വൺ നേഷനെതിരായ ലേബർ വിമർശനം രാഷ്ട്രീയ അക്രമത്തിന് പ്രേരണയാകാമെന്ന് പോളിൻ ഹാൻസൺ

ഇഷ്ടപ്പെട്ട പ്രധാനമന്ത്രിയെ സംബന്ധിച്ചുള്ള സർവേയിലും അൽബനീസ് 31 ശതമാനം പിന്തുണയോടെ മുന്നിലാണ്. ഹാൻസണിന് 24 ശതമാനവും ലിബറൽ നേതാവ് ആംഗസ് ടെയ്‌ലറിന് 15 ശതമാനവും പിന്തുണ ലഭിച്ചു.
വൺ നേഷനെതിരായ ലേബർ വിമർശനം രാഷ്ട്രീയ അക്രമം വളർത്തുമോ?
പോളിൻ ഹാൻസൺ (Ross Swanborough)
Published on

വൺ നേഷനെതിരെ പ്രധാനമന്ത്രി Anthony Albaneseയും ട്രഷറർ ജിം ചാൽമേഴ്സും നടത്തിയ വിമർശനങ്ങൾ രാഷ്ട്രീയ അക്രമത്തിന് പ്രേരണയായേക്കാമെന്ന് വൺ നേഷൻ നേതാവ് Pauline Hanson ആരോപിച്ചു. സീക്രട്ട് ഹാർബർ ഉപതിരഞ്ഞെടുപ്പിലെ വൺ നേഷന്റെ പുതിയ വിജയത്തെ തുടർന്ന് ലേബറും വൺ നേഷനും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമായിരിക്കുകയാണ്. ഞായറാഴ്ച നടന്ന ക്വീൻസ്‌ലാൻഡ് ലേബർ കോൺഫറൻസിൽ നടത്തിയ വ്യത്യസ്ത പ്രസംഗങ്ങളിലാണ് അൽബനീസും ചാൽമേഴ്സും വൺ നേഷനെ ശക്തമായി വിമർശിച്ചത്. വലതുപക്ഷ പാർട്ടിയായ വൺ നേഷൻ “അപകടകരവും ഭിന്നിപ്പുണ്ടാക്കുന്നതും തീർത്തും സത്യസന്ധതയില്ലാത്തതുമായ രാഷ്ട്രീയം” പ്രചരിപ്പിക്കുകയാണെന്നും രാജ്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇരുവരും ആരോപിച്ചു.

ഇതിന് പിന്നാലെ തിങ്കളാഴ്ച പ്രതികരിച്ച ഹാൻസൺ, ലേബർ നേതാക്കളുടെ “വർധിച്ചുവരുന്ന നിരാശയിൽ നിന്നുള്ള ആക്രമണങ്ങൾ” അതിരുകടന്നുവെന്ന് ആരോപിച്ചു. “ജിം ചാൽമേഴ്സിനും അൽബനീസിനും സ്വന്തം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക എത്രമാത്രം ഉണ്ടായാലും, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ എതിരാളികളെ ‘അപകടകാരികൾ’ എന്നും ‘രാജ്യത്തിന് ഭീഷണി’ എന്നും വിശേഷിപ്പിക്കുന്നത് ജനങ്ങളെ അവരെ ഒരു ഭീഷണിയായി കാണാൻ പ്രേരിപ്പിക്കും,” ഹാൻസൺ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. “വാക്കുകൾക്ക് പ്രത്യാഘാതങ്ങളുണ്ട്. രാഷ്ട്രീയ അക്രമത്തിന് പ്രേരണ ലഭിക്കുന്നത് അങ്ങനെയാണ്,” അവർ കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ രാഷ്ട്രീയ നേതാവായിരുന്ന ആൻ വിഡികോംബിന്റെ മരണവും രാഷ്ട്രീയ ഭാഷയുടെ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് ഹാൻസൺ അഭിപ്രായപ്പെട്ടു. എന്നാൽ നിലവിലെ ഓസ്‌ട്രേലിയൻ സർക്കാരിനുള്ള യഥാർഥ ഭീഷണി ജനങ്ങൾ ബാലറ്റ് ബോക്സിലൂടെ നൽകുന്ന വിധിയായിരിക്കുമെന്നും അവർ പറഞ്ഞു.

