

ഓസ്ട്രേലിയൻ ടോയ്ലറ്റ് പേപ്പർ കമ്പനിയായ ‘ഹൂ ഗിവ്സ് എ ക്രാപ്പി’യുടെ (Who Gives A Crap) ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൈബർ സുരക്ഷാ വീഴ്ചയിലൂടെ പുറത്തായിരിക്കാമെന്ന് മുന്നറിയിപ്പ്. കമ്പനിയുടെ ഒരു മൂന്നാംകക്ഷി സേവനദാതാവുമായി ബന്ധപ്പെട്ട സുരക്ഷാ സംഭവത്തിലാണ് വിവരങ്ങൾ ചോർന്നിരിക്കാമെന്ന സംശയം ഉയർന്നത്. വിവരങ്ങൾ ബാധിക്കപ്പെട്ടിരിക്കാമെന്ന് കരുതുന്ന ഉപഭോക്താക്കൾക്ക് ശനിയാഴ്ച കമ്പനി ഇമെയിൽ വഴി അറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, തപാൽ വിലാസങ്ങൾ, കമ്പനിയിൽ ഇതുവരെ ചെലവഴിച്ച ആകെ തുക എന്നിവയാണ് പുറത്തായിരിക്കാവുന്ന വിവരങ്ങൾ. എന്നാൽ പണമിടപാട് വിവരങ്ങളോ ഓർഡർ വിവരങ്ങളോ പാസ്വേഡുകളോ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. വിവരങ്ങൾ ദുരുപയോഗം ചെയ്തതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ നേരിട്ട് ആക്സസ് ചെയ്യപ്പെട്ടിട്ടില്ലെന്നും അവ സുരക്ഷിതമായി തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.
മൂന്നാംകക്ഷി സേവനദാതാവുമായുള്ള ബന്ധം വിച്ഛേദിച്ചു
സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്ന് ബന്ധപ്പെട്ട സേവനദാതാവുമായുള്ള എല്ലാ സിസ്റ്റം ബന്ധങ്ങളും വിച്ഛേദിക്കുകയും ആക്സസ് ക്രെഡൻഷ്യലുകൾ മാറ്റുകയും ചെയ്തതായി കമ്പനി അറിയിച്ചു. എന്നാൽ ഏത് സേവനദാതാവാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതൽ നടപടികൾ ആവശ്യമാണോയെന്ന് പരിശോധിക്കാൻ സേവനദാതാവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ആവശ്യമായ സാഹചര്യത്തിൽ ബന്ധപ്പെട്ട നിയന്ത്രണ അതോറിറ്റികളെയും വിവരമറിയിക്കും.
അപ്രതീക്ഷിതമായി ലഭിക്കുന്ന ഇമെയിലുകൾ, സന്ദേശങ്ങൾ, ഫോൺ കോളുകൾ, തപാൽ സന്ദേശങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കളോട് കമ്പനി നിർദേശിച്ചു. കമ്പനിയിൽനിന്നാണെന്ന് അവകാശപ്പെടുന്ന ആശയവിനിമയങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ പ്രതികരിക്കാവൂ എന്നും മുന്നറിയിപ്പുണ്ട്. കാനഡയിലെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളൊന്നും ഈ സംഭവത്തിൽ പുറത്തായിട്ടില്ലെന്ന് സേവനദാതാവ് അറിയിച്ചതായും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും സാഹചര്യം നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അറിയിച്ചു. ഉപഭോക്താക്കളെ ബാധിക്കുന്ന പുതിയ വിവരങ്ങൾ ലഭിച്ചാൽ അവരെ അറിയിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.