

ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ള മരുന്നുകൾ രോഗികൾക്ക് അശാസ്ത്രീയമായി കുറിച്ചു നൽകിയതിനെത്തുടർന്ന് ഹോബർട്ടിലെ ജനറൽ പ്രാക്ടീഷണറായ ഡോ. കിം യോങ്ങിനെ (Dr. Kim Yong) ചികിത്സാ രംഗത്തുനിന്ന് രണ്ടു വർഷത്തേക്ക് വിലക്കി. ടാസ്മാനിയൻ സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് (TASCAT) ഈ ഉത്തരവ്. ലഹരി ഉപയോഗിച്ച ചരിത്രമുള്ള രോഗികൾക്ക് ബെൻസോഡിയാസെപൈൻ (benzodiazepines), കോഡിൻ (codeine) തുടങ്ങിയ മരുന്നുകൾ അമിതമായി നൽകിയതായി ട്രൈബ്യൂണൽ കണ്ടെത്തി.
അടിസ്ഥാനപരമായ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഡോക്ടർ പരാജയപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗിയെ നാലര വർഷത്തോളം ചികിത്സിച്ചെങ്കിലും മരുന്നുകളുടെ അളവ് കുറയ്ക്കാനോ ചികിത്സാ വിവരങ്ങൾ രേഖപ്പെടുത്താനോ അദ്ദേഹം തയ്യാറായില്ല. ഇതിനുപുറമെ, ഒരു രോഗിയെ വീട് നവീകരണത്തിനായി ജോലിക്കുവെച്ചും മറ്റൊരാൾക്ക് പണം കടം വാഗ്ദാനം ചെയ്തും ഡോക്ടർ ഔദ്യോഗിക പരിധി ലംഘിച്ചതായും കണ്ടെത്തി.
മുൻപും സമാനമായ കുറ്റകൃത്യങ്ങൾക്ക് ഡോ. കിം യോങ്ങിനെതിരെ നടപടികൾ ഉണ്ടായിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറിയതിനും ചുംബിച്ചതിനും 2012-ലും 2024-ലും ഇദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. പുതിയ ഉത്തരവ് പ്രകാരം മെഡിക്കൽ ബോർഡിന്റെ നിയമപരമായ ചിലവുകളുടെ 90 ശതമാനവും ഇദ്ദേഹം നൽകണം. രണ്ട് വർഷത്തിന് ശേഷം മാത്രമേ ഇദ്ദേഹത്തിന് വീണ്ടും ലൈസൻസിനായി അപേക്ഷിക്കാൻ സാധിക്കൂ.