ഹോർമുസ് തുറന്നിട്ടും കപ്പലുകൾ അനങ്ങുന്നില്ല; ആഗോള വിതരണ ശൃംഖല സാധാരണ നിലയിലാകാൻ മാസങ്ങളെടുക്കും

യുദ്ധത്തിന് മുൻപ് പ്രതിദിനം 130-ലധികം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെറും 7 കപ്പലുകൾ മാത്രമാണ് സഞ്ചരിച്ചത്.
Strait of Hormuz
Published on

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഉപരോധം ഇറാൻ താൽക്കാലികമായി നീക്കിയെങ്കിലും കപ്പൽ ഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയിൽ. അമേരിക്കയുമായും ഇസ്രായേലുമായുള്ള വെടിനിർത്തലിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് ഇറാൻ അറിയിച്ചിരുന്നെങ്കിലും സുരക്ഷാ ഭീതിയെത്തുടർന്ന് ഭൂരിഭാഗം കപ്പലുകളും ഇപ്പോഴും വിട്ടുനിൽക്കുകയാണ്.

യുദ്ധത്തിന് മുൻപ് പ്രതിദിനം 130-ലധികം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെറും 7 കപ്പലുകൾ മാത്രമാണ് സഞ്ചരിച്ചത്. ഇതിൽ ഭൂരിഭാഗവും ചൈനീസ്, ഗ്രീക്ക് ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകളാണ്. ഇറാന്റെ സായുധ സേനയുടെ പ്രത്യേക അനുമതിയോടെ തീരത്തോടു ചേർന്നുള്ള പാതയിലൂടെയാണ് ഇവ കടന്നുപോയത്. ലോകത്തിലെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിലെ തടസ്സം ആഗോള വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഗതാഗതം ഇന്നുതന്നെ സാധാരണ നിലയിലായാൽ പോലും വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏഷ്യൻ രാജ്യങ്ങളിലെ റിഫൈനറികളിൽ എണ്ണ ശേഖരം പൂർണ്ണമായും തീർന്ന അവസ്ഥയിലാണ്. ക്രൂഡ് ഓയിൽ എത്തി സംസ്കരണം പൂർത്തിയാക്കി വിപണിയിൽ എണ്ണ ലഭ്യമാകാൻ ഇനിയും സമയമെടുക്കും. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നത് ഇന്ധനവില ഇനിയും ഉയർന്ന നിലയിൽ തുടരാൻ കാരണമാകും.

Related Stories

No stories found.
Metro Australia
maustralia.com.au