യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ ഡ്രോൺ ആക്രമണം;പ്ലാറ്റ്‌ഫോമിൽ നിന്ന 14 യാത്രക്കാർ കൊല്ലപ്പെട്ടു

ഒലേഷ്കിയിൽ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച താൽക്കാലിക പ്രാദേശിക വെടിനിർത്തൽ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടയിലാണ് മറ്റ് ഭാഗങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കിയത്.
യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ ഡ്രോൺ ആക്രമണം;പ്ലാറ്റ്‌ഫോമിൽ നിന്ന 14 യാത്രക്കാർ കൊല്ലപ്പെട്ടു
Reuters
Published on: 

കീവ്: യുക്രെയ്നിലെ ഡനിപ്രോ (Dnipro) നഗരത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനിലേക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 11 വയസ്സുള്ള കുട്ടിയുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. സാധാരണ പാസഞ്ചർ ട്രെയിനും കമ്മ്യൂട്ടർ ട്രെയിനും നിർത്തിയിട്ടിരുന്ന പ്ലാറ്റ്‌ഫോമിലേക്കാണ് ജെറ്റ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ 14 പേരിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ഇതിൽ ഇരുകാലുകളും നഷ്ടപ്പെട്ട ഒരാളും ഉൾപ്പെടുന്നുവെന്നും ഡനിപ്രോപെട്രോവ്സ്ക് റീജിയണൽ ഗവർണർ ഒലെക്സാണ്ടർ ഗാൻഷ അറിയിച്ചു.

ഒലേഷ്കിയിൽ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച താൽക്കാലിക പ്രാദേശിക വെടിനിർത്തൽ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടയിലാണ് യുക്രെയ്ന്റെ മറ്റ് ഭാഗങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കിയത്. വ്യോമസേന മൂന്ന് ഡ്രോണുകൾ വെടിവച്ചിട്ടെങ്കിലും നാലാമത്തേത് പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പതിക്കുകയായിരുന്നു. ആക്രമണത്തെ ക്രൂരമെന്ന് അപലപിച്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി, യുദ്ധം തുടരുന്നിടത്തോളം കാലം മോസ്കോയ്ക്കെതിരായ ഉപരോധങ്ങളിൽ അയവുവരുത്തരുതെന്ന് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു.

ഡനിപ്രോയ്ക്ക് പുറമെ ചെർണിഹീവിലും ക്രെമെൻചുക്കിലും റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളടക്കം ആറ് പേർ കൂടി കൊല്ലപ്പെട്ടു. വരാനിരിക്കുന്ന ശൈത്യകാലത്ത് രാജ്യത്തെ തണുപ്പിലും ഇരുട്ടിലും ആഴ്ത്തുകയെന്ന ലക്ഷ്യത്തോടെ യുക്രെയ്നിലെ ഊർജ്ജ നിലയങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് റഷ്യ ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണ്. അടുത്ത മാസം യുഎസ് പ്രതിനിധികളുമായി ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടയിലും യുദ്ധത്തിന്റെ തീവ്രത കുറയ്ക്കില്ലെന്ന കർശന നിലപാടിലാണ് ക്രെംലിൻ.