

സിഡ്നി: അനോറെക്സിയ, ബുലീമിയ എന്നീ ഭക്ഷണക്രമക്കേടുകൾ ഏറ്റവും ഉയർന്ന നിരക്കിൽ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഓസ്ട്രേലിയ. കഴിഞ്ഞ 30 വർഷത്തിനിടെ ഈ രണ്ട് മാനസികാരോഗ്യ പ്രശ്നങ്ങളും ആഗോളതലത്തിൽ 71 ശതമാനം വർധിച്ചതായും 2023-ൽ ലോകമെമ്പാടും ഏകദേശം 1.81 കോടി പേർ ഇവയിലൊന്നുമായി ജീവിക്കുന്നതായും JAMA Psychiatry പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഓരോ ഒരു ലക്ഷം പേരിലും 1,026.5 പേർക്ക് അനോറെക്സിയയോ ബുലീമിയയോ ഉണ്ടെന്നാണ് ഓസ്ട്രേലിയയിലെ കണക്ക്. ലോക രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഓസ്ട്രേലിയയിൽ മാത്രമല്ല, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത്തരം ഭക്ഷണക്രമക്കേടുകൾ കൂടുതലായി കാണപ്പെടാറുണ്ടെങ്കിലും അമേരിക്കയെയും പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളെയും അപേക്ഷിച്ച് ഓസ്ട്രേലിയയിലെ നിരക്ക് ഇത്ര ഉയർന്നത് അപ്രതീക്ഷിതവും ആശങ്കാജനകവുമാണെന്ന് ക്വീൻസ്ലൻഡ് സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റും പഠനത്തിന്റെ മുതിർന്ന രചയിതാവുമായ ഡാമിയൻ സാന്റോമൗറോ പറഞ്ഞു.
ഭക്ഷണത്തോടുള്ള അനാരോഗ്യകരമായ സമീപനവുമായി ബന്ധപ്പെട്ട ഗുരുതരമായ മാനസികാരോഗ്യ അവസ്ഥകളാണ് അനോറെക്സിയയും ബുലീമിയയും. ചെറുപ്പക്കാരെയാണ് ഇവ ആനുപാതികമായി കൂടുതൽ ബാധിക്കുന്നത്. ഭക്ഷണക്രമക്കേടുകളുമായി ജീവിക്കുന്നവരും അവരുടെ കുടുംബങ്ങളും ആരോഗ്യപ്രവർത്തകരും വർഷങ്ങളായി ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളെയാണ് പഠനഫലങ്ങൾ സ്ഥിരീകരിക്കുന്നതെന്ന് ബട്ടർഫ്ലൈ ഹെൽപ്ലൈനിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സാറ കോക്സ് പറഞ്ഞു. ഓസ്ട്രേലിയയിൽ ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും അവർ വ്യക്തമാക്കി.
സർവേകളുടെ അടിസ്ഥാനത്തിൽ കണക്ക്
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപഠന പദ്ധതികളിലൊന്നായ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനത്തിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തലുകൾ. ചികിത്സ തേടാൻ കഴിയാത്തവരെയും കണക്കിൽ ഉൾപ്പെടുത്തുന്നതിനായി ആശുപത്രി രേഖകൾക്കു പകരം സർവേകളാണ് ഗവേഷകർ ഉപയോഗിച്ചത്. 1990 മുതലുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് കണക്കുകൾ തയ്യാറാക്കിയത്. 2023-ൽ ലോകത്ത് ഏകദേശം 39.2 ലക്ഷം പേർ അനോറെക്സിയയും 1.42 കോടി പേർ ബുലീമിയയും നേരിട്ടിരുന്നതായാണ് കണക്ക്. 2050 വരെയും ഈ രോഗങ്ങളുടെ വ്യാപനം വർധിക്കുമെന്നാണ് ഗവേഷകരുടെ പ്രവചനം. ഈ രണ്ട് അവസ്ഥകളും മൂലം ആഗോളതലത്തിൽ 38.1 ലക്ഷം വൈകല്യക്രമീകരിച്ച ജീവിതവർഷങ്ങൾ (Disability-Adjusted Life Years) നഷ്ടപ്പെട്ടതായും പഠനം കണക്കാക്കുന്നു.
