ചില ഭാഗങ്ങൾ ഹോങ്കോങ്ങിലേക്ക് വഴിതിരിച്ച സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പ്രതിരോധ മന്ത്രി റിച്ചാർഡ് മാർൾസ്. വഴിതിരിച്ച ഭാഗങ്ങൾ അതീവ സുരക്ഷാ പ്രാധാന്യമുള്ളവയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ നിന്ന് പുറപ്പെട്ട F-35 ഭാഗങ്ങളുടെ ഒരു ചരക്ക് ഹോങ്കോങ്ങിലേക്ക് അപ്രതീക്ഷിതമായി വഴിതിരിച്ചുവിട്ടതായി Politico റിപ്പോർട്ട് ചെയ്തിരുന്നു. റഡാർ പ്രതിരോധ സാങ്കേതികവിദ്യയുള്ള വിമാനത്തിന്റെ കനോപ്പിയും ചരക്കിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ചൈനയ്ക്ക് F-35യുടെ സാങ്കേതിക വിവരങ്ങളിലേക്ക് പ്രവേശനം ലഭിച്ചോ എന്ന ആശങ്കയും ഉയർന്നിരുന്നു.

സംഭവത്തിൽ അമേരിക്കയുമായും F-35 പദ്ധതിയുടെ പ്രധാന കരാറുകാരായ ലോക്ക്ഹീഡ് മാർട്ടിനുമായും ചേർന്ന് ഓസ്‌ട്രേലിയ അന്വേഷണം നടത്തുകയാണെന്ന് മാർൾസ് പറഞ്ഞു. ഓസ്‌ട്രേലിയൻ ഭാഗത്ത് സംഭവിച്ചതെല്ലാം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. F-35ന്റെ ആഗോള വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നത് ലോക്ക്ഹീഡ് മാർട്ടിനാണെന്നും മാർൾസ് പറഞ്ഞു. ചരക്ക് സംബന്ധിച്ച അന്തിമ നടപടി അമേരിക്കയും ലോക്ക്ഹീഡ് മാർട്ടിനും ചേർന്നായിരിക്കും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

F-35 യുദ്ധവിമാന ഭാഗങ്ങൾ ഹോങ്കോങ്ങിൽ വഴിതിരിച്ച സംഭവം
Defence Minister Richard Marles

ഓസ്‌ട്രേലിയയ്ക്ക് നിലവിൽ 72 F-35 യുദ്ധവിമാനങ്ങളുണ്ട്. അമേരിക്കയ്ക്ക് പുറമെ കാനഡ, ഡെൻമാർക്ക്, ഇറ്റലി, നെതർലാൻഡ്‌സ്, നോർവേ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായി F-35 സ്പെയർ പാർട്സുകളുടെ ആഗോള ശേഖരം പങ്കിടുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിലിന് സമീപമുള്ള വില്യംടൗണിൽ F-35 സ്പെയർ പാർട്സുകളുടെ ഏഷ്യ-പസഫിക് പ്രാദേശിക സംഭരണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ F-35 വിമാനങ്ങൾക്കും മേഖലയിൽ വിന്യസിക്കുന്ന അമേരിക്കൻ, ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലുകൾക്കും ആവശ്യമായ ഭാഗങ്ങൾ ഇവിടെനിന്ന് വിതരണം ചെയ്യുന്നു.

Also Read
ഒളിമ്പിക് വേദിയുടെ റിപ്പോർട്ടിൽ തെറ്റായ മുതല ദൃശ്യം; ബിബിസി വീഡിയോ നീക്കി
F-35 യുദ്ധവിമാന ഭാഗങ്ങൾ ഹോങ്കോങ്ങിൽ വഴിതിരിച്ച സംഭവം

ലോക്ക്ഹീഡ് മാർട്ടിൻ മറ്റൊരു കമ്പനിയെ ഉപയോഗിച്ചാണ് അമേരിക്കയിലേക്ക് അയക്കേണ്ട ഭാഗങ്ങൾ കയറ്റി അയച്ചതെന്നും അവ ഹോങ്കോങ്ങിൽ എത്തുകയായിരുന്നുവെന്നും Politico റിപ്പോർട്ട് ചെയ്തു. ചരക്ക് വഴിതിരിച്ചുവിട്ടതിന്റെ കാരണമോ നിലവിൽ അത് ആരുടെ കൈവശമാണെന്നോ വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഷിപ്പിങ് നടപടിക്രമങ്ങളെക്കുറിച്ച് സുരക്ഷാ കാരണങ്ങളാൽ പ്രതികരിക്കാനാകില്ലെന്ന് ലോക്ക്ഹീഡ് മാർട്ടിൻ ഓസ്‌ട്രേലിയ അറിയിച്ചു. എന്നാൽ എല്ലാ ചരക്കുകളും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതായും അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ചട്ടങ്ങൾ പാലിക്കുന്നതായും കമ്പനി വ്യക്തമാക്കി.

Metro Australia
maustralia.com.au