

കാൻബറ: വാടകവീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമായി പ്ലഗ്-ഇൻ 'ബാൽക്കണി സോളാർ' (Balcony Solar), ബാറ്ററി സംവിധാനങ്ങൾ നിയമവിധേയമാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് പ്ലഗ്-ഇൻ സോളാർ സംവിധാനങ്ങളുടെ ഉപയോഗത്തിന് നിലവിലുള്ള വിലക്ക് നീക്കാനാണ് നീക്കം. രാജ്യത്തെ ഊർജ്ജ മന്ത്രിമാരുടെ യോഗത്തിൽ ഇത് സുരക്ഷിതമായി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയായി.
ഇലക്ട്രീഷ്യന്റെ സഹായമില്ലാതെ വീടുകളിലെ സാധാരണ പവർ പോയിന്റുകളിലേക്ക് നേരിട്ട് ഘടിപ്പിക്കാവുന്നതാണ് ഈ പ്ലഗ്-ഇൻ സോളാർ കിറ്റുകൾ. ഫ്ലാറ്റുകളുടെ ബാൽക്കണിയിലോ ചെറിയ മുറ്റത്തോ സ്ഥാപിക്കാവുന്ന ഈ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇൻവെർട്ടർ വഴി നേരിട്ട് വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കാം. 600 മുതൽ 800 വാട്ട് വരെ ശേഷിയുള്ള ഇത്തരം സംവിധാനങ്ങൾ വഴി പ്രതിവർഷം 400 മുതൽ 1000 ഡോളർ വരെ വൈദ്യുതി ബില്ലിൽ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. വീട് മാറുമ്പോൾ എളുപ്പത്തിൽ അഴിച്ചെടുത്ത് കൊണ്ടുപോകാം എന്നതാണ് വാടകക്കാർക്ക് ഇതിന്റെ പ്രധാന മെച്ചം. സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ച ശേഷം വർഷാവസാനത്തോടെ അന്തിമ ചട്ടക്കൂട് രൂപീകരിക്കാനാണ് സർക്കാരിന്റെ നീക്കം.