

ഓക്‌ലൻഡ് (കാലിഫോർണിയ): ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളിലും കൗമാരക്കാരിലും മാനസികാരോഗ്യ പ്രശ്നങ്ങളും ആസക്തിയും ഉണ്ടാക്കിയെന്നാരോപിച്ച് സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്‌ക്കെതിരെയുള്ള (Meta) നിർണ്ണായക കേസിന്റെ വിചാരണ കാലിഫോർണിയ ഫെഡറൽ കോടതിയിൽ ആരംഭിച്ചു. കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജേഴ്‌സി എന്നിവയുടെ നേതൃത്വത്തിൽ 29 യുഎസ് സംസ്ഥാനങ്ങളാണ് കമ്പനിക്കെതിരെ സംയുക്തമായി നിയമപോരാട്ടം നടത്തുന്നത്.
കുട്ടികളെ സോഷ്യൽ മീഡിയയിൽ അടിമകളാക്കി നിർത്തുക, അവരുടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിക്കുക, അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും സത്യം മറച്ചുവെക്കുക എന്നിവയാണ് മെറ്റയുടെ ബിസിനസ് മോഡൽ എന്ന് കാലിഫോർണിയ ഡെപ്യൂട്ടി അറ്റോർണി ജനറൽ മേഗൻ ഒനീൽ കോടതിയിൽ വാദിച്ചു. ഇൻഫിനിറ്റ് സ്ക്രോളിംഗ് (Infinite Scroll) അവസാനിപ്പിക്കുക, കർശനമായ പ്രായപരിധി ഏർപ്പെടുത്തുക തുടങ്ങിയ മാറ്റങ്ങൾ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ 200 ബില്യൺ ഡോളർ (ഏകദേശം 16.7 ലക്ഷം കോടിയിലധികം രൂപ) വരെ മെറ്റയ്ക്ക് പിഴ ചുമത്തപ്പെടാൻ സാധ്യതയുണ്ട്. ആറാഴ്ച നീണ്ടുനിൽക്കുന്ന വിചാരണയിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരിയും സാക്ഷിമൊഴി നൽകും. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നുമാണ് മെറ്റയുടെ വിശദീകരണം.