ക്വീൻസ്‌ലാന്റ് പോലീസിലുള്ള പൊതുജനവിശ്വാസത്തിൽ വൻ ഇടിവ്

രാജ്യവ്യാപകമായി 20,811 പേരിൽ നടത്തിയ 'നാഷണൽ സർവേ ഓഫ് കമ്മ്യൂണിറ്റി സാറ്റിസ്ഫാക്ഷൻ വിത്ത് പോലീസിംഗ്' (NSCSP) സർവേ അടിസ്ഥാനമാക്കിയാണ് ഡാറ്റ തയ്യാറാക്കിയത്.
ക്വീൻസ്‌ലാന്റ് പോലീസിലുള്ള പൊതുജനവിശ്വാസത്തിൽ വൻ ഇടിവ്
Published on: 

ബ്രിസ്ബേൻ: ക്വീൻസ്‌ലാന്റ് പോലീസ് സർവീസിന്റെ (QPS) സത്യസന്ധത, തുല്യത, സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള വിശ്വാസ്യതയിൽ വലിയ ഇടിവെന്ന് റിപ്പോർട്ട്. ക്വീൻസ്‌ലാന്റ് പാർലമെന്റിൽ സമർപ്പിച്ച പോലീസിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇന്റഗ്രിറ്റി (Integrity) അളക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നും തന്നെ കൈവരിക്കാൻ ക്വീൻസ്‌ലാന്റ് പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി 20,811 പേരിൽ നടത്തിയ 'നാഷണൽ സർവേ ഓഫ് കമ്മ്യൂണിറ്റി സാറ്റിസ്ഫാക്ഷൻ വിത്ത് പോലീസിംഗ്' (NSCSP) സർവേ അടിസ്ഥാനമാക്കിയാണ് ഡാറ്റ തയ്യാറാക്കിയത്.

  • സത്യസന്ധത (Honesty): ക്വീൻസ്‌ലാന്റിലെ പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധരാണെന്ന് വിശ്വസിക്കുന്നത് 55.9 ശതമാനം ആളുകൾ മാത്രമാണ്. സർവീസിന്റെ ലക്ഷ്യമായ 75 ശതമാനത്തേക്കാൾ 20 ശതമാനത്തോളം കുറവാണിത്.

  • വിശ്വാസ്യത (Trust): 75 ശതമാനം ലക്ഷ്യമിട്ട സ്ഥാനത്ത് 65.9 ശതമാനം ആളുകൾ മാത്രമാണ് പോലീസിൽ വിശ്വാസം രേഖപ്പെടുത്തിയത്.

  • സമത്വവും നീതിയും (Fairness and Equality): പോലീസ് ആളുകളോട് നീതിപൂർവ്വമായും തുല്യമായും പെരുമാറുന്നുവെന്ന് അഭിപ്രായപ്പെട്ടത് 52.3 ശതമാനം പേർ മാത്രമാണ്. (ലക്ഷ്യം: 75%).

  • പ്രൊഫഷണലിസം & കാര്യക്ഷമത: 85 ശതമാനം ലക്ഷ്യമിട്ട സ്ഥാനത്ത് 68.6% പേർ പ്രൊഫഷണലിസത്തിലും, 63.8% പേർ പോലീസിന്റെ പ്രവർത്തന രീതിയിലും സംതൃപ്തി രേഖപ്പെടുത്തി.

Also Read
ഓസ്‌ട്രേലിയയുടെ എഐ ശേഷിയും നിക്ഷേപ സാധ്യതകളും ജപ്പാനിൽ അവതരിപ്പിക്കാൻ ജിം ചാൽമേഴ്‌സ്
ക്വീൻസ്‌ലാന്റ് പോലീസിലുള്ള പൊതുജനവിശ്വാസത്തിൽ വൻ ഇടിവ്

അതേസമയം, പോലീസിന്റെ ഉത്തരവാദിത്തവും കാര്യക്ഷമതയും നിരീക്ഷിക്കുന്നതിനായി ക്രൈം ആൻഡ് കറപ്ഷൻ കമ്മീഷന് (CCC) കീഴിൽ സ്വതന്ത്ര 'പോലീസ് ഇന്റഗ്രിറ്റി യൂണിറ്റ്' സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസമാണ് തിരിച്ചടിയായതെന്ന വിമർശനം ശക്തമാണ്. നിലവിലെ പോലീസ് മന്ത്രി ഡാൻ പർഡി (Dan Purdie) മുൻ ലേബർ സർക്കാരിന്റെ വീഴ്ചകളാണ് ഇതിന് കാരണമെന്ന് ആരോപിച്ചു. എന്നാൽ, നിർണായകമായ ഈ 'NSCSP' സർവേ കരാർ 2026 ജൂൺ 30-ഓടെ അവസാനിപ്പിച്ചതിനാൽ ഇനി വരുന്ന വർഷങ്ങളിൽ പൊതുജനവിശ്വാസം അളക്കുന്നതിന് പുതിയ സംവിധാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ നിലവിലുള്ള 'റിപ്പോർട്ട് ഓൺ ഗവൺമെന്റ് സർവീസസ്' വഴി തുടർന്നും നിരീക്ഷിക്കും.

Metro Australia
maustralia.com.au