
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം 5 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘മലയാളം വാനോളം, ലാൽസലാം’ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടും.
സാംസ്കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ തൊഴിൽ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.എല്‍.എ മാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുക്കും.
ആദരിക്കൽ ചടങ്ങുകൾക്കു ശേഷം സംവിധായകൻ ടി.കെ. രാജീവ് കുമാർ അവതരിപ്പിക്കുന്ന ‘ആടാം നമുക്ക് പാടാം’ രംഗാവിഷ്കാരം മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും ചേർന്ന് വേദിയിൽ എത്തിക്കും. ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, സിത്താര, ആര്യ ദയാൽ, മഞ്ജരി, ജ്യോത്സന, മൃദുല വാര്യർ, നിത്യ മാമൻ, സയനോര, രാജലക്ഷ്മി, കൽപ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവർ മോഹൻലാൽ സിനിമകളിലെ മെലഡികൾ അവതരിപ്പിക്കും. ഓരോ ഗാനത്തിനും മുൻപായി മോഹൻലാൽ സിനിമകളിലെ നായികമാരായ ഉർവശി, ശോഭന, മഞ്ജു വാര്യർ, പാർവതി, കാർത്തിക, മീന, നിത്യ മേനൻ, ലിസി, രഞ്ജിനി, രമ്യ കൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോൻ, മാളവിക മോഹൻ എന്നിവർ വേദിയിൽ സംസാരിക്കും.
മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ രാജ്യം അംഗീകരിച്ചതിലുള്ള അഭിമാനമാണ് ഈ ആദരിക്കൽ ചടങ്ങ്. മോഹൻലാലിനോടുള്ള കേരളത്തിന്റെ സ്നേഹാദരം കൂടിയാണിത്. വലിയ ജനപങ്കാളിത്തം ആണ് ഈ പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കും.