

ബേൺ: പശ്ചിമേഷ്യയിലെ മാസങ്ങൾ നീണ്ട യുദ്ധാന്തരീക്ഷത്തിന് അയവ് വരുത്താനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി ഒപ്പുവെച്ച ചരിത്രപരമായ ധാരണാപത്രത്തിന് പിന്നാലെ, യുഎസും ഇറാനും തമ്മിലുള്ള ആദ്യഘട്ട നയതന്ത്ര ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ പൂർത്തിയായി. എന്നാൽ, ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും ഭീഷണികളും കടുത്ത നയതന്ത്ര പ്രതിസന്ധിക്ക് വഴിമാറുകയാണ്.
ലബനനിലെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ലയെ നിയന്ത്രിക്കണമെന്നും ഇസ്രയേലിന് നേർക്കുള്ള ആക്രമണങ്ങൾ പൂർണ്ണമായി നിർത്തണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ പേര് നേരിട്ട് പറയാതെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ലബനനിലെ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ കഴിഞ്ഞ ആഴ്ച ഉണ്ടായതിനേക്കാൾ ശക്തമായ യുഎസ് സൈനിക ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.