

വാഷിങ്ടൺ ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷം മറികടന്ന് സെനറ്റ് പിടിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടി. ആറിലധികം റിപ്പബ്ലിക്കൻ പാർട്ടി സീറ്റുകളാണ് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത്. ടെക്സാസ്, കന്‍സാസ്, അയോവ, ഒഹായോ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന തുടങ്ങിയ സീറ്റുകളിലാണ് ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയം നേടിയത്. ജനപ്രതിനിധി സഭയിലും ഡെമോക്രറ്റുകൾ മുന്നേറ്റം തുടരുകയാണ്. സെനറ്റിലെ തോൽവി ട്രംപിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ട്രംപ് നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിലയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉൾപ്പെടെയായിരുന്നു ഡെമോക്രാറ്റുകളുടെ മുന്നേറ്റം.