14 വർഷം നീണ്ട അരിപ്പ ഭൂസമരത്തിന് പരിസമാപ്തി, വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു

35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തി പുരയിടവും നിലവും നല്കും.
 Arippa land dispute
അരിപ്പ ഭൂസമയംPRD
Published on

പുനലൂർ: പതിനാല് വർഷത്തോളം നീണ്ടുനിന്ന പുനലൂർ അരിപ്പ ഭൂസമരത്തിന് പരിഹാരമായി . ദൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പടെ തുടരുന്ന പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചതായി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ വാർത്താ സമ്മേനത്തിൽ അറിയിച്ചു.

പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന 35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയിൽ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും വീതം നൽകും. സമരത്തിലുള്ള 209 എസ് സി കുടുംബങ്ങൾക്ക് 12 സെന്റ് വീതവും ജനറൽ വിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചർച്ചയിൽ അംഗീകരിച്ചത്.

Also Read
കേരളത്തിന് പുതിയ വന്ദേ ഭാരത്: ബെംഗളൂരു യാത്രക്കാർക്ക് വേഗത്തിലെത്താം
 Arippa land dispute

സർക്കാർ വ്യവസ്ഥകൾ സമരക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടൻ കടക്കും. നിലവിൽ ഭൂമി കയ്യേറി കുടിൽ കെട്ടിയാണ് സമരം നടത്തുന്നത് എന്നതിനാൽ, അളന്ന് സെറ്റിൽ ചെയ്യേണ്ടി വരും. ഇതിനായി പുനലൂർ ആർഡിഒയെ സെറ്റിൽമെന്റ് ഓഫീസറായി നിയോഗിച്ചതായി മന്ത്രി അറിയിച്ചു. സർവെ നടപടിക്രമങ്ങൾ തിങ്കളാഴ്ച്ച ആരംഭിച്ച്, പത്ത് ദിവസത്തിനകം പൂർത്തിയാക്കുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും റവന്യു വകുപ്പ് മന്ത്രി പറഞ്ഞു. 2026 ജനുവരിയിൽ പുതുവർഷ സമ്മാനമായി ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുനലൂർ താലൂക്കിലെ തിങ്കൾകരിക്കം വില്ലേജിലെ സർവെ നമ്പർ 745 /1ൽപ്പെട്ട 94 ഏക്കർ സർക്കാർ പുറമ്പോക്ക് കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് തങ്ങൾ കുഞ്ഞ് മുസ്‌ലിയാർ കൈവശം വച്ചിരുന്നു. 1997 ആഗസ്റ്റ് നാലിന് പി എസ് സുപാൽ എംഎൽഎയുടെ ഇടപെടൽ അനുസരിച്ച് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ ഇ ഇസ്മയിലിന്റെ നേതൃത്വത്തിൽ വകുപ്പ് അധികൃതർ ഈ ഭൂമി തിരിച്ചു പിടിച്ചു. സർക്കാർ ഉത്തരവനുസരിച്ച് ഇതിൽ നിന്ന് 13.55 ഏക്കർ കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിനും 21.53 ഏക്കർ ചെങ്ങറ ഭൂസമരക്കാർക്കും കൈമാറി.

Also Read
ടിക്കറ്റ് വരുമാനത്തിൽ 09.41 കോടി രൂപ, കെഎസ്ആർടിസിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ
 Arippa land dispute

ശേഷിക്കുന്ന ഭൂമിയിൽ 2012 ഡിസംബർ 31 ന് മുതൽ ഭൂരഹിതരായ ദളിത്, ആദിവാസി വിഭാഗങ്ങൾ ദീർഘകാല പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ജീവിക്കാനും കൃഷി ചെയ്യാനുമായി ഭൂമി ആവശ്യപ്പെട്ടാണ് 14 വർഷമായി അവർ സമരം തുടർന്നത്. അന്നു മുതൽ സമരം ഒത്തുതീർപ്പാക്കുവാൻ സർക്കാർ ഇടപെടലുകൾ നടന്നിരുന്നു. ആധുനിക സംവിധാനങ്ങളോടെ ഇന്നതനുസരിച്ച് അരിപ്പയിൽ 48.8304 ഏക്കർ ഭൂമി ശേഷിക്കുന്നുണ്ട്. ഇവിടെ തന്നെ പുരയിടവും കൃഷിഭൂമിയും വേണമെന്ന സമരക്കാരുടെ ആവശ്യത്തോടാണ് ഈ സർക്കാർ അനുഭാവ പൂർവമായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. റോഡും കളിസ്ഥലവും ഉൾപ്പടെ പൊതു ആവശ്യം ഒഴിച്ച് 39.9 ഏക്കർ ഭൂമിയാണ് അരിപ്പ ഭൂസമരക്കാർക്ക് അനുവദിക്കുന്നത്. നിരന്തരമായ ഇടപെടലുകളും ചർച്ചകളും നടത്തിയാണ് സന്തോഷകരമായ തീർപ്പിൽ എത്തിയിരിക്കുന്നത്.

ദൂരഹിതരുടെ കാര്യത്തിൽ ഈ സർക്കാർ അനുഭാവ പൂർവമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ചെങ്ങറ ഭൂസമരം തീർപ്പാക്കി നേരത്തേ ഭൂമി വിതരണം ചെയ്തിരുന്നു. താമസ യോഗ്യമല്ല എന്ന പ്രശ്നം ചൂണ്ടിക്കാട്ടി പലരും ആ ഭൂമി ഉപേക്ഷിച്ചു പോയതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവക്ക് വേണ്ടുന്ന ഭൂമി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അന്വേഷിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി അനു എസ് നായർ ഐഎഎസിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പി എസ് സുപാൽ എംഎൽഎയും ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബുവും പങ്കെടുത്തിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au