ഓസ്ട്രേലിയൻ സർവേയിൽ മുന്നേറ്റം നേടി പ്രതിപക്ഷ സഖ്യം; ലേബറിന് തിരിച്ചടി

സർവേ പ്രകാരം രണ്ട് പാർട്ടി മുൻഗണനാ വോട്ടിൽ ലിബറൽ-നാഷണൽ സഖ്യത്തിന് (LNP) മൂന്ന് ശതമാനം വർധനയോടെ 52 ശതമാനം പിന്തുണ ലഭിച്ചു. ലേബർ പാർട്ടിയുടെ പിന്തുണ ഒരു ശതമാനം കുറഞ്ഞ് 48 ശതമാനമായി.
ഓസ്ട്രേലിയൻ സർവേയിൽ മുന്നേറ്റം നേടി പ്രതിപക്ഷ സഖ്യം; ലേബറിന് തിരിച്ചടി
റോയ് മോർഗൻ
Published on: 

ഓസ്ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി രണ്ട് പാർട്ടി മുൻഗണനാ വോട്ടിലും പ്രാഥമിക വോട്ടിലും മുന്നിലെത്തി പ്രതിപക്ഷമായ കോയലിഷൻ. റോയ് മോർഗൻ നടത്തിയ പുതിയ അഭിപ്രായ സർവേയിലാണ് ഈ മുന്നേറ്റം. സർവേ പ്രകാരം രണ്ട് പാർട്ടി മുൻഗണനാ വോട്ടിൽ ലിബറൽ-നാഷണൽ സഖ്യത്തിന് (LNP) മൂന്ന് ശതമാനം വർധനയോടെ 52 ശതമാനം പിന്തുണ ലഭിച്ചു. ലേബർ പാർട്ടിയുടെ പിന്തുണ ഒരു ശതമാനം കുറഞ്ഞ് 48 ശതമാനമായി.

പ്രാഥമിക വോട്ടിലും കോയലിഷൻ മുന്നിലെത്തി. 3.5 ശതമാനം വർധനയോടെ സഖ്യത്തിന് 25.5 ശതമാനം പിന്തുണ ലഭിച്ചപ്പോൾ ലേബറിന് ഒരു ശതമാനം കുറഞ്ഞ് 24.5 ശതമാനമായി. വൺ നേഷൻ പാർട്ടിയുടെ പിന്തുണ ഒരു ശതമാനം കുറഞ്ഞ് 23.5 ശതമാനമായി. നവംബർ 9 മുതൽ 15 വരെയാണ് സർവേ നടത്തിയത്. ഒക്ടോബർ ആദ്യം മുതൽ തുടർച്ചയായ അഞ്ച് ആഴ്ചകളായി രണ്ട് പാർട്ടി മുൻഗണനാ വോട്ടിൽ കോയലിഷൻ പിന്തുണ വർധിപ്പിച്ചുവരികയാണെന്ന് റോയ് മോർഗൻ വ്യക്തമാക്കി. പ്രധാനമന്ത്രി ആന്തണി അൽബനീസും കാലാവസ്ഥാ വ്യതിയാന-ഊർജ മന്ത്രി ക്രിസ് ബോവനും യൂറോപ്പിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത സമയത്താണ് പുതിയ സർവേ പുറത്തുവന്നത്. മൊബൈൽ ഫോൺ റേഡിയേഷൻ ജനനേന്ദ്രിയത്തെ ബാധിക്കുമെന്ന വിഷയത്തിൽ ഇരുവരും തമാശ പറയുന്ന ദൃശ്യങ്ങളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഓസ്ട്രേലിയൻ സർവേയിൽ മുന്നേറ്റം നേടി പ്രതിപക്ഷ സഖ്യം; ലേബറിന് തിരിച്ചടി
ആംഗസ് ടെയ്‌ലർ

സാമ്പത്തിക നയങ്ങൾ മാറ്റുമെന്ന് ആംഗസ് ടെയ്‌ലർ

പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ, മുൻ നേതാവ് സുസൻ ലേയുടെ നേതൃത്വകാലാവധിക്ക് തുല്യമായ കാലയളവ് പൂർത്തിയാക്കിയിരിക്കുകയാണ്. താൻ നേതൃത്വം ഏറ്റെടുത്തതിനുശേഷം നിരവധി മാറ്റങ്ങൾ വരുത്തിയെന്നും തുടർന്നും മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും ഓസ്ട്രേലിയക്കാരുടെ ജീവിതരീതി സംരക്ഷിക്കാനുമുള്ള പദ്ധതികൾ കോയലിഷൻ അവതരിപ്പിച്ചിട്ടുണ്ടെന്ന് ടെയ്‌ലർ പറഞ്ഞു. ലേബർ സർക്കാരിന്റെ നികുതികൾ, സർക്കാർ ചെലവുകളിലെ പാഴ്‌വ്യയം, അനാവശ്യ നിയന്ത്രണങ്ങൾ എന്നിവ ഒഴിവാക്കുമെന്നും നെറ്റ് സീറോ നയം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read
ഓസ്ട്രേലിയയിൽ ഹോം ഇൻഷുറൻസ് ചെലവ് കുതിക്കുന്നു; അഞ്ച് വർഷത്തിനിടെ വർധന 46%
ഓസ്ട്രേലിയൻ സർവേയിൽ മുന്നേറ്റം നേടി പ്രതിപക്ഷ സഖ്യം; ലേബറിന് തിരിച്ചടി

പ്രകൃതിവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുതി, ഊർജ വില കുറയ്ക്കുമെന്നും ലേബർ സർക്കാരിന്റെ വലിയ തോതിലുള്ള കുടിയേറ്റ നയത്തിന് പകരം നൈപുണ്യമുള്ള കുടിയേറ്റത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ പതാകയും ദേശീയ ദിനവും സംരക്ഷിക്കുന്നതിനൊപ്പം നിർണായക സർക്കാർ പദ്ധതികളും നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീമും (NDIS) ഓസ്ട്രേലിയൻ പൗരന്മാർക്ക് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നത് സർക്കാരാണെന്നും പ്രധാനമന്ത്രിയും ട്രഷററും ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് മാറ്റം അനിവാര്യമാണെന്നും കോയലിഷന്റെ പദ്ധതികൾ അതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സർവേ ഫലം പ്രതീക്ഷിച്ചതിലും മികച്ചതാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ടെയ്‌ലർ തയ്യാറായില്ല.