

ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന്റെ വാഗ്ദാനങ്ങളെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും ഇറാന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് നല്‍കിയ വിഡിയോയിൽ ഗാലിബാഫ് വ്യക്തമാക്കി. കരാര്‍ വ്യവസ്ഥകളില്‍ ഇറാനും അമേരിക്കയും തമ്മില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
കരാര്‍ ചര്‍ച്ചകള്‍ അധികം നീട്ടിക്കൊണ്ടുപോകാതിരിക്കാനും അതിവേഗം കരാര്‍ പ്രഖ്യാപിക്കാനുമാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഇറാന്‍ ആണവായുധം ഉപയോഗിക്കുമെന്ന ഭീഷണി പൂര്‍ണമായും നീങ്ങാതെ അമേരിക്ക കരാറില്‍ ഒപപ്പുവയ്ക്കില്ലെന്ന് ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി ഐആര്‍ജിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസില്‍ നിയന്ത്രണം തുടരുമെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഇറാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധത്തിന്റെ വഴി തിരഞ്ഞെടുക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് ഭീഷണിപ്പെടുത്തിയിരുന്നു.