വൺ നേഷനെതിരായ ലേബർ വിമർശനം രാഷ്ട്രീയ അക്രമം വളർത്തുമോ?
സീക്രട്ട് ഹാർബർ ഉപതിരഞ്ഞെടുപ്പിൽ ലൂക്ക് ഹെർഡെഗൻ വിജയിച്ചു. (One Nation)

അതേസമയം, പെർത്തിൽ നടന്ന സീക്രട്ട് ഹാർബർ ഉപതിരഞ്ഞെടുപ്പിൽ പരമ്പരാഗതമായി ലേബറിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന സീറ്റ് വൺ നേഷൻ സ്വന്തമാക്കി. ജിം ഉടമയായ ലൂക്ക് ഹെർഡെഗൻ 39.08 ശതമാനം പ്രാഥമിക വോട്ടുകൾ നേടി പുതിയ സംസ്ഥാന എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ലേബർ സ്ഥാനാർഥി ജോർജിയ ട്രീക്ക് 24.43 ശതമാനം വോട്ടുകളും ലിബറൽ സ്ഥാനാർഥി റയാൻ റോബർട്സണിന് 17.29 ശതമാനം വോട്ടുകളും ലഭിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയൻ ലിബറൽ പാർട്ടി മുൻഗണനാ വോട്ടുകളിൽ വൺ നേഷനെ പിന്തുണച്ചതാണ് വിജയത്തിൽ നിർണായകമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read
ടോറൻസ് നദിയിലെ മലിനീകരണം തടയാൻ 'നാനോബബിൾ' സാങ്കേതികവിദ്യ;പരീക്ഷണത്തിന് അഡ്‌ലെയ്ഡ് സിറ്റി കൗൺസിൽ
വൺ നേഷനെതിരായ ലേബർ വിമർശനം രാഷ്ട്രീയ അക്രമം വളർത്തുമോ?

ലേബറിന്റെ തോൽവി ലിബറലുകൾക്കും വിജയമാണെന്നാണ് സംസ്ഥാന ലിബറൽ നേതാവ് ബേസിൽ സെംപിലാസ് പ്രതികരിച്ചത്. എന്നാൽ വൺ നേഷനുമായി സഹകരിക്കാനുള്ള വെസ്റ്റേൺ ഓസ്‌ട്രേലിയൻ ലിബറൽ പാർട്ടിയുടെ സമീപനത്തെ ഫെഡറൽ ലിബറൽ നേതാക്കൾ ശക്തമായി വിമർശിച്ചു. കാനിംഗ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി ആൻഡ്രൂ ഹാസ്റ്റി, ലിബറൽ പിന്തുണ വിഭജിക്കപ്പെടുന്നതിനാൽ തന്റെ മണ്ഡലത്തിൽ ലേബർ വിജയിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഗ്രീൻസ് പാർട്ടി, സമൂഹത്തിലെ ജനങ്ങളുടെ പരാതികളും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ലേബർ പരാജയപ്പെട്ടതുമാണ് വൺ നേഷൻ മുതലെടുത്തതെന്ന് ആരോപിച്ചു. ഫെഡറൽ ലേബർ സെനറ്റർ മുറേ വാട്ട്, ഒരു സംസ്ഥാന ഉപതിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി വലിയ രാഷ്ട്രീയ നിഗമനങ്ങളിലേക്ക് എത്തേണ്ടതില്ലെന്ന് പ്രതികരിച്ചു. പ്രത്യേകിച്ച് സർക്കാരിന്റെ ഭരണം മാറ്റാൻ കഴിയാത്ത ഒരു ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ അമിതമായി വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Also Read
കടലാക്രമണ ഭീഷണിയിൽ ഹോഴ്‌സ്ഷൂ ബേ തീരം; 2050-ഓടെ 12 മീറ്ററോളം കടലെടുക്കുമെന്ന് മുന്നറിയിപ്പ്
വൺ നേഷനെതിരായ ലേബർ വിമർശനം രാഷ്ട്രീയ അക്രമം വളർത്തുമോ?

