

സിഡ്നി: ന്യൂ സൗത്ത് വെൽസ് സർക്കാരിന്റെ ബജറ്റ് അവലോകന റിപ്പോർട്ട് പ്രകാരം, സിഡ്‌നിയിലെ പുതിയ മെട്രോ റെയിൽ പദ്ധതികളുടെ മൊത്തച്ചെലവ് 6 ബില്യൺ ഡോളർ കൂടി ഉയർന്നതായി കണ്ടെത്തി. രണ്ട് മെട്രോ ലൈൻ പദ്ധതികളുടെ ചെലവ് ആദ്യ കണക്കിന്റെ ഇരട്ടിയിലധികമായി വർധിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുൻ സർക്കാരിന്റെ കാലത്ത് രൂപപ്പെട്ട “ഫണ്ടിംഗ് ബ്ലാക്ക് ഹോളുകൾ” കൂടാതെ, മൂന്ന് മെട്രോ ലൈൻ പദ്ധതികൾ ഒരേസമയം നിർമ്മാണത്തിലായതും ചെലവുകൾ ഉയരാൻ കാരണമായി. പദ്ധതികളുടെ നിർമാണകാലയളവിൽ ഉണ്ടായ ഡിസൈൻ മാറ്റങ്ങളും വ്യാപ്തി വർധനവും ചെലവിനെ ബാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സിഡ്‌നിയുടെ സിബിഡിയെയും പരമറ്റയെയും ബന്ധിപ്പിച്ച് 2032ഓടെ റെയിൽ ശേഷി ഇരട്ടിയാക്കുന്ന മെട്രോ വെസ്റ്റ് ലൈനിന് ഇപ്പോൾ 27 മുതൽ 29 ബില്യൺ ഡോളർ വരെ ചെലവാകുമെന്നാണ് പുതിയ കണക്ക്. 2023ൽ തന്നെ ഇത് 25 ബില്യൺ ഡോളറായി ഉയർന്നിരുന്നു.
അതേസമയം, സിറ്റി ആൻഡ് സൗത്ത് വെസ്റ്റ് ലൈൻ പദ്ധതിയുടെ ചെലവ് ഇപ്പോൾ 23 ബില്യൺ ഡോളറായി ഉയരും. തുടക്കത്തിൽ ഇത് 12 ബില്യൺ ഡോളറായായിരുന്നു കണക്കാക്കിയത്.
മെട്രോ വെസ്റ്റ് പദ്ധതിയിൽ നിന്ന് 110 മില്യൺ ഡോളർ ഈസ്റ്റേൺ ക്രീക്ക് സ്പീഡ്‌വേ നിർമ്മിക്കാൻ മാറ്റിയതായും അത് പിന്നീടു തിരിച്ചുവച്ചിട്ടില്ലെന്നും ഗതാഗത മന്ത്രി ജോൺ ഗ്രഹാം പറഞ്ഞു, ടണൽ നിർമാണ പാക്കേജുകൾക്ക് 500 മില്യൺ ഡോളറിന്റെ അധിക ചെലവും ഉണ്ടായതായി സർക്കാർ ആരോപിക്കുന്നു.
വെസ്റ്റേൺ സിഡ്‌നി വിമാനത്താവള മെട്രോ പദ്ധതിയിൽ സ്വകാര്യ പങ്കാളിയായ പാർക്ക്ലൈഫ് നിയമനടപടികൾ കാരണം 1 ബില്യൺ ഡോളർ അധിക ചെലവും പ്രതീക്ഷിക്കുന്നു. ഇതേസമയം, മിന്ന്‌സ് സർക്കാർ മെട്രോ പദ്ധതിക്കായി 2.4 ബില്യൺ ഡോളർ അധികം അനുവദിക്കുമെന്ന് അറിയിച്ചു.