മഴയില്ലെങ്കിലും റഡാറിൽ മഴസൂചന; സിഡ്‌നിയിൽ വീണ്ടും കൂട്ടത്തോടെ ബോഗോങ് നിശാശലഭങ്ങൾ

26 വർഷത്തിനുശേഷം ഇവ വീണ്ടും വലിയ തോതിൽ പ്രത്യക്ഷപ്പെട്ടതോടെ കാലാവസ്ഥാ റഡാറുകളിലും ഇവയുടെ സാന്നിധ്യം ശ്രദ്ധേയമാകുകയാണ്.
സിഡ്‌നിയിൽ മഴയില്ല, പക്ഷേ റഡാറിൽ നിശാശലഭങ്ങളുടെ സാന്നിധ്യം
Bogong moth storm (Photograph: Mike Bowers/The Guardian)
Published on: 

സിഡ്‌നിയിലും ന്യൂ സൗത്ത് വെയിൽസിന്റെ കിഴക്കൻ മേഖലകളിലും കാലാവസ്ഥാ റഡാറുകളിൽ മഴയുടെ സൂചനകൾ വ്യാപകമായി കാണപ്പെടുന്നു. എന്നാൽ പല സ്ഥലങ്ങളിലും മഴ പെയ്യുന്നില്ല. ഇതിന് പിന്നിൽ ആയിരക്കണക്കിന് കിലോമീറ്ററുകളിലേക്ക് ദേശാടനം നടത്തുന്ന ബോഗോങ് നിശാശലഭങ്ങളുടെ വലിയ കൂട്ടങ്ങളാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 2000ലെ സിഡ്‌നി ഒളിമ്പിക്‌സിനിടെ സ്റ്റേഡിയങ്ങളിലെ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട ബോഗോങ് നിശാശലഭങ്ങളുടെ വൻകൂട്ടത്തെ കാലാവസ്ഥാ നിരീക്ഷകർ മഴയായി തെറ്റിദ്ധരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 26 വർഷത്തിനുശേഷം ഇവ വീണ്ടും വലിയ തോതിൽ പ്രത്യക്ഷപ്പെട്ടതോടെ കാലാവസ്ഥാ റഡാറുകളിലും ഇവയുടെ സാന്നിധ്യം ശ്രദ്ധേയമാകുകയാണ്.

മഴ, ആലിപ്പഴം, മഞ്ഞ് എന്നിവ കണ്ടെത്താൻ രൂപകൽപ്പന ചെയ്ത റഡാറുകൾ ജലകണങ്ങളിൽ പതിക്കുന്ന റേഡിയോ തരംഗങ്ങളുടെ പ്രതിഫലനമാണ് രേഖപ്പെടുത്തുന്നത്. എന്നാൽ വലിയ തോതിൽ പറക്കുന്ന നിശാശലഭങ്ങളുടെ ശരീരത്തിലും ചിറകുകളിലും തരംഗങ്ങൾ പ്രതിഫലിക്കുമ്പോൾ മഴയുടേതിന് സമാനമായ സൂചനകൾ ലഭിക്കാം. പ്രത്യേകിച്ച് സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും സമീപമുള്ള സമയങ്ങളിൽ വലിയ പ്രാണിക്കൂട്ടങ്ങൾ നേരിയ മഴപോലെ റഡാറിൽ പ്രത്യക്ഷപ്പെടാമെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. എന്നാൽ റഡാറിലെ ഇത്തരം സൂചനകളെല്ലാം നിശാശലഭങ്ങൾ മൂലമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. താപനിലയിലെ വിപരീത ക്രമീകരണം ഉൾപ്പെടെയുള്ള മറ്റ് കാലാവസ്ഥാ ഘടകങ്ങളും സമാനമായ പ്രതിഫലനങ്ങൾക്ക് കാരണമാകാം.

Also Read
നിയമങ്ങളിൽ വൻ മാറ്റം വരുന്നു; ചന്ദന വ്യവസായം അനിശ്ചിതത്വത്തിലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഉത്പാദകർ
സിഡ്‌നിയിൽ മഴയില്ല, പക്ഷേ റഡാറിൽ നിശാശലഭങ്ങളുടെ സാന്നിധ്യം

ഗവേഷകർക്ക് പുതിയ സാധ്യത

ബോഗോങ് നിശാശലഭങ്ങളുടെ പ്രജനന മേഖലകളും ദേശാടന പാതകളും കണ്ടെത്താൻ ശ്രമിക്കുന്ന ഗവേഷകർക്ക് റഡാർ വിവരങ്ങൾ വിലപ്പെട്ടതാകുമെന്ന് വെസ്റ്റേൺ സിഡ്‌നി സർവകലാശാലയിലെ സുവോളജി അസോസിയേറ്റ് പ്രൊഫസറും ഇൻവെർട്ടിബ്രേറ്റ്സ് ഓസ്‌ട്രേലിയയുടെ മാനേജിങ് ഡയറക്ടറുമായ ഡോ. കേറ്റ് അംബർസ് പറഞ്ഞു.

