നിയമങ്ങളിൽ വൻ മാറ്റം വരുന്നു; ചന്ദന വ്യവസായം അനിശ്ചിതത്വത്തിലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഉത്പാദകർ

2015 മുതൽ നിലവിലുള്ള ഉത്തരവ് പ്രകാരം പ്രതിവർഷം 2,500 ടൺ കാട്ടുചന്ദനം വിളവെടുക്കാൻ അനുമതിയുണ്ടായിരുന്നു.
നിയമങ്ങളിൽ വൻ മാറ്റം വരുന്നു; ചന്ദന വ്യവസായം അനിശ്ചിതത്വത്തിലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഉത്പാദകർ
ABC Goldfields: Andrew Chounding
Published on: 

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ലാഭകരമായ ചന്ദന വ്യവസായത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സർക്കാരിൽ നിന്ന് വ്യക്തത ലഭിക്കാത്തത് വ്യവസായ മേഖലയെ കടുത്ത അനിശ്ചിതത്വത്തിലാക്കിയതായി ഉത്പാദകരും കയറ്റുമതിക്കാരും. പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയ്ക്കായി ആഗോള വിപണിയിൽ ടണ്ണിന് 25,000 ഡോളർ വരെ വില ലഭിക്കുന്ന ഓസ്‌ട്രേലിയൻ കാട്ടുചന്ദനത്തിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട നിലവിലെ ഉത്തരവ് ഈ വർഷം ഡിസംബറോടെ അവസാനിക്കുകയാണ്. 2015 മുതൽ നിലവിലുള്ള ഉത്തരവ് പ്രകാരം പ്രതിവർഷം 2,500 ടൺ കാട്ടുചന്ദനം വിളവെടുക്കാൻ അനുമതിയുണ്ടായിരുന്നു.

വനവിഭവ കമ്മീഷന്റെ മേൽനോട്ടത്തിൽ നിന്ന് ബയോഡൈവേഴ്‌സിറ്റി ആൻഡ് കൺസർവേഷൻ വകുപ്പിലേക്ക് (DBCA) ചന്ദന വ്യവസായത്തിന്റെ മേൽനോട്ടം മാറ്റാനുള്ള സർക്കാർ നീക്കമാണ് ഉത്പാദകരെ ആശങ്കപ്പെടുത്തുന്നത്. ചന്ദനമരങ്ങൾ വളരാൻ ഇരുപതിലധികം വർഷങ്ങൾ വേണ്ടിവരുമെന്നിരിക്കെ, ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തേണ്ട വ്യവസായികൾക്ക് സർക്കാരിന്റെ പുതിയ നയങ്ങൾ സംബന്ധിച്ച് കൃത്യമായ ആശയവിനിമയം ലഭിക്കുന്നില്ലെന്ന് കാൽഗൂർലി-ബോൾഡറിലെ വിളവെടുപ്പ് കരാറുകാരനായ മൈക്കൽ മാത്യൂസൻ പറഞ്ഞു. നിലവിലെ എഫ്‌പിസി കരാറുകൾ ഡിസംബറിൽ അവസാനിക്കാനിരിക്കെ, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരാത്തത് അന്താരാഷ്ട്ര വിപണിയിലെ ഉപഭോക്താക്കൾക്കിടയിലും നിക്ഷേപകർക്കിടയിലും ആശങ്കയുണ്ടാക്കുന്നതായി വെസ്‌കോർപ്പ് ചന്ദന കമ്പനി ചെയർപേഴ്സൺ ഫ്ലൂർ കോക്‌ലി വ്യക്തമാക്കി.

എന്നാൽ, വ്യവസായത്തിന്റെ ആശങ്കകൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും കൃത്യമായ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്ക് അറിയിച്ചു. സ്വതന്ത്ര സമിതിയുടെ വിലയിരുത്തലിനായി കരട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. അതേസമയം, സർക്കാർ ഭൂമിയിൽ നിന്നുള്ള വൻതോതിലുള്ള വിളവെടുപ്പിൽ നിന്ന് മാറി തദ്ദേശീയ അബോറിജിനൽ സമൂഹങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്ലാന്റേഷൻ രീതികളിലേക്ക് വ്യവസായം മാറേണ്ട സമയം അതിക്രമിച്ചതായി ഡുത്ജാൻ (Dutjahn) പോലുള്ള ചില മുൻനിര ഓയിൽ ഉത്പാദകർ അഭിപ്രായപ്പെട്ടു.

Metro Australia
maustralia.com.au