

ഓസ്‌ട്രേലിയയിലെ മുൻകാല സർക്കാർ അസിമിലേഷൻ നയങ്ങളുടെ ഭാഗമായി കുടുംബങ്ങളിൽ നിന്ന് നിർബന്ധിതമായി വേർപെടുത്തപ്പെട്ട Stolen Generations അംഗങ്ങൾക്കും അവരുടെ പിൻതലമുറകൾക്കും മറ്റ് തദ്ദേശീയ ഓസ്‌ട്രേലിയക്കാരെയും തദ്ദേശീയരല്ലാത്തവരെയും അപേക്ഷിച്ച് ഗുരുതരമായ ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾ കൂടുതലാണെന്ന് പുതിയ റിപ്പോർട്ട്. Australian Institute of Health and Welfare (AIHW) തയ്യാറാക്കിയ റിപ്പോർട്ട് Healing Foundation-ന്റെ നിർദേശപ്രകാരമാണ് നടത്തിയത്. സ്റ്റോളൻ ജനറേഷൻസ് അതിജീവിതർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്ന സംഘടനയാണ് Healing Foundation. 2023ൽ പുറത്തുവന്ന വിവരങ്ങളുടെ തുടർച്ചയായാണ് പുതിയ പഠനം.
1970കളോളം ഓസ്‌ട്രേലിയയിലെ വിവിധ സർക്കാരുകൾ നടപ്പാക്കിയ വംശീയ അസിമിലേഷൻ നയങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് തദ്ദേശീയ കുട്ടികളെയാണ് മാതാപിതാക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ബലമായി വേർപെടുത്തിയത്. 1910നും 1970നും ഇടയിൽ 10 കുട്ടികളിൽ ഒരാളിൽ നിന്ന് മൂന്നിൽ ഒരാൾ വരെ ഇത്തരത്തിൽ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്ക്. കുട്ടികളെ സ്ഥാപനങ്ങളിലേക്ക് മാറ്റുകയോ തദ്ദേശീയരല്ലാത്ത കുടുംബങ്ങൾക്ക് ഫോസ്റ്റർ കെയറിലൂടെയോ ദത്തെടുക്കലിലൂടെയോ നൽകുകയോ ചെയ്തു. ഇവരിൽ പലരും കടുത്തതും അപമാനകരവുമായ പെരുമാറ്റത്തിനും ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022, 2023 വർഷങ്ങളിലെ സർവേ വിവരങ്ങളാണ് AIHW പഠനത്തിൽ ഉപയോഗിച്ചത്. ഇപ്പോൾ 50 വയസ്സിന് മുകളിലുള്ള Stolen Generations അംഗങ്ങളെയും അവരുടെ പിൻതലമുറകളെയും പഠനം ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയിൽ 18 വയസ്സിന് മുകളിലുള്ള തദ്ദേശീയ ജനസംഖ്യയിലെ ഏകദേശം 45 ശതമാനം പേർക്ക്, അതായത് ഏകദേശം 200,000 പേർക്ക്, മാതാപിതാവ്, മുത്തശ്ശൻ-മുത്തശ്ശി, അമ്മാവൻ അല്ലെങ്കിൽ അമ്മായി എന്നിവരിൽ ഒരാൾ കുടുംബത്തിൽ നിന്ന് നിർബന്ധിതമായി വേർപെടുത്തപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. മറ്റ് തദ്ദേശീയ ഓസ്‌ട്രേലിയക്കാരുമായി താരതമ്യം ചെയ്യുമ്പോൾ Stolen Generations അതിജീവിതർക്ക് ഗുരുതരമോ ആഴത്തിലുള്ളതോ ആയ വൈകല്യം ഉണ്ടാകാനുള്ള സാധ്യത 2.7 മടങ്ങ് കൂടുതലാണ്. കഴിഞ്ഞ 12 മാസത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 1.7 മടങ്ങും കൂടുതലാണെന്ന് പ്രായം, ലിംഗം, താമസിക്കുന്ന പ്രദേശത്തിന്റെ അകലം തുടങ്ങിയ വ്യത്യാസങ്ങൾ കണക്കിലെടുത്ത ശേഷവും കണ്ടെത്തി.