ഓസ്ട്രേലിയയിലെ ഉയർന്ന നിരക്കിന് സർവേകൾ ഉപയോഗിച്ച രീതിയിലെ വ്യത്യാസവും ഭാഗികമായി കാരണമായേക്കാമെന്ന് സാന്റോമൗറോ ചൂണ്ടിക്കാട്ടി. എന്നാൽ അതുമാത്രമല്ല ഈ കണക്കുകൾക്ക് പിന്നിലെ കാരണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഗവേഷണവും മെച്ചപ്പെട്ട വിവരശേഖരണവും ഉള്ളതിനാൽ ഓസ്ട്രേലിയയിൽ പ്രശ്നത്തിന്റെ വ്യാപ്തി കൂടുതൽ വ്യക്തമായി കാണാനാകുന്നുണ്ടാകാമെന്നും സാറ കോക്സ് അഭിപ്രായപ്പെട്ടു.
യുവാക്കളിലും സ്ത്രീകളിലും കൂടുതൽ
ആഗോളതലത്തിൽ ഈ രണ്ട് രോഗങ്ങളുമായി കഴിയുന്നവരിൽ ഏകദേശം 70 ശതമാനവും സ്ത്രീകളാണ്. 10 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾ ആകെ രോഗബാധിതരുടെ ഏകദേശം 41 ശതമാനം വരും. സമൂഹമാധ്യമങ്ങളുടെ ഉപയോഗം വർധിച്ചതും ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകളും രോഗവ്യാപനത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നായിരിക്കാമെന്ന് സാന്റോമൗറോ പറഞ്ഞു. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ യുവാക്കളിൽ ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വാധീനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയേറ്റ പശ്ചാത്തലമുള്ളവർക്കും പാശ്ചാത്യേതര സംസ്കാരങ്ങളിൽ നിന്നുള്ളവർക്കും ഭക്ഷണക്രമക്കേടുകൾ തിരിച്ചറിയാനും ചികിത്സ തേടാനും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാമെന്ന് ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള സാമ്പത്തിക വിദഗ്ധയും പൊതുനയ വിദഗ്ധയുമായ ജീനെറ്റ് ചാൻ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവിന്റെയും ഭാഷാപരമായ ധാരണയുടെയും കുറവ് സഹായം തേടുന്നതിന് തടസ്സമാകാമെന്നും അവർ വ്യക്തമാക്കി. ഓസ്ട്രേലിയയിൽ ചികിത്സയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ധനസഹായം ആവശ്യമാണെന്നും ചാൻ കൂട്ടിച്ചേർത്തു.
യഥാർഥ കണക്കുകൾ ഇതിലും ഉയർന്നേക്കാം
ഓസ്ട്രേലിയയിൽ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയതെങ്കിലും അനോറെക്സിയയുടെയും ബുലീമിയയുടെയും പുതിയ കേസുകളിലെ ഏറ്റവും വലിയ ആപേക്ഷിക വർധന കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നീ മേഖലകളിലാണ് ഉണ്ടായത്. മരണനിരക്കുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അപര്യാപ്തതയും ചില താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ കുറവും പഠനത്തിന്റെ പരിമിതികളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അമിതമായി ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ബിഞ്ച് ഈറ്റിങ് ഡിസോർഡർ ഉൾപ്പെടെയുള്ള മറ്റ് ഭക്ഷണക്രമക്കേടുകൾ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഓസ്ട്രേലിയയിൽ ഏതൊരു വർഷവും 11 ലക്ഷത്തിലധികം പേർക്ക് ഏതെങ്കിലും തരത്തിലുള്ള ഭക്ഷണക്രമക്കേട് അനുഭവപ്പെടാമെന്ന് സാറ കോക്സ് പറഞ്ഞു. അനോറെക്സിയയും ബുലീമിയയും മാത്രമല്ല, മറ്റ് ഭക്ഷണക്രമക്കേടുകളും ഗവേഷണത്തിലും ചികിത്സാ പദ്ധതികളിലും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
നേരത്തേ ചികിത്സ ലഭിക്കുന്നത് രോഗമുക്തിക്കുള്ള സാധ്യത വർധിപ്പിക്കുമെങ്കിലും ചികിത്സാച്ചെലവ്, പ്രാദേശിക മേഖലകളിലെ സേവനങ്ങളുടെ കുറവ്, സാമൂഹിക അപമാനഭീതി എന്നിവ പലർക്കും തടസ്സമാകുന്നുണ്ട്. രോഗവ്യാപനം കുറയ്ക്കാൻ നേരത്തെയുള്ള ഇടപെടലിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.