

ന്യൂഡൽഹി: ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ആഗോള വ്യോമഗതാഗതം പൂർണ്ണമായും താറുമാറായി. ഇന്ത്യയെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആ പാത വഴി യൂറോപ്പിലേക്കുമുള്ള 410 വിമാനങ്ങളാണ് ഇന്നലെ മാത്രം ഇന്ത്യയിൽ നിന്ന് റദ്ദാക്കിയത്. ഇന്ന് 444 സർവീസുകൾ കൂടി റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഖത്തർ തങ്ങളുടെ വ്യോമപാത അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യുഎഇ വഴിയായതിനാൽ ഈ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.
വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് പരാതികൾ സമർപ്പിക്കാൻ 'എയർസേവ' (AirSewa) പോർട്ടൽ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.