

വിരമിക്കൽ പ്രഖ്യാപനത്തിൽ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ താൻ നേരിട്ട വിവേചനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞതിന് പിന്നാലെ താരത്തിന്റെ ഭാര്യ റെയ്ച്ചലിനും മക്കൾക്കുമെതിരെയുണ്ടായ സൈബറാക്രമണങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സൈബറാക്രമണങ്ങളുടെ നിരന്തരമായ ഇരയാണ് റെയ്ച്ചൽ ഖവാജ. ഡിസംബറിൽ സിഡ്നിയിലെ ബോണ്ടയി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഖവാജയ്ക്കും ഭാര്യ റെയ്ച്ചലിനും നേരേ വ്യാപകമായ സൈബറാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിനു പിന്നിൽ പാക്ക് വംശജരാണെന്നു റിപ്പോർട്ടു വന്നതോടെയാണ് ഖവാജയ്ക്കും കുടുംബത്തിനുമെതിരെ വിമർശനം ഉയർന്നത്.
തന്റെ പെൺമക്കളായ ഐഷ, ഐല എന്നിവർക്കു നേരെ വരെ ഉയർന്ന വിദ്വേശ കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ റെയ്ച്ചൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘‘കഴിഞ്ഞ ആഴ്ചയിൽ ഞങ്ങൾക്ക് ലഭിച്ച ചില കമന്റുകളുടെ ഒരു ചെറിയ സാംപിൾ ഞാൻ ശേഖരിച്ചു. ഇത് പുതിയതാണ്, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഞങ്ങൾക്ക് എപ്പോഴും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പക്ഷേ അവ കൂടുതൽ വഷളായിരിക്കുന്നു.’’ ചില കമന്റുകളിൽ ഖവാജയുടെയും റെയ്ച്ചിലിന്റെ മക്കളെ ‘ഭാവിയിൽ സ്കൂൾ ആക്രമിക്കുന്നവർ’ എന്ന ആക്ഷേപിച്ചപ്പോൾ മറ്റു ചിലർ ‘പാക്കിസ്ഥാനിലേക്ക് മടങ്ങി പോകൂ’ എന്നാണ് കമന്റിട്ടത്. അതേസമയം ഇസ്‍ലാമോഫോബിയയ്‌ക്കെതിരെയാണെങ്കിലും വംശീയതയ്‌ക്കെതിരെയാണെങ്കിലും ഐക്യത്തോടെ തുടരേണ്ടത് പ്രധാനമാണെന്നും റെയ്ച്ചൽ കൂട്ടിച്ചേർത്തു. 2017ലാണ് ഖവാജയും റെയ്ച്ചലും വിവാഹിതരായത്. ഇതിനു മുന്നോടിയായി റെയ്ച്ചൽ, ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.