

പശ്ചിമേഷ്യയില്‍ സമാധന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ നിര്‍ണായക തീരുമാനങ്ങളില്‍ നിന്നും തന്റെ സര്‍ക്കാരിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. രാജികത്ത് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ഓഫീസിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്ലാമിക് റെവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചോദ്യം ചെയ്യാത്ത ആധിപത്യത്തിലും അവര്‍ തീരുമാനങ്ങള്‍ തന്നെ കൃത്യമായി അറിയിക്കാത്തതിലുമാണ് പെസെഷ്‌കിയാന്റെ അതൃപ്തിയെന്നാണ് സൂചന. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ യാതൊരു കാര്യങ്ങളും അറിയുന്നില്ലെന്ന് ഇദ്ദേഹം പരാതി ഉന്നയിച്ചെന്നാണ് സൂചന. എന്നാല്‍ പ്രസിഡന്റ് ഓഫിസില്‍ തുടരുന്നുവെന്നും രാജി വച്ചെന്നത് വെറും അഭ്യൂഹം മാത്രമെന്നും ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. എന്നാൽ ഇറാനിലെ ആഭ്യന്തര ഭിന്നതകളെ നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.
പെസെഷ്‌കിയാന്‍ രാജിവച്ചെന്ന വാര്‍ത്ത പ്രസിഡന്റിന്റെ ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മേധാവി സയ്യിദ് മെഹ്ദി തബതബായി ഒരു എക്‌സ് പോസ്റ്റിലൂടെയും നിഷേധിച്ചിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സും പ്രസിഡന്റുമായി അഭിപ്രായ ഭിന്നതകളുള്ളതായി മാസങ്ങള്‍ മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നതാണ്. യുദ്ധവും സമാധാന ചര്‍ച്ചകളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഐആര്‍ജിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് പെസെഷ്‌കിയാന്റെ പരാതിയെന്ന് മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.