ഫ്രാൻസിന്റെ വലിപ്പമുള്ള മഞ്ഞുപാളികൾ അപ്രത്യക്ഷമായി;അന്റാർട്ടിക്കയിൽ കടുത്ത ആശങ്ക

ഈ മേഖലയിൽ ഇനി ഒരിക്കലും പഴയതുപോലെ മഞ്ഞ് രൂപപ്പെടാൻ സാധിക്കാത്ത വണ്ണം സമുദ്ര അന്തരീക്ഷം മാറിയിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു.
ഫ്രാൻസിന്റെ വലിപ്പമുള്ള മഞ്ഞുപാളികൾ അപ്രത്യക്ഷമായി;അന്റാർട്ടിക്കയിൽ കടുത്ത ആശങ്ക
Supplied: AAD/Jan Lieser
Published on

ഹോബാർട്ട്: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്റാർട്ടിക്കയിൽ വൻ പ്രകൃതി ദുരന്ത സൂചനകൾ കണ്ടെത്തി. പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ബെല്ലിങ്ഷൗസെൻ കടലിൽ സാധാരണയായി ജൂൺ മാസത്തിൽ രൂപപ്പെടേണ്ട വൻ ശീതകാല മഞ്ഞുപാളികൾ (Winter sea ice) ഇത്തവണ രൂപപ്പെട്ടിട്ടില്ലെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഫ്രാൻസ് രാജ്യത്തിന്റെ ആകെ വലിപ്പത്തിന് തുല്യമായ, ഏകദേശം 6,50,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഞ്ഞുപാളികളാണ് ഇത്തവണ കടലിൽ ഉറഞ്ഞുപോകാതെ ജലമായി അവശേഷിക്കുന്നത്. ഈ മേഖലയിൽ ഇനി ഒരിക്കലും പഴയതുപോലെ മഞ്ഞ് രൂപപ്പെടാൻ സാധിക്കാത്ത വണ്ണം സമുദ്ര അന്തരീക്ഷം മാറിയിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഉപഗ്രഹ ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇപ്പോഴുണ്ടായ മാറ്റം തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും ടാസ്മാനിയ സർവ്വകലാശാലയിലെ മഞ്ഞുപാളി ഗവേഷകനായ ഡോ. വിൽ ഹോബ്സ് (Dr Will Hobbs) പറഞ്ഞു. ഭൂമിശാസ്ത്രപരമായി ഈ മേഖലയിലെ സമുദ്രജലം മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചൂടുള്ളതാണ്; മാത്രമല്ല വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ചൂടുള്ള സമുദ്ര പ്രവാഹങ്ങൾ ഈ പ്രദേശവുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ വരുന്ന ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒഴുകിനടക്കുന്ന ചെറിയ മഞ്ഞുപാളികൾ ഇവിടെയെത്തിയേക്കാം എന്നതൊഴിച്ചാൽ, പുതുതായി മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. അന്റാർട്ടിക്കയിൽ 2023-ൽ രേഖപ്പെടുത്തിയതിനേക്കാൾ 1.5 മില്യൺ ചതുരശ്ര കിലോമീറ്റർ കുറവ് മഞ്ഞ് മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. ശരത്കാലത്തും വേനൽക്കാലത്തും മഞ്ഞുരുകുന്നത് പതിവാണെങ്കിലും, കടുത്ത ശീതകാലത്ത് പോലും മഞ്ഞ് ഉറഞ്ഞുപോകാത്തത് ഇതാദ്യമായാണ്.

ആഗോള സമുദ്രനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്:

ഈ ഭീമൻ മഞ്ഞുനഷ്ടം പെൻഗ്വിനുകൾ ഉൾപ്പെടെയുള്ള തദ്ദേശീയ സമുദ്ര ജീവികളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് നേരിട്ട് സമുദ്രനിരപ്പ് ഉയർത്തില്ലെങ്കിലും, കരയിലുള്ള വൻ മഞ്ഞു മലകളെ (Ice shelves) കടൽക്ഷോഭങ്ങളിൽ നിന്നും തരംഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് ഈ കടൽ മഞ്ഞുപാളികളാണ്. ഇവ ഇല്ലാതാകുന്നതോടെ കരയിലെ വൻ മഞ്ഞു മലകൾ വേഗത്തിൽ കടലിലേക്ക് ഇടിഞ്ഞുവീഴുകയും അത് ആഗോളതലത്തിൽ സമുദ്രനിരപ്പ് വൻതോതിൽ ഉയരാൻ കാരണമാകുകയും ചെയ്യും. കടലിന്റെ 100 മുതൽ 300 മീറ്റർ വരെ ആഴത്തിലുള്ള താപനില വർദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മറൈൻ ആൻഡ് അന്റാർട്ടിക് സ്റ്റഡീസിലെ (IMAS) ശാസ്ത്രജ്ഞനായ എഡ്വേർഡ് ഡോഡ്‌റിഡ്ജ് വിശദീകരിച്ചു. കൃത്യമായ തെളിവുകൾ ശേഖരിച്ചുവരികയാണെങ്കിലും, ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ ലക്ഷണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au