

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് ഓണത്തിന് താത്കാലിക ശമനം ഉണ്ടായെങ്കിലും വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേയ്ക്കുള്ള കാലാവസ്ഥാ പ്രവചനത്തിലാണ് മുന്നറിയിപ്പുകൾ നല്കിയിട്ടുള്ളത്. ഇന്ന്, ഞായറാഴ്ച കേരളത്തിലൊരിടത്തും മഴ മുന്നറിയിപ്പില്ല.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്. 9-ാം തിയതി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 10 വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/09/2025 മുതൽ 10/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്
ഇന്ന്, ഞായറാഴ്ച അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.