

മെൽബൺ: ഓസ്‌ട്രേലിയയെയും അന്താരാഷ്ട്ര സമൂഹത്തെയും ഒരുപോലെ നടുക്കിയ ലിയോൺഗാഥ മഷ്റൂം കൊലപാതകക്കേസിൽ പ്രതിയായ എറിൻ പാറ്റേഴ്സൺ നൽകിയ അപ്പീലിൽ വിക്ടോറിയ കോർട്ട് ഓഫ് അപ്പീൽ വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൂന്നംഗ ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിക്കുക. വിധി പ്രസ്താവം സുപ്രീം കോടതി വെബ്‌സൈറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
2023-ൽ അതിഥികൾക്കായി തയ്യാറാക്കിയ ബീഫ് വെല്ലിംഗ്ടൺ വിഭവത്തിൽ 'ഡെത്ത് ക്യാപ്' ഇനത്തിൽപ്പെട്ട വിഷക്കൂൺ ചേർത്ത് നൽകി മുൻ ഭർതൃമാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയിൽ പാറ്റേഴ്സൺ, ഗെയിലിന്റെ സഹോദരി ഹെതർ വിൽക്കിൻസൺ എന്നിവരെ കൊലപ്പെടുത്തിയതിനും, ഹെതറുടെ ഭർത്താവ് ഇയാൻ വിൽക്കിൻസണെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് 52-കാരിയായ എറിൻ പാറ്റേഴ്സന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2025-ൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എറിൻ അപ്പീൽ കോടതിയെ സമീപിച്ചത്. ജൂറി തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായെന്നും വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചുവെന്നുമാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം.
അപ്പീൽ അംഗീകരിക്കപ്പെട്ടാൽ കോടതി പുനർവിചാരണയ്ക്ക് ഉത്തരവിടുകയോ എറിനെ കുറ്റവിമുക്തയാക്കുകയോ ചെയ്യാം. അതേസമയം, 2056-ൽ എറിന് പരോൾ അനുവദിക്കാൻ സാധ്യത നൽകുന്ന വിചാരണ കോടതിയുടെ ഉത്തരവിനെതിരെ പ്രോസിക്യൂഷനും അപ്പീൽ നൽകിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുക്കുമ്പോൾ പരോൾ സാധ്യതയോടെയുള്ള ശിക്ഷ തീർത്തും അപര്യാപ്തമാണെന്നും പരോളില്ലാത്ത കഠിനതടവ് നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷൻ അപ്പീൽ കോടതി ശരിവെച്ചാൽ എറിന് കൂടുതൽ കടുത്ത ശിക്ഷ ലഭിക്കും.