

ഓസ്‌ട്രേലിയയിലെ ചരിത്രപ്രാധാന്യമുള്ള നാല് സൈനിക കേന്ദ്രങ്ങൾ വിൽക്കാനുള്ള നീക്കത്തിൽനിന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസിയുടെ സർക്കാർ പിന്മാറി. പൊതുജനങ്ങളുടെയും വിമുക്തഭടന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. സിഡ്‌നിയിലെ വിക്ടോറിയ ബാരക്‌സ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ പൊതുഉടമസ്ഥതയിൽ നിലനിർത്തുമെന്ന് സർക്കാർ ഞായറാഴ്ച അറിയിച്ചു. സിഡ്‌നിയിലെയും മെൽബണിലെയും വിക്ടോറിയ ബാരക്‌സ്, വിക്ടോറിയയിലെ ഫോർട്ട് ക്വീൻസ്‌ക്ലിഫ്, റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സ് (RAAF) ബേസ് പോയിന്റ് കുക്ക് എന്നിവയാണ് വിൽപ്പനയിൽനിന്ന് ഒഴിവാക്കിയത്. പ്രതിരോധ സേനാംഗങ്ങൾ ഈ കേന്ദ്രങ്ങൾ ഒഴിഞ്ഞശേഷം ചരിത്രപ്രാധാന്യമുള്ള ഭാഗങ്ങൾ സംരക്ഷിച്ച് പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇടങ്ങളാക്കി മാറ്റും.
രാജ്യത്തുടനീളമുള്ള 67 സൈനിക കേന്ദ്രങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്ക് വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും പരിപാലനത്തിന് വലിയ ചെലവ് വരുന്നുണ്ടെന്നും സ്വതന്ത്ര ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാല് ചരിത്രകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ വിറ്റ് മൂന്ന് ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ സമാഹരിക്കാനായിരുന്നു ഫെഡറൽ ബജറ്റിലെ പദ്ധതി. എന്നാൽ, സേവ് വിക്ടോറിയ ബാരക്‌സ് സിഡ്‌നി എന്ന പൊതുജന കൂട്ടായ്മ, വിമുക്തഭടന്മാർ, മുൻ പ്രധാനമന്ത്രിമാരായ ജോൺ ഹോവാർഡ്, പോൾ കീറ്റിങ് തുടങ്ങിയ പ്രമുഖർ വിൽപ്പനയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തി.
സൈനിക ചരിത്രം സംരക്ഷിക്കും
വിക്ടോറിയ ബാരക്‌സ് സിഡ്‌നിക്ക് രാജ്യത്തിന്റെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി പറഞ്ഞു. പ്രതിരോധ മേഖലയിലെ ചെലവുകൾ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിലായിരിക്കണമെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർൽസ് വ്യക്തമാക്കി. സൈനികരെ ഈ കേന്ദ്രങ്ങളിൽനിന്ന് മാറ്റുന്നതിലൂടെ അവ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനും ചരിത്രം സംരക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രങ്ങൾ ഒഴിഞ്ഞുകിട്ടിയശേഷം അവയെ ഓസ്‌ട്രേലിയൻ സൈനിക ചരിത്രം അവതരിപ്പിക്കുന്ന പൊതുഇടങ്ങളാക്കി മാറ്റുന്നതിനായി ഓസ്‌ട്രേലിയൻ വാർ മെമ്മോറിയലുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കും. 1840-നും 1848-നും ഇടയിൽ നിർമിച്ച സിഡ്‌നിയിലെ വിക്ടോറിയ ബാരക്‌സ് ആദ്യം ബ്രിട്ടീഷ് സൈന്യത്തിന്റെ അധീനതയിലായിരുന്നു. നഗരത്തിലെ ഏറ്റവും പഴക്കമുള്ള വൈൻ നിലവറയും ഇവിടെയാണുള്ളത്.
തീരുമാനം ഭാഗിക വിജയമെന്ന് വിമുക്തഭടന്മാരുടെ സംഘടന
സൈനിക പൈതൃകം സംരക്ഷിക്കുന്നതിൽ ഇത് വിജയമാണെങ്കിലും മറ്റ് നിർണായക പ്രതിരോധ കേന്ദ്രങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ പ്രതിരോധ വക്താവ് ജെയിംസ് പാറ്റേഴ്‌സൺ പറഞ്ഞു. എച്ച്എംഎഎസ് പെൻഗ്വിൻ, ലാൻസർ ബാരക്‌സ്, ഇർവിൻ ബാരക്‌സ് തുടങ്ങിയ കേന്ദ്രങ്ങളും സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിക്ടോറിയ ബാരക്‌സ് വരുംതലമുറകൾക്കായി സംരക്ഷിക്കപ്പെടേണ്ട പകരംവെക്കാനാകാത്ത സൈനിക പൈതൃകമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ പറഞ്ഞു. സർക്കാരിന്റെ തീരുമാനം ഭാഗിക വിജയമാണെന്ന് റോയൽ ഓസ്‌ട്രേലിയൻ റിട്ടേൺഡ് ആൻഡ് സർവീസസ് ലീഗ് പ്രസിഡന്റ് പീറ്റർ ടിൻലി പ്രതികരിച്ചു. വിക്ടോറിയ ബാരക്‌സ് സിഡ്‌നി ചരിത്രസ്മാരകം മാത്രമല്ലെന്നും സേനാ ആസ്ഥാനവും റിസർവ് സൈനികരുടെയും കേഡറ്റുകളുടെയും പരിശീലനകേന്ദ്രവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്മസിന് മുമ്പ് സൈനികരെ അനുയോജ്യമായ മറ്റൊരു കേന്ദ്രം ഉറപ്പാക്കാതെ മാറ്റുന്നത് അവരുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.