

ഓസ്ട്രേലിയയുടെ മധ്യ, കിഴക്കൻ മേഖലകളിൽ കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടരാനിരിക്കെ ന്യൂ സൗത്ത് വെയിൽസിന്റെയും വിക്ടോറിയയുടെയും വിവിധ ഭാഗങ്ങളിൽ ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ മേഖലകളിൽ നിന്നുള്ള ഉഷ്ണമേഖലാ ഈർപ്പവും ന്യൂനമർദവും ചേർന്നാണ് മഴ ശക്തമാകുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. ഈർപ്പമുള്ള കാലാവസ്ഥ ആഴ്ചയുടെ മധ്യത്തോടെ തുടരുമെന്നാണ് പ്രവചനം.
തിങ്കളാഴ്ച സൗത്ത് ഓസ്ട്രേലിയയിലും ടാസ്മാനിയയിലും ശക്തമായ മഴ ലഭിച്ചിരുന്നു. മഴയുടെ മേഖല ഇപ്പോൾ കിഴക്കോട്ട് നീങ്ങുന്നതിനിടെയാണ് NSWയിലെയും വിക്ടോറിയയിലെയും വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. NSWയിലെ Snowy Mountains, South West Slopes മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വിക്ടോറിയയിലെ Gippsland മേഖലയിലും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. വിക്ടോറിയയുടെ വടക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ മേഖലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നിലവിലുണ്ട്. ചൊവ്വാഴ്ച മുതൽ ചില പ്രദേശങ്ങളിൽ ചെറിയതോ മിതമായതോ ആയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വ്യാപകമായി ഇടിമിന്നലിന് സാധ്യത
ചൊവ്വാഴ്ച വടക്കൻ വിക്ടോറിയയിൽ നിന്ന് പടിഞ്ഞാറൻ NSWയിലൂടെയും തെക്കൻ ക്വീൻസ്‌ലാൻഡിലേക്കും വ്യാപിക്കുന്ന വിശാലമായ മേഖലയിൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പല പ്രദേശങ്ങളിലും 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ തെക്കൻ NSWയിലെ മലനിരകളിലും വടക്കുകിഴക്കൻ വിക്ടോറിയയിലും 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. അഡലെയ്ഡ് മേഖല, NSWയിലെ Macquarie, Hunter, Eden തീരങ്ങൾ, വിക്ടോറിയയിലെ East Gippsland തീരം എന്നിവിടങ്ങളിലും ശക്തമായ കടൽക്കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബുധനാഴ്ച മുതൽ കാലാവസ്ഥ മാറും
ബുധനാഴ്ച മുതൽ മഴയുടെ മേഖല കിഴക്കൻ തീരം വിട്ട് ടാസ്മാൻ കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ അന്തരീക്ഷത്തിലെ അസ്ഥിരത കാരണം മഴയ്ക്ക് പിന്നാലെ ചില മേഖലകളിൽ ശക്തമായ ഇടിമിന്നലും ഉണ്ടാകാം. ചില പ്രദേശങ്ങളിൽ ആദ്യം ദീർഘനേരം തുടർച്ചയായ മഴയും പിന്നീട് ശക്തമായ ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതൽ കിഴക്കൻ ഓസ്ട്രേലിയയിൽ കൂടുതൽ വരണ്ടതും ശാന്തവുമായ കാലാവസ്ഥ പ്രതീക്ഷിക്കാം.