ട്രിപ്പിൾ സീറോ സേവനത്തിൽ തടസ്സം; ഒപ്റ്റസ് ഉപഭോക്താക്കൾക്ക് അടിയന്തര കോൾ ചെയ്യാൻ ബുദ്ധിമുട്ട്

അടിയന്തര സേവന നമ്പറായ 000ൽ ബന്ധപ്പെടാൻ ബുദ്ധിമുട്ട് നേരിട്ട 39 പേരുടെ കാര്യത്തിൽ പൊലീസ് വെൽഫെയർ പരിശോധനകൾ നടത്തി. ഇവരിൽ ആർക്കും പ്രതികൂല സാഹചര്യമുണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നെറ്റ്‌വർക്ക് തകരാർ: ട്രിപ്പിൾ സീറോ അടിയന്തര കോളുകൾ തടസ്സപ്പെട്ടു
ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 1.30നാണ് തകരാർ ആരംഭിച്ചത്. (Getty Images)
Published on

മെൽബൺ: വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, നോർതേൺ ടെറിട്ടറി എന്നിവിടങ്ങളിലെ ഒപ്റ്റസ് ഉപഭോക്താക്കളെ ബാധിച്ച നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നിരവധി ട്രിപ്പിൾ സീറോ (000) അടിയന്തര കോളുകൾക്ക് തടസ്സം നേരിട്ടതായി റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 1.30നാണ് തകരാർ ആരംഭിച്ചത്. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട തടസ്സത്തിനിടെ ചില ഉപഭോക്താക്കൾക്ക് ഫോൺ കോളുകൾ ഇടയ്ക്കിടെ വിച്ഛേദിക്കപ്പെടുന്ന സാഹചര്യമുണ്ടായതായി ഒപ്റ്റസ് അറിയിച്ചു.

അടിയന്തര സേവന നമ്പറായ 000ൽ ബന്ധപ്പെടാൻ ബുദ്ധിമുട്ട് നേരിട്ട 39 പേരുടെ കാര്യത്തിൽ പൊലീസ് വെൽഫെയർ പരിശോധനകൾ നടത്തി. ഇവരിൽ ആർക്കും പ്രതികൂല സാഹചര്യമുണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. നെറ്റ്‌വർക്ക് നിരീക്ഷണ സംവിധാനങ്ങളിലൂടെ തകരാർ കണ്ടെത്തിയ ഉടൻ സാങ്കേതിക സംഘങ്ങളെ വിന്യസിച്ച് സേവനം പുനഃസ്ഥാപിച്ചെന്നും ഒപ്റ്റസ് അറിയിച്ചു. സംഭവത്തിൽ ഉപഭോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തി. കഴിഞ്ഞ 18 മാസത്തിനിടെ ഒപ്റ്റസിനും ടെൽസ്ട്രയ്ക്കും നിരവധി ഗുരുതര നെറ്റ്‌വർക്ക് തകരാറുകൾ നേരിട്ടിട്ടുണ്ട്. ഇവയിൽ നൂറുകണക്കിന് ഓസ്‌ട്രേലിയക്കാർക്ക് ട്രിപ്പിൾ സീറോയിൽ അടിയന്തര സഹായം തേടുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ വൻ നെറ്റ്‌വർക്ക് തകരാറുമായി കുറഞ്ഞത് മൂന്ന് മരണങ്ങൾ വരെ ബന്ധപ്പെട്ടിരുന്നു.

Also Read
പ്ലഗ്-ഇൻ 'ബാൽക്കണി സോളാർ' നിയമവിധേയമാക്കാൻ ഓസ്‌ട്രേലിയ
നെറ്റ്‌വർക്ക് തകരാർ: ട്രിപ്പിൾ സീറോ അടിയന്തര കോളുകൾ തടസ്സപ്പെട്ടു

ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് കൺസ്യൂമർ ആക്ഷൻ നെറ്റ്‌വർക്കിന്റെ സിഇഒ കരോൾ ബെന്നറ്റ് ഇത്തരം തകരാറുകൾ തുടർച്ചയായി ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ ലഭ്യമായ ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് ആളുകൾക്ക് 000ൽ ബന്ധപ്പെടാൻ കഴിയുന്ന രീതിയിൽ ഡൊമസ്റ്റിക് മൊബൈൽ റോമിങ് നടപ്പാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്. ഇതിനായി Universal Outdoor Mobile Obligation Bill ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. നിലവിൽ സ്വന്തം നെറ്റ്‌വർക്കിൽ 000യിലേക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ മറ്റൊരു മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാണെങ്കിൽ ഫോൺ അതിലേക്ക് ബന്ധപ്പെടാൻ ശ്രമിക്കുന്ന പരിമിതമായ സംവിധാനം നിലവിലുണ്ട്. എന്നാൽ ഈ പ്രക്രിയയ്ക്ക് ഒരു മിനിറ്റ് വരെ സമയമെടുക്കാമെന്നും അതിനിടെ കോളിൽ നിശബ്ദത മാത്രമായിരിക്കാമെന്നും റിപ്പോർട്ടുണ്ട്. ഡൊമസ്റ്റിക് റോമിങ് നടപ്പാക്കിയാൽ ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ മാറ്റമുണ്ടാകുമെന്ന് ബെന്നറ്റ് പറഞ്ഞു. ടെലികോം കമ്പനികൾക്കും വൈദ്യുതി, ജലവിതരണം പോലുള്ള മറ്റ് അവശ്യ സേവനങ്ങൾക്ക് സമാനമായി വിശ്വാസ്യതാ മാനദണ്ഡങ്ങളും കൂടുതൽ ഉത്തരവാദിത്തവും വേണമെന്നും അവർ ആവശ്യപ്പെട്ടു.

Metro Australia
maustralia.com.au