
യാത്രക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് എത്തുന്നു. പാലക്കാട് വഴി എറണാകുളം - ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി അറിയിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം വളരെക്കാലമായി നിലനിൽക്കുന്നുണ്ട്.
2024 ജൂലൈ 31 നും 2024 ഓഗസ്റ്റ് 26 നും ഇടയിൽ, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 06001/06002 എറണാകുളം-ബെംഗളൂരു കന്‍റോൺമെന്‍റ് സ്പെഷ്യൽ എന്ന പ്രത്യേക വന്ദേ ഭാപത് ട്രെയിൻ റെയിൽവേ ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ഈ സർവീസ് കേരളത്തിനും ബെംഗളൂരുവിനും ഇടയിലെ യാത്ര സമയം കുറയ്ക്കുകയും മികച്ച യാത്രാനുഭവം നല്കുകയും ചെയ്തിരുന്നു. തുടർന്ന് സർവീസ് നിലനിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടുവെങ്കിലും തുടങ്ങിയില്ല.
ഈ റൂട്ടിലെ മറ്റു ട്രെയിനുകളെ അപേക്ഷിച്ച് അഞ്ച് മണിക്കൂർ വരെ സമയലാഭം വന്ദേ ഭാരതിന് നല്കാൻ സാധിക്കും. ചെയർ കാർ ടിക്കറ്റിന് ഏകദേശം 1,465 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,945 രൂപയുമാണ് നേരത്തേ ഉണ്ടായിരുന്ന നിരക്ക്. ടിക്കറ്റ് നിരക്ക് കൂടുതലായി തോന്നുമെങ്കിലും ആഴ്ചാവസാനങ്ങളിൽ മുവുവൻ സീറ്റുകളും നിറഞ്ഞായിരുന്നു ട്രെയിൻ സർവീസ് നടത്തിയത്.