ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് ഓടിക്കാൻ ഇനി ലൈസൻസ് നിർബന്ധം; കുറഞ്ഞ പ്രായം 16

നിയമവിരുദ്ധമായി ഇ-ബൈക്ക് ഓടിക്കുന്ന കുട്ടികൾ പിടിക്കപ്പെട്ടാൽ മാതാപിതാക്കൾക്കും പിഴ ചുമത്തും. ഈ വർഷം ആദ്യം പ്രഖ്യാപിച്ച നിയമപരിഷ്കാരങ്ങളാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്.
ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് ഓടിക്കാൻ ഇനി ലൈസൻസ് നിർബന്ധം
(Chris Hopkins)
Published on

ക്വീൻസ്‌ലാൻഡിൽ ഇലക്ട്രിക് ബൈക്ക് (ഇ-ബൈക്ക്) ഓടിക്കുന്നവർക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധമാക്കി. സംസ്ഥാന സർക്കാർ നടപ്പാക്കിയ പുതിയ കർശന നിയമപ്രകാരം ഇ-ബൈക്ക് ഓടിക്കുന്നവർക്ക് കുറഞ്ഞത് 16 വയസെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ സാധുവായ ലേണേഴ്‌സ് പെർമിറ്റും നിർബന്ധമാണ്. നിയമവിരുദ്ധമായി ഇ-ബൈക്ക് ഓടിക്കുന്ന കുട്ടികൾ പിടിക്കപ്പെട്ടാൽ മാതാപിതാക്കൾക്കും പിഴ ചുമത്തും. ഈ വർഷം ആദ്യം പ്രഖ്യാപിച്ച നിയമപരിഷ്കാരങ്ങളാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. സംസ്ഥാനത്ത് ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് 13 വയസുകാരൻ മരിച്ചതിന് പിന്നാലെയാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ബുണ്ടബർഗിന് സമീപമുള്ള ചൈൽഡേഴ്സിൽ താമസിച്ചിരുന്ന കുട്ടി ബുധനാഴ്ച മാക്രോസൻ സ്ട്രീറ്റിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ടു ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഹെലികോപ്റ്ററിൽ ക്വീൻസ്‌ലാൻഡ് ചിൽഡ്രൻസ് ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പരിക്കുകൾ മൂലം മരിക്കുകയായിരുന്നു.

Also Read
വൺ നേഷനെതിരായ ലേബർ വിമർശനം രാഷ്ട്രീയ അക്രമത്തിന് പ്രേരണയാകാമെന്ന് പോളിൻ ഹാൻസൺ
ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് ഓടിക്കാൻ ഇനി ലൈസൻസ് നിർബന്ധം

അതേസമയം, പുതിയ നിയമത്തിൽ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം കുട്ടികൾ ഇ-ബൈക്ക് ഓടിക്കുന്ന സാഹചര്യങ്ങളിലും ആരോഗ്യപരമായ കാരണങ്ങളാലോ വൈകല്യം മൂലമോ ലൈസൻസ് നേടാൻ കഴിയാത്തവർക്കും ചില പ്രത്യേക ഇളവുകൾ ലഭിക്കും. എന്നാൽ ഇ-ബൈക്ക് സുരക്ഷിതമായി ഓടിക്കാൻ ഇവർ യോഗ്യരാണെന്ന് വിലയിരുത്തപ്പെട്ടിരിക്കണം. റെയിൽ ട്രെയിലുകൾ, മൗണ്ടൻ ബൈക്ക് ട്രാക്കുകൾ, സ്വകാര്യ ഓഫ്-റോഡ് സൈക്ലിംഗ് കേന്ദ്രങ്ങൾ തുടങ്ങിയ ചില വിനോദ മേഖലകളിൽ കുട്ടികൾക്ക് ഇ-ബൈക്ക് ഓടിക്കാനും അനുമതിയുണ്ടാകും. ഇ-ബൈക്കുകൾക്ക് വേഗപരിധി ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ക്വീൻസ്‌ലാൻഡ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ജൂലൈയിൽ സർക്കാർ വേഗപരിധി നടപ്പാക്കിയതിനു ശേഷം നിയമവിരുദ്ധമായ ഏകദേശം 400 ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തിരുന്നു. “നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും നിയമം പാലിക്കുന്ന ക്വീൻസ്‌ലാൻഡുകാർക്ക് ന്യായമായ ഇളവുകൾ നൽകുന്നതിന് പുതിയ നിയമങ്ങൾ സന്തുലിതമായ സമീപനമാണ് സ്വീകരിക്കുന്നത്,” ഗതാഗത, പ്രധാന റോഡ്സ് മന്ത്രി ബ്രെന്റ് മിക്കൽബർഗ് പറഞ്ഞു.

ഇ-ബൈക്ക്, ഇ-സ്കൂട്ടർ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ഫെഡറൽ സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നിയമങ്ങൾ കർശനമാക്കാനുള്ള നടപടികളിലാണ്. നിലവിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് ഇ-ബൈക്ക് നിയമങ്ങളിൽ വ്യത്യാസമുണ്ട്. ഇത് ഏകീകരിക്കുന്നതിനായി ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ ഫെഡറൽ സർക്കാർ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന് (ACCC) ചുമതല നൽകിയിട്ടുണ്ട്.

നിർദേശിച്ചിരിക്കുന്ന ദേശീയ മാനദണ്ഡപ്രകാരം ഇ-ബൈക്കുകളുടെ പരമാവധി വൈദ്യുതി ശേഷി 250 വാട്ടായി നിജപ്പെടുത്തും. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലെത്തുമ്പോൾ പെഡൽ അസിസ്റ്റ് പ്രവർത്തനം സ്വയമേവ നിർത്തണമെന്നും നിർദേശമുണ്ട്. നിലവിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ, വിക്ടോറിയ, ക്വീൻസ്‌ലാൻഡ് സംസ്ഥാനങ്ങളിൽ പരമാവധി 500 വാട്ട് ശേഷിയുള്ള ഇ-ബൈക്കുകൾ വിൽക്കാൻ റീട്ടെയിലർമാർക്ക് അനുമതിയുണ്ട്. എന്നാൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലെത്തുമ്പോൾ ഇവയിലെ പെഡൽ അസിസ്റ്റ് പ്രവർത്തനം നിർത്തണം. ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ നിയമപരിഷ്കാര നടപടികൾ പുരോഗമിക്കുകയാണ്. 2029ഓടെ ഇ-ബൈക്കുകളുടെ നിയമപരമായ പരമാവധി ശേഷി 500 വാട്ടിൽ നിന്ന് 250 വാട്ടായി കുറയ്ക്കാനാണ് പദ്ധതി. ന്യൂ സൗത്ത് വെയിൽസിൽ ഇ-ബൈക്ക് ഓടിക്കുന്നതിന് കുറഞ്ഞ പ്രായപരിധിയും ഉടൻ കൊണ്ടുവരും. എന്നാൽ ഇത് 12 വയസാക്കണോ അതോ 16 വയസാക്കണോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Metro Australia
maustralia.com.au