ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം; യുഎന്നിന്റെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു, ഇന്ധനവില ഉയരുന്നു

ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതു മുതൽ മേഖലയിൽ കുടുങ്ങിപ്പോയ നൂറുകണക്കിന് കപ്പലുകളെയും ആയിരക്കണക്കിന് നാവികരെയും പുറത്തെത്തിക്കാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐഎംഒ പ്രത്യേക സുരക്ഷാ ദൗത്യം ആരംഭിച്ചത്
ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം;
ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം;
Published on

മസ്‌കറ്റ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക സമാധാന കരാറുകളെ ആശങ്കയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം. ഒമാൻ തീരത്തിന് സമീപം വെച്ച് സിംഗപ്പൂർ പതാക ഘടിപ്പിച്ച 'എവർ ലവ്‌ലി' (Ever Lovely) എന്ന ചരക്കുകപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതേത്തുടർന്ന് പശ്ചിമേഷ്യൻ കടൽ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (നടത്തിവന്ന രക്ഷാപ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചു.

കപ്പലിന് നേരെ വെടിയുതിർത്തത് ഇറാനാണെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതു മുതൽ മേഖലയിൽ കുടുങ്ങിപ്പോയ നൂറുകണക്കിന് കപ്പലുകളെയും ആയിരക്കണക്കിന് നാവികരെയും പുറത്തെത്തിക്കാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐഎംഒ പ്രത്യേക സുരക്ഷാ ദൗത്യം ആരംഭിച്ചത്. എന്നാൽ, സുരക്ഷാ മുൻകരുതലുകൾ വീണ്ടും ഉറപ്പാക്കുന്നതിനായാണ് നിലവിൽ ദൗത്യം താൽക്കാലികമായി നിർത്തുന്നതെന്ന് ഐഎംഒ ജനറൽ സെക്രട്ടറി ആർസീനിയോ ഡൊമിംഗസ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിനിരയായ കപ്പൽ തങ്ങളുടെ ഒഴിപ്പിക്കൽ പട്ടികയിൽ ഉള്ളതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നു; ട്രംപിന്റെ മുന്നറിയിപ്പ്:

കരാറുകൾ ലംഘിച്ച് ഇറാൻ കപ്പലുകളെ തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ രാജ്യം വീണ്ടും കടുത്ത ബോംബാക്രമണങ്ങളിലേക്ക് കടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ പരമാധികാരം തുടരുമെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകളിലൂടെയല്ലാതെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പനാമ പതാക ഘടിപ്പിച്ച രണ്ട് കപ്പലുകളുടെ പാത മാറ്റാൻ ഐആർജിസി ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.

Metro Australia
maustralia.com.au