തദ്ദേശീയരല്ലാത്ത ഓസ്‌ട്രേലിയക്കാരുമായി താരതമ്യം ചെയ്യുമ്പോൾ, Stolen Generations അതിജീവിതർക്ക് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത 6 മടങ്ങ്, ഗുരുതരമായ വൈകല്യത്തിനുള്ള സാധ്യത 4.8 മടങ്ങ്, ഉയർന്ന മാനസിക സമ്മർദം റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത 3.9 മടങ്ങ് കൂടുതലാണ്. സാമ്പത്തികമായും ഇവർ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ട് കണ്ടെത്തി. അപ്രതീക്ഷിത അടിയന്തര ചെലവുകൾ വഹിക്കാൻ കഴിയാത്ത സാഹചര്യം, അടിസ്ഥാന ആവശ്യങ്ങൾക്കുപോലും പണം കണ്ടെത്താനാകാതെ കൂടുതൽ ദിവസങ്ങൾ കഴിയേണ്ടിവരുന്നത് തുടങ്ങിയ പ്രശ്നങ്ങൾ മറ്റ് തദ്ദേശീയ ജനങ്ങളേക്കാൾ കൂടുതലാണ്.
മറ്റ് തദ്ദേശീയരുമായി താരതമ്യം ചെയ്യുമ്പോൾ Stolen Generations അതിജീവിതർക്ക് ഉയർന്ന മാനസിക സമ്മർദം അനുഭവപ്പെടാനുള്ള സാധ്യത ഏകദേശം ഇരട്ടിയാണ്. മാനസികമോ പെരുമാറ്റപരമോ ആയ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത 1.6 മടങ്ങും കൂടുതലാണ്. അവരുടെ പിൻതലമുറകൾക്ക് ഉയർന്ന മാനസിക സമ്മർദവും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത 1.3 മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. Stolen Generations അതിജീവിതരുടെയും അവരുടെ കുടുംബങ്ങളുടെയും അനുഭവങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ഓസ്‌ട്രേലിയയിൽ ഇപ്പോഴും സമഗ്രമായ വിവരങ്ങളുടെ അഭാവമുണ്ടെന്ന് AIHW-ലെ First Nations Health ആക്ടിങ് മേധാവി ഡോ. മാർട്ടിൻ എഡ്വാർഡ്സൺ പറഞ്ഞു.
അതിജീവിതർ പ്രായമാകുന്നതോടെ സാധാരണ കുടുംബ സർവേകളിൽ അവരുടെ പ്രാതിനിധ്യം കുറയുന്നതിനാൽ നിലവിലുള്ള വിവരങ്ങളിൽ നിന്ന് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നും വേർപെടുത്തിയതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നതായി Healing Foundation ഡെപ്യൂട്ടി CEO ലിയോണി വില്യംസൺ പറഞ്ഞു.
“പതിറ്റാണ്ടുകളായി നടപ്പാക്കിയ ഈ വംശാധിഷ്ഠിത നയങ്ങൾ ഇന്നും നമ്മോടൊപ്പമുണ്ടെന്ന യാഥാർഥ്യമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്,” അവർ പറഞ്ഞു. Stolen Generations അതിജീവിതർക്കും അവരുടെ പിൻതലമുറകൾക്കും സംസ്ഥാന-ടെറിട്ടറി സർക്കാരുകളിൽ നിന്ന് ട്രോമയെ മനസ്സിലാക്കി സമഗ്രമായ പിന്തുണ നൽകുന്ന സേവനങ്ങൾ അടിയന്തരമായി ആവശ്യമാണെന്നും വില്യംസൺ വ്യക്തമാക്കി. ഇത്തരത്തിലുള്ള സേവനങ്ങൾ ലക്ഷ്യമിട്ട് നടപ്പാക്കിയാൽ Aboriginal, Torres Strait Islander സമൂഹത്തിന്റെ ആകെ ആരോഗ്യ-സാമൂഹിക ഫലങ്ങളിൽ വലിയ പുരോഗതി ഉണ്ടാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. 1997ലെ Bringing Them Home അന്വേഷണത്തിലെ ശുപാർശകളിൽ വെറും 6 ശതമാനം മാത്രമാണ് പൂർണമായി നടപ്പാക്കിയതെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതായും വില്യംസൺ പറഞ്ഞു.
(തദ്ദേശീയ ഓസ്‌ട്രേലിയക്കാർക്ക് വിവരങ്ങൾക്കും അടിയന്തര പിന്തുണയ്ക്കുമായി 13YARN: 13 92 76 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടാതെ Lifeline: 13 11 14, Mensline: 1300 789 978, Beyond Blue: 1300 22 4636 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളിലും സഹായം തേടാം.)