പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ തുടരണം; യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറിനെ എതിർത്ത് മാറ്റ് കാനവൻ

സമ്പദ്‌വ്യവസ്ഥയെ ബാധിക്കാത്ത രീതിയിൽ, രാജ്യത്തിന് താങ്ങാനാകുന്ന പരിധിയിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എബിസിയുടെ ഇൻസൈഡേഴ്‌സ് പരിപാടിയിൽ കാനവൻ പറഞ്ഞു.
പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ തുടരണം; വ്യാപാരക്കരാറിനെ എതിർത്ത് കാനവൻ
നാഷണൽസ് പാർട്ടി നേതാവ് മാറ്റ് കാനവൻ
Published on: 

ഓസ്‌ട്രേലിയ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ തുടരണമെന്ന് നാഷണൽസ് പാർട്ടി നേതാവ് മാറ്റ് കാനവൻ. എന്നാൽ രാജ്യത്തെ 2050-ഓടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് നിയമപരമായി ബന്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിന് പിന്തുണ നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയെ ബാധിക്കാത്ത രീതിയിൽ, രാജ്യത്തിന് താങ്ങാനാകുന്ന പരിധിയിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എബിസിയുടെ ഇൻസൈഡേഴ്‌സ് പരിപാടിയിൽ സംസാരിക്കവെ കാനവൻ പറഞ്ഞു. എന്നാൽ നെറ്റ് സീറോ ലക്ഷ്യം നേടാനുള്ള അമിതമായ ശ്രമം രാജ്യത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2050-ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നെറ്റ് സീറോയിലെത്തിക്കാനുള്ള നിയമപരമായ ലക്ഷ്യം ഓസ്‌ട്രേലിയൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ പാരിസ് ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാൻ ഓസ്‌ട്രേലിയയെ നിയമപരമായി ബാധ്യസ്ഥമാക്കുമെന്നാണ് കാനവന്റെ വാദം. കരാറിന്റെ താൽക്കാലിക കരട് പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്വീകരിക്കാതിരിക്കണമെന്നും നെറ്റ് സീറോയിലേക്കും കുറഞ്ഞ കാർബൺ പുറന്തള്ളലിലേക്കുമുള്ള മാറ്റത്തിന് സഹായിക്കുന്ന നടപടികൾ പ്രോത്സാഹിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

എന്നാൽ പാരിസ് ഉടമ്പടിയിൽ തുടരുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കരാറിലെ പുതിയ വ്യവസ്ഥകൾ നിലവിലെ പ്രതിബദ്ധതകൾക്കപ്പുറമാണെന്ന് കാനവൻ പറഞ്ഞു. യൂറോപ്യൻ യൂണിയൻ കരാറിനെ ഉപയോഗിച്ച് ഓസ്‌ട്രേലിയയെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് പരോക്ഷമായി ബന്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വ്യാപാരമന്ത്രി ഡോൺ ഫാരലിന് സന്ദേശം അയച്ചതായും കാനവൻ വ്യക്തമാക്കി. കരാർ ഓസ്‌ട്രേലിയയ്ക്ക് 10 ബില്യൺ ഡോളറിന്റെ വ്യാപാര നേട്ടമുണ്ടാക്കുമെന്ന് ഫാരൽ നേരത്തെ പറഞ്ഞിരുന്നു. കരാർ വീണ്ടും ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള കാലാവസ്ഥാ പ്രതിബദ്ധതകൾ ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് കരാറെന്നാണ് ലഭിക്കുന്ന വിവരം. കർഷകർക്ക്, പ്രത്യേകിച്ച് ക്ഷീരമേഖലയ്ക്ക്, ഈ കരാർ തിരിച്ചടിയാകുമെന്നാണ് കാനവന്റെ മറ്റൊരു വിമർശനം. യൂറോപ്യൻ ക്ഷീരമേഖലയ്ക്ക് ലഭിക്കുന്ന വൻ സർക്കാർ സബ്സിഡികൾ നിയന്ത്രിക്കാത്തതിനാൽ ഓസ്‌ട്രേലിയൻ ക്ഷീരകർഷകർക്ക് അന്യായമായ മത്സരത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read
പ്രതിഷേധം ഫലവതിയായി; സൈനിക കേന്ദ്രങ്ങൾ വിൽക്കാനുള്ള തീരുമാനം പിൻവലിച്ച് ഓസ്‌ട്രേലിയ
പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ തുടരണം; വ്യാപാരക്കരാറിനെ എതിർത്ത് കാനവൻ

അതേസമയം, നിർണായക ധാതുക്കളുടെ കയറ്റുമതിക്ക് യൂറോപ്യൻ തീരുവകൾ ഒഴിവാക്കുന്നത് ഓസ്‌ട്രേലിയൻ കമ്പനികൾക്ക് നേട്ടമാകുമെന്ന് മിനറൽസ് കൗൺസിൽ അഭിപ്രായപ്പെട്ടു. എന്നാൽ തന്റെ മേഖലയിലെ ഒരു നിർണായക ധാതു കമ്പനി യൂറോപ്യൻ തീരുവയെക്കാൾ കാർബൺ നികുതിയാണ് വലിയ പ്രശ്നമായി ഉന്നയിച്ചതെന്ന് കാനവൻ പറഞ്ഞു. താൻ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന മധ്യ ക്വീൻസ്‌ലൻഡിലെ കാപ്രിക്കോർണിയ മണ്ഡലത്തിൽ ആണവോർജം ഉപയോഗിച്ചുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പദ്ധതി നടപ്പാക്കുന്നത് പ്രാദേശിക സമൂഹത്തിന്റെ താൽപര്യത്തെ ആശ്രയിച്ചിരിക്കുമെന്നും വ്യക്തമാക്കി. ഈ ആഴ്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ COP31-ൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തുർക്കിയെയിലേക്ക് പോകാനിരിക്കെയാണ് കാനവന്റെ പ്രതികരണം.