

വടക്കൻ ക്വീൻസ്‌ലാന്റിലെ കനത്ത മഴയെത്തുടർന്ന് ഈ വർഷം ബാരാമുണ്ടി (Barramundi) മത്സ്യങ്ങളുടെ വൻശേഖരം ലഭിക്കുമെന്ന് വാണിജ്യ മത്സ്യബന്ധന മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നു. കനത്ത വെള്ളപ്പൊക്കം കാളാഞ്ചി മത്സ്യങ്ങൾക്ക് തണ്ണീർത്തടങ്ങളിൽ നിന്ന് ഉപ്പുവെള്ളത്തിലേക്ക് മാറാൻ സഹായകമായ സാഹചര്യമൊരുക്കി. ഇത് ഇവയെ പിടിക്കുന്നത് എളുപ്പമാക്കും.
മഴ തങ്ങൾക്ക് "ദ്രവരൂപത്തിലുള്ള സ്വർണ്ണം" പോലെയാണെന്നും, ഉൽപാദനം കൂടുമ്പോൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് മത്സ്യം എത്തിക്കാൻ കഴിയുമെന്നും ടൗൺസ്‌വില്ലിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ നഥാൻ റിൻ പറഞ്ഞു. കാർപെന്റാരിയ ഉൾക്കടലിലെ റോഡുകൾ വെള്ളപ്പൊക്കത്തിൽ തടസ്സപ്പെട്ടതിനാൽ പലർക്കും കടലിൽ പോകാൻ താമസം നേരിടുന്നുണ്ടെങ്കിലും, വരും മാസങ്ങളിൽ മികച്ച നേട്ടം ലഭിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
മത്സ്യസമ്പത്ത് നിലനിർത്തുന്നതിനായി ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഏർപ്പെടുത്തിയ നിരോധനത്തിന് ശേഷമാണ് സീസൺ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 1981 മുതൽ പിന്തുടരുന്ന ഈ സുസ്ഥിര നയം മത്സ്യങ്ങളുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണെന്ന് ക്വീൻസ്‌ലാന്റ് ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് (DPI) വ്യക്തമാക്കി.