ചെറിയ നിശാശലഭങ്ങളിൽ ടാഗുകൾ ഘടിപ്പിക്കുന്നതുമുതൽ പൊതുജനങ്ങളിൽനിന്ന് അനുഭവങ്ങളും പഴയ പത്രവാർത്തകളും ശേഖരിക്കുന്നതുവരെ നിരവധി മാർഗങ്ങളിലൂടെയാണ് ഗവേഷകർ ഇവയുടെ നൂറുകണക്കിന് കിലോമീറ്റർ നീളുന്ന യാത്രകൾ കണ്ടെത്താൻ ശ്രമിച്ചിട്ടുള്ളത്. റഡാർ വിവരങ്ങൾ ഉപയോഗിച്ച് ഇവയുടെ സഞ്ചാരവും എണ്ണവും മനസ്സിലാക്കാൻ കഴിയുമോ എന്നത് പുതിയ ഗവേഷണ സാധ്യതയാണ്.

ഫ്ലയിങ്ങ് ഫോക്ലിനെയും റഡാർ വഴി നിരീക്ഷിക്കുന്നു

ബോഗോങ് നിശാശലഭങ്ങളെപ്പോലെ ഫ്ലയിങ്ങ് ഫോക്സിന്റെ സഞ്ചാരം നിരീക്ഷിക്കാൻ കാലാവസ്ഥാ റഡാറുകൾ ഉപയോഗിക്കുന്നുണ്ട്. വെസ്റ്റേൺ സിഡ്‌നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. ജസ്റ്റിൻ വെൽബർഗൻ റഡാർ വിവരങ്ങൾ ഉപയോഗിച്ച് ഇവയുടെ സഞ്ചാരം തത്സമയത്തിലും പഴയ രേഖകളിലൂടെയും പഠിക്കുന്നതിനുള്ള സംവിധാനത്തിന് നേതൃത്വം നൽകുന്നു. വൈകുന്നേരങ്ങളിൽ കൂട്ടമായി താവളങ്ങളിൽനിന്ന് പുറപ്പെടുന്ന ഫ്ലയിങ്ങ് ഫോക്സിന്റെ ചലനങ്ങൾ റഡാറിൽ വ്യക്തമായി തിരിച്ചറിയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടർ അൽഗോരിതങ്ങളുടെ സഹായത്തോടെ ഇവയെ എണ്ണാനും നിരീക്ഷിക്കാനും കഴിയുന്ന ‘എയറോകാസ്റ്റ്’ എന്ന മാതൃകാ സംവിധാനം ഗവേഷകർ വികസിപ്പിച്ചിട്ടുണ്ട്. റഡാർ കവറേജും വിവരങ്ങളുടെ ഗുണനിലവാരവും അനുസരിച്ച് ഈ സാങ്കേതികവിദ്യ പക്ഷികളുടെയും ബോഗോങ് നിശാശലഭങ്ങളുടെയും ദേശാടനം നിരീക്ഷിക്കാനും ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാനും ഇത് സഹായിച്ചേക്കും.

വംശനാശഭീഷണി ഇപ്പോഴും

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ബോഗോങ് നിശാശലഭങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞത് ആശങ്കയുണ്ടാക്കിയിരുന്നു. ഇപ്പോൾ നഗരങ്ങളിൽ വലിയ കൂട്ടങ്ങളെ കാണുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ജനസംഖ്യ വർധിച്ചുവെന്ന് ഇതിലൂടെ മാത്രം ഉറപ്പിക്കാനാവില്ല. ആഗോള താപനത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ആൽപ്‌സ് മേഖലയിലെ ഇവയുടെ ആവാസവ്യവസ്ഥയും ഭീഷണി നേരിടുന്നു. സിഡ്‌നിയിലും കാൻബറയിലും ഇപ്പോൾ ഇവയെ കാണുന്ന നിരവധി ആളുകളുടെ നിരീക്ഷണങ്ങൾ ഗവേഷകർക്ക് സഹായകരമാകുന്നുണ്ട്. പുതിയ തലമുറയ്ക്ക് ബോഗോങ് നിശാശലഭങ്ങളെ അടുത്തറിയാനുള്ള അവസരമാണിതെന്ന് ഡോ. അംബർസ് പറഞ്ഞു. ഇവയുടെ പരിസ്ഥിതിപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവർ ഓർമിപ്പിച്ചു.

Metro Australia
maustralia.com.au