'ക്യൂ-ഡേ'വരുന്നു;നമ്മൾ ഇന്ന് അയക്കുന്ന മെയിലുകളും ബാങ്ക് വിവരങ്ങളും ഭാവിയിൽ ചോർത്താൻ ആഗോള ഹാക്കർമാർ

വർഷങ്ങൾ എടുത്താൽ മാത്രം തകർക്കാൻ കഴിയുന്ന സുരക്ഷാ ഗണിതക്കൂട്ടുകളെ മിനിറ്റുകൾക്കുള്ളിൽ അഴിച്ചെടുക്കാൻ ക്വാണ്ടം കമ്പ്യൂട്ടറുകൾ യാഥാർത്ഥ്യമാകുന്ന ദിവസത്തെയാണ് 'ക്യൂ-ഡേ' എന്ന് വിളിക്കുന്നത്.
Qantas Data Leak
ഡാറ്റാ ഹാക്കിങ്Glen Carrie/ unsplash
Published on

സിഡ്‌നി: ഇന്റർനെറ്റിൽ നമ്മൾ ഇന്ന് നടത്തുന്ന സുരക്ഷിതമായ ഇടപാടുകളെല്ലാം ഭാവിയിൽ ഒരു നിമിഷം കൊണ്ട് തകർക്കാൻ ശേഷിയുള്ള 'ക്യൂ-ഡേ' (Q-Day) സൈബർ ലോകത്തിന് കടുത്ത ഭീഷണിയാകുന്നു. കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ പീറ്റർ ഷോർ 1994-ൽ വികസിപ്പിച്ചെടുത്ത 'ഷോർസ് ആൽഗരിതം' (Shor's Algorithm) ആണ് ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് നിലവിലുള്ള ഇന്റർനെറ്റ് സുരക്ഷാ കോഡുകൾ തകർക്കാൻ കഴിയുമെന്ന് തെളിയിച്ചത്. നിലവിൽ ബാങ്ക് ഇടപാടുകൾ, ഇമെയിലുകൾ, ആരോഗ്യ രേഖകൾ, ഔദ്യോഗിക രഹസ്യങ്ങൾ എന്നിവ സംരക്ഷിക്കുന്നത് 'പബ്ലിക്-കീ എൻക്രിപ്ഷൻ' (Public-key encryption) വഴിയാണ്. സാധാരണ സൂപ്പർ കമ്പ്യൂട്ടറുകൾക്ക് പോലും കോടിക്കണക്കിന് വർഷങ്ങൾ എടുത്താൽ മാത്രം തകർക്കാൻ കഴിയുന്ന ഈ സുരക്ഷാ ഗണിതക്കൂട്ടുകളെ മിനിറ്റുകൾക്കുള്ളിൽ അഴിച്ചെടുക്കാൻ ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ യാഥാർത്ഥ്യമാകുന്ന ദിവസത്തെയാണ് ശാസ്ത്രലോകം 'ക്യൂ-ഡേ' എന്ന് വിളിക്കുന്നത്.

ഹാക്കർമാർ നിലവിൽ നടത്തുന്ന "ഹാർവെസ്റ്റ് നൗ, ഡിക്രിപ്റ്റ് ലേറ്റർ" (Harvest now, decrypt later) എന്ന തന്ത്രമാണ് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. അതായത്, നിങ്ങളുടെ എൻക്രിപ്റ്റ് ചെയ്ത ഇമെയിലുകളും രേഖകളും ഹാക്കർമാർ ഇപ്പോൾത്തന്നെ മോഷ്ടിച്ച് സൂക്ഷിക്കുകയാണ്. ഭാവിയിൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ വരുമ്പോൾ ഇവയെല്ലാം അവർ ഒറ്റയടിക്ക് ഡീകോഡ് ചെയ്ത് വിവരങ്ങൾ ചോർത്തും. അടുത്ത 10 മുതൽ 15 വർഷത്തിനുള്ളിൽ ക്യൂ-ഡേ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ കടുത്ത ഭീഷണിയെ പ്രതിരോധിക്കാൻ യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് ടെക്നോളജി (NIST) ആഗോളതലത്തിൽ നടത്തിയ മത്സരത്തിലൂടെ പുതിയ മൂന്ന് 'ക്വാണ്ടം-സേഫ്' ആൽഗരിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകൾ, ടെലികോം കമ്പനികൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ വൻകിട സ്ഥാപനങ്ങൾ ഈ വർഷാവസാനത്തോടെ തങ്ങളുടെ സിസ്റ്റങ്ങൾ ക്വാണ്ടം സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഐടി ഭീമന്മാരും ഈ മാറ്റത്തിനായുള്ള തയാറെടുപ്പുകളിലാണ്.

Metro Australia
maustralia.com.au