3.7 ബില്യൺ വർഷം പഴക്കമുള്ള പ്രദേശം; ചൊവ്വയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ

ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന ഈ വിശാല പ്രദേശം ഏകദേശം 3.7 ബില്യൺ വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് കരുതുന്നു.
3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം
ചിത്രങ്ങൾ ഇഎസ്എയുടെ ദീർഘകാല മിഷനായ മാർസ് എക്‌സ്‌പ്രസ് ഓർബിറ്ററാണ് പകർത്തിയത്. (Image credit: ESA/DLR/FU Berlin)
Published on

ചൊവ്വയിലെ ഏറ്റവും പഴക്കമുള്ളതും ഗർത്തങ്ങളാൽ നിറഞ്ഞതുമായ പ്രദേശങ്ങളിലൊന്നായ അറേബിയ ടെറ (Arabia Terra)യുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA). ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന ഈ വിശാല പ്രദേശം ഏകദേശം 3.7 ബില്യൺ വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് കരുതുന്നു. ബില്യൺ വർഷങ്ങളായി നടന്ന ആസ്റ്ററോയിഡ് കൂട്ടിയിടികൾ, അഗ്നിപർവ്വത പ്രവർത്തനങ്ങൾ, അതിശക്തമായ കൊടുങ്കാറ്റുകൾ ഉൾപ്പെടെയുള്ള പ്രക്രിയകളും ചേർന്നാണ് ഈ പ്രദേശം ഇന്ന് കാണുന്ന നിലയില്‍ രൂപപ്പെട്ടത് എന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഈ ചിത്രങ്ങൾ ഇഎസ്എയുടെ ദീർഘകാല മിഷനായ മാർസ് എക്‌സ്‌പ്രസ് (Mars Express) ഓർബിറ്ററാണ് പകർത്തിയത്. 2024 ഒക്‌ടോബര്‍ 12-ന് മാർസിനെ ചുറ്റിയുള്ള അതിന്‍റെ 26,233-ാമത്തെ ഭ്രമണത്തിനിടയിൽ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ കൂടുതൽ വിശദമായ നിറവും ഭൂപ്രകൃതിയും കാണിക്കുന്ന രീതിയിൽ പുനഃസൃഷ്‍ടിച്ച് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. മാർസ് എക്‌സ്‌പ്രസിലെ ഹൈ-റസലൂഷൻ സ്റ്റീരിയോ ക്യാമറ (HRSC) ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ എടുത്തത്.

Also Read
സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയായി
3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം

ചിത്രത്തിൽ ട്രൂവലോട്ട് (Trouvelot) എന്ന വലിയ ഗർത്തം വ്യക്തമായി കാണപ്പെടുന്നു. ഇതിന്‍റെ സമീപത്ത് കൂടുതൽ പഴക്കം തോന്നിക്കുന്ന മറ്റൊരു വലിയ തടം കൂടി കാണാം. അതിന്‍റെ വക്കുകൾ വളരെ കൂടുതൽ ക്ഷയിച്ച നിലയിലാണ്. ട്രൂവലോട്ട് ക്രേറ്റർ ഈ പഴയ തടത്തിലേക്ക് ഭാഗികമായി ഇറങ്ങിറിയ നിലയിലാണ്. ഇത് ആ തടം ആദ്യം രൂപപ്പെട്ടതിന് കാരണമാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ക്രേറ്ററിന്‍റെ അടിഭാഗം കൂടുതലായും ഇരുണ്ട നിറമുള്ള മാഫിക് ശിലകളാൽ മൂടപ്പെട്ടിരിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഈ പാറകളിൽ പൈറോക്‌സീൻ, ഒലിവിൻ തുടങ്ങിയ ധാതുക്കൾ കാണപ്പെടുന്നു. ശക്തമായ ഇടിച്ചിലുകൾ മൂലം പുറത്തുവന്ന ഈ അഗ്നിപർവ്വത ശിലകൾ പിന്നീട് കാറ്റിന്‍റെയും ഗുരുത്വാകർഷണത്തിന്‍റെയും സ്വാധീനത്തിൽ പ്രദേശമൊട്ടാകെ പുനർവിതരണം ചെയ്യപ്പെട്ടിരിക്കാമെന്ന് ഗവേഷകർ കരുതുന്നു.

ചിത്രത്തിന്‍റെ പല ഭാഗങ്ങളിലും ഇരുണ്ട വരകളും പാച്ചുകളും കാണാം. ഇവ അഗ്നിപർവ്വത വസ്‍തുക്കളുടെ അടയാളങ്ങളായിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം, അർദ്ധചന്ദ്രാകൃതിയിലുള്ള ബാർഖാൻ മണൽക്കുന്നുകൾ ചൊവ്വയിലെ കാറ്റിന്‍റെ ദിശ വ്യക്തമാക്കുന്നു. കൂടാതെ ഏകദേശം 20 കിലോമീറ്റർ നീളമുള്ള ഒരു ഇളം നിറത്തിലുള്ള കുന്നും ചിത്രങ്ങളിൽ കാണാം. ഇതിന്‍റെ മേൽപ്പറപ്പിൽ ചെറിയ പാളികളും വരകളുമുണ്ട്. വെള്ളത്തിന്‍റെ സാന്നിധ്യത്തിൽ രൂപപ്പെട്ടതോ പിന്നീട് വെള്ളം മൂലം മാറ്റം സംഭവിച്ചതോ ആയ ധാതുക്കൾ ഇവിടെ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ സംശയം. സാധാരണയായി ഇത്തരം ധാതുക്കൾ ചുറ്റുപാടുകളേക്കാൾ ഇളം നിറത്തിലാണ് കാണപ്പെടുന്നത്.

Metro Australia
maustralia.com.au