

ന്യൂയോർക്ക്: വിപണിയെയും സാമ്പത്തിക മേഖലയെയും സ്വാധീനിക്കുന്ന പ്രസ്താവനകളും ഭരണനിർവ്വഹണ പ്രഖ്യാപനങ്ങളും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' പണം വാങ്ങി നേരത്തെ നൽകുന്ന പദ്ധതിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ കേസ്. മാധ്യമ സ്ഥാപനങ്ങളായ 'ദി ഇന്റർസെപ്റ്റ്', 'ഫ്രീഡം ഓഫ് ദി പ്രസ് ഫൗണ്ടേഷൻ' എന്നിവരാണ് ഭരണഘടനാ വിരുദ്ധവും അഴിമതിയുമാണെന്ന് ചൂണ്ടിക്കാട്ടി ന്യൂയോർക്ക് കോടതിയിൽ ഹർജി നൽകിയത്.
ട്രംപിന്റെ സന്ദേശങ്ങൾ സാധാരണക്കാർ അറിയുന്നതിനും ഏതാനും നിമിഷങ്ങൾക്ക് മുമ്പ് വരിക്കാർക്ക് ലഭ്യമാക്കുന്ന 'ട്രൂത്ത് എ.പി.ഐ' (Truth API) എന്ന സംവിധാനത്തിന് മാസംതോറും 100,000 യു.എസ് ഡോളർ (ഏകദേശം 80 ലക്ഷത്തിലധികം രൂപ) വരെയാണ് ഈടാക്കുന്നത്. ഓഹരി വിപണിയെയും ആഗോള വ്യപാരത്തെയും വരെ സ്വാധീനിക്കുന്ന വിവരങ്ങൾ ഇത്തരത്തിൽ വിറ്റ് സ്വകാര്യ കമ്പനി വഴി ട്രംപും കുടുംബവും കോടികൾ സമ്പാദിക്കുന്നുവെന്നാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ ആരോപണം. വിഷയം വൻ രാഷ്ട്രീയ-നിയമ തർക്കങ്ങൾക്കാണ് അമേരിക്കയിൽ വഴിതുറന്നിരിക്കുന്നത്.