വിക്ടോറിയയിൽ തടവുകാർക്ക് എമർജൻസി ശിക്ഷാ ഇളവ് റദ്ദാക്കാൻ പ്രതിപക്ഷം

വിക്ടോറിയ സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയാൽ ഈ നയം പൂർണ്ണമായും നിർത്തലാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം.
വിക്ടോറിയയിൽ തടവുകാർക്ക് എമർജൻസി ശിക്ഷാ ഇളവ് റദ്ദാക്കാൻ പ്രതിപക്ഷം
(James Ross/AAP PHOTOS)
Published on: 

അടിയന്തരാവസ്ഥകളിലോ ലോക്ക്ഡൗണുകളിലോ തടവറകളിൽ നല്ല രീതിയിൽ പെരുമാറുന്ന കുറ്റവാളികളുടെ തടവുകാലം കുറച്ചുനൽകുന്ന നിയമം റദ്ദാക്കുമെന്ന പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഓസ്‌ട്രേലിയൻ പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യം (Coalition). വിക്ടോറിയ സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയാൽ ഈ നയം പൂർണ്ണമായും നിർത്തലാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം. 'എമർജൻസി മാനേജ്‌മെന്റ് ഡേയ്‌സ്' എന്നറിയപ്പെടുന്ന ഈ നിയമപ്രകാരം തൊഴിൽ തർക്കങ്ങൾ, അപ്രതീക്ഷിത ലോക്ക്ഡൗണുകൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ തടവുകാർ കാണിക്കുന്ന നല്ല പെരുമാറ്റത്തിന് പ്രതിഫലമായി ശിക്ഷാകാലളവിൽ കിഴിവ് നൽകാൻ വിക്ടോറിയയിൽ നിലവിലുള്ള നിയമം അനുവദിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ വിക്ടോറിയ സംസ്ഥാനത്ത് മാത്രമാണ് ഇത്തരമൊരു വ്യവസ്ഥ നിലനിൽക്കുന്നത്.

വിവരവകാശ നിയമപ്രകാരം (FOI) പ്രതിപക്ഷ സഖ്യത്തിന് ലഭിച്ച രേഖകൾ അനുസരിച്ച്, നാല് വർഷത്തിനിടെ ഈ പദ്ധതിയിലൂടെ വിവിധ തടവുകാരുടെ മൊത്തം ശിക്ഷാകാലയളവിൽ നിന്ന് 2,300 വർഷത്തോളമാണ് കുറവുചെയ്തത്. കോവിഡ്-19 പാൻഡെമിക് കാലത്ത് ജനങ്ങൾ നേരിട്ട ഓരോ ദിവസത്തെ ലോക്ക്ഡൗണിനും തടവുകാർക്ക് ഓട്ടോമാറ്റിക്കായി നാല് ദിവസം വീതം ശിക്ഷയിൽ ഇളവ് നൽകിയിരുന്നു. കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗിക അക്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് വരെ ഈ ആനുകൂല്യം ലഭിച്ചു. 2018-ൽ സ്വന്തം പങ്കാളിയായ കാറ്റി ഹേലിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷെയ്ൻ റോബർട്ട്സൺ എന്ന കുറ്റവാളിക്ക് കോവിഡ് കാലത്തെ ഈ ഇളവ് കാരണം 14 മാസത്തെ തടവുകാലമാണ് കുറഞ്ഞു കിട്ടിയത്. തുടർന്ന് കാറ്റിയുടെ കുടുംബം മുൻകൈയെടുത്താണ് വിവാദപരമായ ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രചാരണം ആരംഭിച്ചത്. സ്വയംസിദ്ധമായി ഇളവുകൾ നൽകുന്ന ഈ രീതി 2023 ഫെബ്രുവരിയിൽ അവസാനിപ്പിച്ചിരുന്നു. നിലവിൽ തടവുകാർ ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

Also Read
ഇന്ത്യയിലെ ഊർജ്ജ വിപ്ലവത്തിൽ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
വിക്ടോറിയയിൽ തടവുകാർക്ക് എമർജൻസി ശിക്ഷാ ഇളവ് റദ്ദാക്കാൻ പ്രതിപക്ഷം

വിമർശനവുമായി ഭരണപക്ഷവും പ്രതിപക്ഷവും

"ലേബർ സർക്കാർ നടപ്പിലാക്കുന്ന സൗജന്യ ശിക്ഷാ ഇളവുകൾ പൊതുസമൂഹത്തിന്റെ പ്രതീക്ഷകൾക്ക് നിരക്കുന്നതല്ല. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളുമായി ഇത് ഒട്ടും ചേർന്നുപോകുന്നില്ല," എന്ന് പ്രതിപക്ഷ പോലീസ്-കറക്ഷൻസ് വക്താവ് ബ്രാഡ് ബാറ്റിൻ ഞായറാഴ്ച ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഭരണപക്ഷമായ ലേബർ പാർട്ടി വക്താവ് വിമർശിച്ചത്. പ്രതിപക്ഷം കോവിഡ് കാലത്തെ അനാവശ്യമായി വീണ്ടും ചർച്ചയാക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. "പ്രതിപക്ഷ നേതാവ് ജെസ് വിത്സന് സമൂഹത്തിന്റെ സുരക്ഷയിൽ ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ, അവർ പ്രഖ്യാപിച്ചിരിക്കുന്ന 31,000 തസ്തികകളുടെ വെട്ടിച്ചുരുക്കൽ നമ്മുടെ പോലീസ്, ജയിൽ, കോടതി സംവിധാനങ്ങളെ തകർക്കില്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്," എന്ന് ഗവൺമെന്റ് വക്താവ് തിരിച്ചടിച്ചു.

നേരത്തെ 2021-ൽ ഓസ്‌ട്രേലിയൻ ഫെഡറൽ ഗവൺമെന്റ് നിയമനിർമ്മാണം നടത്തി കോമൺവെൽത്ത് കുറ്റവാളികൾക്ക് വിക്ടോറിയൻ ജയിലുകളിൽ ഇത്തരം ആനുകൂല്യം ലഭിക്കുന്നത് തടയുകയും നിലവിലുണ്ടായിരുന്ന ഇളവുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.

‘Metro M Australia’ വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Metro Australia
maustralia.com.au