അതേസമയം, ഫെഡറൽ ലേബറിന് സീക്രട്ട് ഹാർബറിലെ ഫലം മുന്നറിയിപ്പാണെന്ന് ഹാൻസൺ പറഞ്ഞു. “നിങ്ങളുടെ കൂടുതൽ സീറ്റുകൾക്കായി ഞങ്ങൾ വരുന്നു,” എന്നാണ് അവർ പ്രതികരിച്ചത്. ഈ വർഷം വൺ നേഷന്റെ പിന്തുണയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഫാറർ ഉപതിരഞ്ഞെടുപ്പിൽ ഒരു ഫെഡറൽ എംപിയെ വിജയിപ്പിച്ച പാർട്ടി, സൗത്ത് ഓസ്‌ട്രേലിയയിൽ ഏഴ് സംസ്ഥാന എംപിമാരെയും നേടിയിരുന്നു. എന്നാൽ ഞായറാഴ്ച പുറത്തുവന്ന ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ/റെഡ്ബ്രിഡ്ജ് സർവേയിൽ വൺ നേഷന്റെ ദേശീയ പ്രാഥമിക വോട്ടുശതമാനം മൂന്ന് ശതമാനം കുറഞ്ഞ് 28 ശതമാനമായതായി കണ്ടെത്തി. ലേബർ 29 ശതമാനവുമായി നേരിയ മുൻതൂക്കത്തിൽ തുടരുമ്പോൾ കോയിലിഷൻ 22 ശതമാനത്തിലാണ്. ഇഷ്ടപ്പെട്ട പ്രധാനമന്ത്രിയെ സംബന്ധിച്ചുള്ള സർവേയിലും അൽബനീസ് 31 ശതമാനം പിന്തുണയോടെ മുന്നിലാണ്. ഹാൻസണിന് 24 ശതമാനവും ലിബറൽ നേതാവ് ആംഗസ് ടെയ്‌ലറിന് 15 ശതമാനവും പിന്തുണ ലഭിച്ചു. അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് കുറഞ്ഞത് 18 മാസമെങ്കിലും ബാക്കിയുള്ളതിനാൽ നിലവിലെ സർവേ ഫലങ്ങളിൽ നിന്ന് വലിയ നിഗമനങ്ങളിലേക്ക് എത്തുന്നത് നേരത്തെയാണെന്ന് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് ജെയ്ൻ ഹ്യൂം പ്രതികരിച്ചു.

വൺ നേഷനെതിരായ ലേബർ വിമർശനം രാഷ്ട്രീയ അക്രമം വളർത്തുമോ?
പ്രധാനമന്ത്രി അൽബനീസ് (Anthony Albanese)

ക്വീൻസ്‌ലാൻഡ് ലേബർ കോൺഫറൻസിൽ സംസാരിച്ച പ്രധാനമന്ത്രി അൽബനീസ്, ഓസ്‌ട്രേലിയക്കാരുടെ താൽപര്യങ്ങൾ മുൻനിർത്തി ഭരിക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ ശക്തിയായി ലേബർ മാത്രമാണ് ശേഷിക്കുന്നതെന്ന് അവകാശപ്പെട്ടു. ഗാർഹിക പീഡനത്തിന്റെ ഉത്തരവാദിത്വം ചിലപ്പോഴൊക്കെ സ്ത്രീകൾക്കും ഉണ്ടാകാമെന്ന ഹാൻസന്റെ മുൻ പരാമർശം, രാജ്യം ഏകീകൃത സാംസ്കാരിക സമൂഹമായിരിക്കണമെന്ന അഭിപ്രായം, തൊഴിലാളികളെക്കുറിച്ചുള്ള വിമർശനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയും അദ്ദേഹം വൺ നേഷനെതിരെ രംഗത്തെത്തി.

ലോകമെമ്പാടും തീവ്ര വലതുപക്ഷ ജനകീയ രാഷ്ട്രീയം ശക്തിപ്പെടുകയാണെന്നും അപകടകരവും ഭിന്നിപ്പുണ്ടാക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതുമായ രാഷ്ട്രീയത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അൽബനീസ് പറഞ്ഞു. ഓസ്‌ട്രേലിയക്കാരെ തമ്മിൽ തിരിക്കുന്ന രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Metro Australia
maustralia.com.au