ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീയില്‍ നശിച്ച വീടുകളുടെ എണ്ണം 20 ആയി

കൂടാതെ ഏഴ് ഔട്ട്‌ബില്‍ഡിങ്ങുകളും കത്തി നശിച്ചപ്പോള്‍ എട്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ
ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീMatt Palmer/ Unsplash
Published on

ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീയില്‍ നശിച്ച വീടുകളുടെ എണ്ണം 20 ആയി ഉയര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കോസ്റ്റ് മേഖലയിലാണ്.

ഞായറാഴ്ച രാത്രി സോഷ്യല്‍ മീഡിയയിലൂടെ ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് (NSWRFS) പുറത്തിറക്കിയ അറിയിപ്പിലാണ് പുതുക്കിയ കണക്ക് വ്യക്തമാക്കിയത്. സെന്‍ട്രല്‍ കോസ്റ്റ് ലോക്കല്‍ ഗവണ്‍മെന്‍റ് ഏരിയായിലെ നിംബിന്‍ റോഡ് – കൂലുവോങ് തീപിടിത്ത പ്രദേശത്തിലെ കെട്ടിട പരിശോധന പൂര്‍ത്തിയായതായാണ് അറിയിപ്പ്.

Also Read
കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം വസ്തുക്കൾ പിൻവലിച്ച് വിക്ടോറിയ
ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ

പരിശോധന പ്രകാരം 16 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചുവെന്നും, ഒമ്പത് വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചുവെന്നും 118 വീടുകള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഏഴ് ഔട്ട്‌ബില്‍ഡിങ്ങുകളും കത്തി നശിച്ചപ്പോള്‍ എട്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

മിഡ് നോര്‍ത്ത് കോസ്റ്റിലെ ബുലഡെലഹ് പ്രദേശത്തെ നാശനഷ്ടങ്ങളുടെ പുതുക്കിയ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവിടെ നിലവില്‍ നാല് വീടുകള്‍ നശിച്ചതായാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച വീണ്ടും ഫയര്‍ ക്രൂകള്‍ സ്ഥലത്ത് പരിശോധന നടത്താനിരിക്കുന്നതിനാൽ നാശനഷ്ടങ്ങളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും NSWRFS അറിയിച്ചു.

Also Read
സിഡ്‌നി മെട്രോ പദ്ധതിയിൽ 6 ബില്യൺ ഡോളർ ചെലവ് വർധന; കാരണം മുൻസർക്കാരെന്ന് റിപ്പോർട്ട്
ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ

സംസ്ഥാനത്ത് ആറ് പ്രദേശങ്ങളില്‍ പ്രകൃതിദുരന്താവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മിഡ് നോര്‍ത്ത് കോസ്റ്റിലെ ബുലഡെലഹും സെന്‍ട്രല്‍ കോസ്റ്റിലെ കൂലുവോങുമുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സെന്‍ട്രല്‍ കോസ്റ്റ്, മിഡ് കോസ്റ്റ്, അപ്പര്‍ ഹണ്ടര്‍, മസല്‍ബ്രൂക്ക്, വാറമ്പംഗള്‍, ഡബ്ബോ എന്നിവിടങ്ങളില്‍ ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്താശ്വാസ ധനസഹായം പ്രഖ്യാപിച്ചു. ഇതിലൂടെ അടിയന്തര താമസം, അടിസ്ഥാന ആവശ്യങ്ങള്‍, ചെറുകിട വ്യാപാരികള്‍ക്കും പ്രാഥമിക കർഷകര്‍ക്കും വായ്പാ സഹായം എന്നിവ ലഭിക്കും.

ഗോസ്ഫോഡിലെ ദുരന്തബാധിതരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ക്രിസ് മിന്‍സ്, സഹായം എത്രയും വേഗം ജനങ്ങളിലേക്കെത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അറിയിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിലും ഫയര്‍ സര്‍വീസ് കേന്ദ്രങ്ങളിലുമായി രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ നേരിട്ട് കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് അടിയന്തര സേവന വിഭാഗങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരെയും അഭിനന്ദിച്ചു. ആവശ്യമായ എല്ലാ സഹായവും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കടുത്ത ചൂടും ശക്തമായ കാറ്റും മൂലം ഒരേസമയം 75 വരെ തീപിടിത്തങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, തണുത്ത കാറ്റും ലഘുമഴയും ഞായറാഴ്ച ചില ആശ്വാസം നല്‍കി. ഞായറാഴ്ച വൈകുന്നേരത്തോടെ എല്ലാ തീപിടിത്തങ്ങളും നിയന്ത്രണവിധേയമായതായി NSWRFS അറിയിച്ചു. ജീവനും സ്വത്തും നിലവില്‍ ഭീഷണിയിലില്ലെന്നും വ്യക്തമാക്കി.

ന്യൂകാസില്‍ നഗരത്തിന് തെക്കായുള്ള റെഡ്‌ഹെഡിലെ തീപിടിത്തത്തില്‍ 64 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചു.

കൂലുവോങ്ങില്‍ മാത്രം 50 ഫയര്‍ എന്‍ജിനുകളും 250 അഗ്നിശമന സേനാംഗങ്ങളും ചിനൂക് ഹെലികോപ്റ്ററും രാത്രിയിലും രംഗത്തുണ്ടായിരുന്നു. ഇവിടെ തീ അതിവേഗം പടര്‍ന്ന് അടിയന്തര മുന്നറിയിപ്പ് നിലയിലേക്കുയര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au