

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച ഊർജ്ജ വിപ്ലവത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ലോക ചരിത്രത്തിൽ മറ്റൊരു രാജ്യവും ഒരു ദശാബ്ദത്തിനിടെ കൈവരിക്കാത്ത വിധത്തിലാണ് മോദി സർക്കാർ കോടിക്കണക്കിന് ജനങ്ങളിലേക്ക് ഊർജ്ജ ലഭ്യത എത്തിച്ചതെന്ന് ആൽബനീസ് വ്യക്തമാക്കി. യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ ഏഷ്യ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റൂഡുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഉജ്ജ്വല യോജനയിലൂടെ 10.5 കോടിയിലധികം പാചകവാതക കണക്ഷനുകൾ നൽകിയതും സൗഭാഗ്യ പദ്ധതിയിലൂടെ 2.8 കോടി വീടുകളിൽ വൈദ്യുതി എത്തിച്ചതും ആഗോള ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ പിഎം സൂര്യഘർ പദ്ധതിയിലൂടെ 50 ലക്ഷത്തിലധികം വീടുകളിൽ സൗരോർജ്ജവും പിഎം-കുസും പദ്ധതിയിലൂടെ 25 ലക്ഷം കർഷകർക്ക് സോളാർ പമ്പുകളും ലഭ്യമാക്കി. പശ്ചിമേഷ്യൻ യുദ്ധവും ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധികളും ആഗോള വിതരണ ശൃംഖലയെ ബാധിച്ചപ്പോഴും ഇന്ധന ഇറക്കുമതി 27-ൽ നിന്ന് 41 രാജ്യങ്ങളിലേക്ക് വികേന്ദ്രീകരിച്ച് ഇന്ത്യ ഊർജ്ജ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം ആൽബനീസ് ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും.