

സിഡ്നി: അഫ്ഗാനിസ്ഥാനിൽ ഓസ്ട്രേലിയൻ സ്പെഷ്യൽ എയർ സർവീസ് (എസ്എഎസ്) സൈനികർ നടത്തിയതായി ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിൽ ചില മുതിർന്ന ഉദ്യോഗസ്ഥർ പരാജയപ്പെട്ടതായി ഓസ്ട്രേലിയൻ പ്രതിരോധ സേനയുടെ അന്വേഷണ റിപ്പോർട്ട്. കൊല്ലപ്പെട്ട അഫ്ഗാൻ പൗരന്മാരുടെ മൃതദേഹങ്ങളിൽ ആയുധങ്ങൾ വെച്ച് അവരെ ശത്രുപോരാളികളായി ചിത്രീകരിക്കുന്ന ‘ത്രോഡൗൺ’ രീതിയെക്കുറിച്ച് ചില ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഓസ്ട്രേലിയൻ പ്രതിരോധ സേനയുടെ ഇൻസ്പെക്ടർ ജനറൽ 2021-ൽ നടത്തിയ അന്വേഷണത്തിന്റെ എക്സിക്യൂട്ടീവ് സംഗ്രഹം ഈ ആഴ്ചയാണ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. അഫ്ഗാനിസ്ഥാനിലെ പ്രത്യേക സൈനിക വിഭാഗങ്ങളുടെ പ്രവർത്തനങ്ങളിലെ നേതൃത്വസംവിധാനവും സൈനിക അച്ചടക്കവും പരിശോധിച്ച റിപ്പോർട്ട്, കമാൻഡ് സംവിധാനത്തിൽ ഗുരുതരമായ തകർച്ചയുണ്ടായതായും മോശം നേതൃത്വമാണ് ചില ഗുരുതരമായ പെരുമാറ്റങ്ങൾക്ക് വഴിയൊരുക്കിയതെന്നും വിലയിരുത്തുന്നു. റിപ്പോർട്ട് നേരത്തേ പുറത്തുവിടാൻ പ്രതിരോധ വകുപ്പ് വിസമ്മതിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും സെനറ്റിൽ റിപ്പോർട്ട് പുറത്തുവിടാൻ നടത്തിയ ശ്രമവും ഉണ്ടായിട്ടും ഇത് പരസ്യമാക്കിയിരുന്നില്ല.
2020-ൽ പുറത്തുവിട്ട ബ്രെററ്റൺ അന്വേഷണ റിപ്പോർട്ടിൽ, അഫ്ഗാനിസ്ഥാനിൽ ഓസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ് അംഗങ്ങൾ 39 അഫ്ഗാൻ പൗരന്മാരെയും തടവുകാരെയും കൊലപ്പെടുത്തിയെന്നതിന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും മറച്ചുവെക്കുകയും ചെയ്തത് പ്രധാനമായും പട്രോൾ കമാൻഡർ തലത്തിലാണെന്നായിരുന്നു അന്നത്തെ റിപ്പോർട്ടിന്റെ വിലയിരുത്തൽ. മുൻ പ്രതിരോധ സേനാ മേധാവിയും എസ്എഎസ് ഉദ്യോഗസ്ഥനുമായ ആംഗസ് കാംപ്ബെൽ 2021-ൽ നിയോഗിച്ച പുതിയ അന്വേഷണമാണ് ചില ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ച് നേരിട്ടുള്ള അറിവുണ്ടായിരുന്നിട്ടും അവ തടയാൻ നടപടിയെടുത്തില്ലെന്ന കണ്ടെത്തലിലേക്ക് എത്തിയത്.
അന്വേഷണ റിപ്പോർട്ട് പ്രകാരം, നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ചോ അത്തരം ആരോപണങ്ങളെക്കുറിച്ചോ അറിവുണ്ടായിരുന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തില്ല. പ്രത്യേകിച്ച്, വ്യാജ റിപ്പോർട്ടുകൾക്ക് വിശ്വാസ്യത നൽകുന്നതിനായി മൃതദേഹങ്ങളിൽ ആയുധങ്ങൾ വെക്കുന്ന രീതി വ്യാപകമായി അറിയപ്പെട്ടിരുന്നിട്ടും അത് തടയാൻ ആവശ്യമായ മേൽനോട്ടം ഉണ്ടായിരുന്നില്ല. എസ്എഎസ് വിഭാഗത്തിൽ നിയന്ത്രണമില്ലാത്ത ‘യോദ്ധാവ് മനോഭാവം’ വളരാൻ ഉദ്യോഗസ്ഥർ അനുവദിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യതയേറിയ അഫ്ഗാൻ ദൗത്യങ്ങളിലേക്ക് ചെറിയൊരു വിഭാഗം സൈനികരെ ആവർത്തിച്ച് അയച്ചതും നീണ്ട യുദ്ധത്തിന്റെ മാനസിക ആഘാതവും ചിലരുടെ തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
അക്രമം, കൊലപാതകം, ധാർമികമായി സംശയകരമായ തീരുമാനങ്ങൾ എന്നിവയോടുള്ള ആവർത്തിച്ചുള്ള സമ്പർക്കം ചിലരുടെ ധാർമിക ബോധത്തിൽ ക്രമേണ മാറ്റമുണ്ടാക്കുകയും മാനസിക-ധാർമിക ആഘാതത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കാമെന്നും റിപ്പോർട്ട് പറയുന്നു. എസ്എഎസിന്റെ അതിരുകടന്ന രഹസ്യസ്വഭാവവും അടച്ചിട്ട പ്രവർത്തനരീതിയും അച്ചടക്കത്തകർച്ചയ്ക്ക് കാരണമായതായി റിപ്പോർട്ട് വിലയിരുത്തുന്നു. മുതിർന്ന നോൺ-കമ്മീഷൻഡ് ഓഫീസർമാർ തങ്ങളെക്കാൾ ഉയർന്ന പദവിയിലുള്ള ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെ ചില ജൂനിയർ ഉദ്യോഗസ്ഥർ ഫലപ്രദമായി കീഴുദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിൽ ദൗത്യത്തിലിരിക്കെ മറ്റ് വിഭാഗങ്ങൾക്ക് ബാധകമായിരുന്ന ഉത്തരവുകൾ ലംഘിച്ച് എസ്എഎസ് സൈനികർക്ക് മദ്യപിക്കാൻ തുടർച്ചയായി അനുമതി നൽകിയതും നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന സന്ദേശം നൽകിയതായി റിപ്പോർട്ട് പറയുന്നു.
