

വിക്ടോറിയ സംസ്ഥാനത്ത് അനധികൃത പുകയില വ്യാപാരം തടയാൻ കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ച് പ്രതിപക്ഷമായ ലിബറൽ പാർട്ടി. നിയമലംഘനം നടത്തുന്ന കടകൾ അടച്ചിടുന്ന കാലാവധി നിലവിലുള്ള 90 ദിവസത്തിൽനിന്ന് 150 ദിവസമായി ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ അറിയിച്ചു. അനധികൃത പുകയില വ്യാപാരവുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ വിക്ടോറിയയിലുടനീളം 300-ലധികം വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ തീകൊളുത്തിയുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു.
നിയമലംഘനം കണ്ടെത്തിയാൽ കടകളിൽനിന്ന് പുകയില ഉൽപ്പന്നങ്ങളും ഇ-സിഗരറ്റുകളും പിടിച്ചെടുക്കാൻ അധികൃതർക്ക് അധികാരം നൽകും. അടച്ചുപൂട്ടൽ ഉത്തരവ് ലഭിക്കുന്ന കടകളുടെ വാടകക്കരാറുകൾ നഷ്ടപരിഹാരം നൽകാതെ അവസാനിപ്പിക്കാൻ കെട്ടിട ഉടമകൾക്കും അധികാരം നൽകും. അനധികൃത പുകയില വിൽക്കുന്നവർക്കും പുകയില ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്കും കടകളിൽ എടിഎം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തും. അനധികൃത പുകയില കടത്തൽ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് (RICO) നിയമപ്രകാരമുള്ള പ്രത്യേക കുറ്റകൃത്യമായി ഉൾപ്പെടുത്താനും പ്രതിപക്ഷം നിർദേശിച്ചിട്ടുണ്ട്. അനധികൃത പുകയില വിൽക്കുന്ന കടകൾ ഏതാനും ആഴ്ചകൾ അടച്ചിട്ടശേഷം വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് വിക്ടോറിയൻ ജനതയ്ക്ക് മടുത്തുവെന്ന് ജെസ് വിൽസൺ പറഞ്ഞു. ലേബർ സർക്കാരിന്റെ ഭരണകാലത്ത് ഇത്തരം കടകളുടെ എണ്ണം വർധിച്ചെന്നും ഇതിന് പിന്നിലുള്ള കുറ്റവാളികൾ വ്യാപാരസ്ഥാപനങ്ങൾക്ക് തീയിടുകയും ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അനധികൃത പുകയില വിൽക്കുന്ന സ്ഥാപനങ്ങൾ 90 ദിവസത്തേക്ക് അടച്ചിടാൻ വിക്ടോറിയയിൽ പുതിയ നിയമം കൊണ്ടുവന്നത്. ഇതിലും കൂടുതൽ കാലത്തേക്ക് അടച്ചിടാൻ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി തേടാൻ പൊലീസിന് നിലവിൽ അധികാരമുണ്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം വിക്ടോറിയ പൊലീസിന്റെ വൈപ്പർ ടാസ്ക്ഫോഴ്സും ടുബാക്കോ ലൈസൻസിങ് വിക്ടോറിയയും ചേർന്ന് 100 കടകൾ അടച്ചുപൂട്ടിയതായി കഴിഞ്ഞ മാസം പൊലീസ് അറിയിച്ചു. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ 40 ലക്ഷത്തിലധികം അനധികൃത സിഗരറ്റുകൾ, 70,000 വേപ്പുകൾ, മൂന്ന് ടൺ പുകയില, ഏകദേശം 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ എന്നിവ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.