യുദ്ധഭൂമിയിലെ പ്രവർത്തനങ്ങളെക്കുറിച്ച് സൈനികർ തെറ്റായ റിപ്പോർട്ടുകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഉപയോഗിച്ചിരുന്ന ‘തന്ത്രപരമായ മുൻതൂക്കമുള്ള സ്ഥാനത്തേക്ക് നീങ്ങുക’ എന്ന വാചകം, സംഘർഷത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സാധാരണക്കാരെ ശത്രുപക്ഷത്തിന്റെ ഭാഗമായും ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കുന്നവരായും ചിത്രീകരിക്കാൻ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഈ വാചകം പതിവായി ഉപയോഗിച്ചതോടെ അതിന്റെ യഥാർഥ അർഥം തന്നെ നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് വിലയിരുത്തി. എസ്എഎസ് നേതൃത്വത്തിൽ ഫലപ്രദമായ കമാൻഡിന്റെയും ഉത്തരവാദിത്തത്തിന്റെയും കാര്യത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടായെന്നും തെറ്റായ പ്രവൃത്തികൾ തടയാൻ രൂപകൽപ്പന ചെയ്ത റിപ്പോർട്ടിങ് സംവിധാനങ്ങൾ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അന്വേഷണസംഘം കണ്ടെത്തി. സൈനിക വിഭാഗത്തിലെ സംസ്കാരം നേരിട്ട് തെറ്റായ പ്രവൃത്തികൾക്ക് കാരണമായില്ലെങ്കിലും, അവ സംഭവിക്കാൻ സഹായകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടിന്റെ നിഗമനം.
വ്യാഴാഴ്ച സെനറ്റ് എസ്റ്റിമേറ്റ്സ് ഹിയറിങ്ങിൽ ഓസ്ട്രേലിയൻ പ്രതിരോധ സേനാ മേധാവി അഡ്മിറൽ മാർക്ക് ഹാമണ്ടിനോട് റിപ്പോർട്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. എസ്എസിലും കമാൻഡ് സംവിധാനത്തിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന കണ്ടെത്തലുകളോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആരോപിക്കപ്പെട്ട പെരുമാറ്റം അംഗീകരിക്കാനാവാത്തതും സൈനിക മൂല്യങ്ങൾക്കും പ്രൊഫഷണൽ മാനദണ്ഡങ്ങൾക്കും വിരുദ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധക്കുറ്റ ആരോപണങ്ങളിലെ അന്വേഷണങ്ങൾ പ്രതിരോധ സേനയിലെ നിയമ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചും ഹാമണ്ടിനോട് ചോദിച്ചു. അത്തരം പെരുമാറ്റം പൂർണമായും അംഗീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം മറുപടി നൽകി.
എസ്എഎസ് നേതൃത്വത്തിനെതിരെ മതിയായ ഉത്തരവാദിത്തനിർണയം ഉണ്ടായിട്ടില്ലെന്ന് ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് വിമർശിച്ചു. സാധാരണ സൈനികർക്ക് കർശന നടപടികൾ നേരിടേണ്ടിവരുമ്പോൾ നേതൃത്വസ്ഥാനത്തുള്ളവർക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയുന്ന സാഹചര്യം പൊതുജനവിശ്വാസത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ എസ്എഎസ് ക്യാപ്റ്റനും പ്രതിപക്ഷ മുൻനിര നേതാവുമായ ആൻഡ്രൂ ഹാസ്റ്റിയും റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്റെ അനുഭവങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് പ്രതികരിച്ചു. സൈന്യത്തിൽ കമ്മീഷൻഡ് പദവിയിലുള്ളവർ തങ്ങളുടെ കീഴിലുള്ളവരുടെ പ്രവർത്തനങ്ങൾക്ക് ധാർമികമായ ഉത്തരവാദിത്തം വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.